ക്യാപ്റ്റന്‍ രാജു അന്തരിച്ചു

Glint staff
Mon, 17-09-2018 10:54:16 AM ;

captain-raju

പ്രമുഖ ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലായി അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

1950 ജൂണ്‍ 27-ന് കെ.ജി.ഡാനിയലിന്റെയും അന്നമ്മയുടെയും ഏഴു മക്കളില്‍ ഒരാളായി ജനനം. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ അധ്യാപകരായിരുന്നു മാതാപിതാക്കള്‍. ഓമല്ലൂര്‍ യുപി സ്‌കൂളിലും എന്‍എസ്എസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍നിന്നു സുവോളജി ബിരുദം നേടിയ രാജു, 21ാം വയസ്സില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമ്മിഷന്‍ഡ് ഓഫിസറായി ജോലിയില്‍ പ്രവേശിച്ചു.

 

1981ല്‍ പുറത്തിറങ്ങിയ 'രക്തം' ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയവേഷമിട്ടു. 2017 ല്‍ പുറത്തിറങ്ങിയ 'മാസ്റ്റര്‍പീസ്' ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. 'ഇതാ ഒരു സ്‌നേഹ ഗാഥ', 'മിസ്റ്റര്‍ പവനായി 99.99' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകന്‍.

 

 

Tags: