വരാനിരിക്കുന്ന നാളുകള്‍ സുതാര്യതയും സ്വകാര്യതയും തമ്മിലുള്ള ഏറ്റുമുട്ടലിന്റേത്

Glint Staff
Thu, 27-09-2018 07:10:06 PM ;

aadhar- privacy and transparency

ഉപാധികളോടെയാണെങ്കിലും ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഉപാധികളിലേക്ക് സുപ്രീം കോടതി പ്രവേശിച്ചത് സ്വകാര്യത മൗലികാവകാശമെന്ന നിലപാടില്‍ നിന്നുകൊണ്ടാണ്. അതിലൂടെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടുകയും ചെയ്തു. ആധാര്‍ തന്നെയാണ് സ്വകാര്യത മൗലിക അവകാശമാണെന്ന വിധിയിലേക്ക് എത്താന്‍ ഭരണഘടനാ ബെഞ്ചിനെ നയിച്ചതും. സ്വകാര്യതയും ആധാറിന്റെ സ്വഭാവവും അതിനാല്‍ ബന്ധപ്പെട്ടിരിക്കുന്നു. പുതുയുഗത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോഗമാണ് ആധാര്‍. മനുഷ്യരാശിയുടെ തുടക്കം മുതല്‍ നോക്കിയാല്‍ അവന്റെ/അവളുടെ ജീവിതത്തെയും, സംസ്‌കാരത്തെയും, വൈകാരികതയെയും, സ്വകാര്യതയെയും എല്ലാം നിയന്ത്രിച്ചത് സാങ്കേതികതയാണെന്ന് കാണാന്‍ കഴിയും. ഡിജിറ്റല്‍ സാങ്കേതികതയുടെ പ്രധാന രണ്ട് ലക്ഷണങ്ങളാണ് സ്വകാര്യതയും ശൃംഖലാസ്വഭാവവും. സുതാര്യതയുടെയും ശൃംഖലയുടെയും അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ കഴിയാത്തതാണ്. മനുഷ്യന്റെ മനസ്സിലിരിക്കുന്നതിനെ പോലും വെളിവാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധി സാങ്കേതിക വിദ്യയും രംഗപ്രവേശനം ചെയ്തുകഴിഞ്ഞു.

 

സാങ്കേതികവിദ്യ പുതുലോകത്തെ നിര്‍ണയിക്കുമ്പോള്‍ സമൂഹത്തില്‍ വ്യക്തികളുടെ ഇടപെടലും, വൈകാരികതയും, മൂല്യങ്ങളുമെല്ലാം മാറിമറിയുന്നതും പുതിയത് സ്ഥാപിതമാകുന്നതും സ്വാഭാവികമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം വരെ സ്വകാര്യതയും രഹസ്യതയും വേര്‍തിരിക്കാന്‍ കഴിയാത്തവിധം സംയുക്തമായിരുന്നു. അന്നത്തെ സാങ്കേതികവിദ്യ രഹസ്യത്തെ കൂടുതല്‍ ഭദ്രമാക്കി വക്കാന്‍ പ്രാപ്തമായിരുന്നു.  ആ സ്ഥാനത്താണ് രഹസ്യതയെ പൂര്‍ണമായും അനാവരണം ചെയ്തുകൊണ്ട് സുതാര്യത കടന്നു വന്നിരിക്കുന്നത്.

 

ഈ പശ്ചാത്തലത്തില്‍ വരാന്‍ പോകുന്ന ദിനങ്ങള്‍ ഒട്ടനവധി നിയമപോരാട്ടങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വരും. അത് മാറുന്ന കാലത്തിന്റെ ലക്ഷണങ്ങള്‍ തന്നെ. അതില്‍ ഏറ്റവും കൂടുതല്‍ നിയമ പോരാട്ടങ്ങളിലേക്ക് നയിക്കുന്നത് സുതാര്യമായ ശൃംഖലാ സ്വഭാവമുള്ള ലോകത്തില്‍ വ്യക്തിയുടെ സ്വകാര്യത എന്താണെന്ന് നിര്‍ണയിക്കുന്നത് സംബന്ധിച്ചായിരിക്കും. അത് ഉരുത്തിരിഞ്ഞ് വരേണ്ടതാണ്. ഏത് സാങ്കേതിക വിദ്യവരുമ്പോഴും അതിന്റെ വെല്ലുവിളികളുമുണ്ടാകും. ഭൗതിക ലോകത്തില്‍ ഒരുകാലത്തും ഒന്നും പൂര്‍ണമായി സുരക്ഷിതമാക്കാന്‍ പറ്റില്ല. പിരിധിയില്‍ അധിഷ്ഠിതമായ അനുമാനങ്ങളിലൂടെ മാത്രമേ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയൂ. ഒരു സോഫ്റ്റ്‌വെയറുകൊണ്ട് സുരക്ഷിതമാക്കുന്ന ഒന്നിനെ മറ്റൊരു സോഫ്റ്റ്‌വെയറുകൊണ്ട് അനാവരണം ചെയ്യാന്‍ കഴിയും. അങ്ങിനെ ചെയ്യപ്പെടുന്നിടം വരെയായിരിക്കും അതിന്റെ സുരക്ഷിതത്വം. അപ്പോള്‍ വീണ്ടും അതിനെ സുരക്ഷിതമാക്കാന്‍ അതേ സാങ്കേതിക വിദ്യയെ ആശ്രയിക്കുകയല്ലാതെ വേറെ നിവര്‍ത്തിയില്ല. 2018ലെ കേരളത്തിലെ പ്രളയം സുരക്ഷിതത്വത്തെ കുറിച്ചുള്ള ധാരണയെ സംബന്ധിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാരണം അപ്രതീക്ഷിതമായ ഒരു പ്രതിഭാസത്തെ സുരക്ഷിതത്വ നടപടികള്‍ സ്വീകരിച്ചപ്പോള്‍ കണക്കിലെടുത്തിരുന്നില്ല.

 

ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് സുതാര്യ-ശൃംഖല ലോകത്ത് വ്യക്തിക്കും സമൂഹത്തിനും ആശങ്കയില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാംസ്‌കാരിക അന്തരീക്ഷം എങ്ങനെ കെട്ടിപ്പടുക്കാം എന്നുള്ളതാണ് ഒരു സാമൂഹ്യശാസ്ത്ര വീക്ഷണത്തില്‍ ഇപ്പോള്‍ സമാന്തരമായി ആലോചിക്കപ്പെടേണ്ടത്. അവിടെയാണ് സംസ്‌കാരം നിയമത്തിനേക്കാളും മുകളില്‍ ആവശ്യമായി വരുന്നത്. ആ ഘടകത്തെ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് നിയമസംവിധാനത്തെ മാത്രമാശ്രയിക്കുന്ന സംസ്‌കാരത്തിലേക്ക് മാറുന്ന സമൂഹത്തില്‍ സംഘട്ടനങ്ങളും അരാചകത്വവും വര്‍ദ്ധിക്കും. അതോടൊപ്പം മാറുന്ന സാങ്കേതികവിദ്യയുടെ സര്‍ഗ്ഗശേഷി വിനിയോഗിക്കുന്നതിന് പകരം അതിന്റെ സംഹാരശേഷി അനുഭവിക്കാനായിരിക്കും അങ്ങനെയുള്ള സമൂഹം വിധിക്കപ്പെടുക.

 

Tags: