ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതിയുടേത് അജ്ഞതയില്‍ നിന്നുണ്ടായ വിധി

Glint Staff
Fri, 28-09-2018 04:26:32 PM ;

sabarimala, supreme court

ആര്‍ത്തവ കാലത്തും സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്നുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി തികഞ്ഞ അജ്ഞതയില്‍ നിന്നുള്ളതാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമല്ല ശബരിമല എന്ന് സുപ്രീം കോടതി പ്രസ്താവിച്ചിരിക്കുന്നു. ഭൂമിയിലുള്ള എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ശബരിമല സന്നിധാനം. ശബരിമല ക്ഷേത്രം എന്ന പ്രയോഗം പോലും ശരിയല്ല. ലോകത്തുള്ള മറ്റെല്ലാ ക്ഷേത്രങ്ങളിലും ആളുകള്‍ പോകുന്നത് ഭക്തരായി ദേവതയെ ആരാധിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ശബരിമലയില്‍ പോകുന്നവര്‍ ദേവതയായി തന്നെയാണ് മലചവിട്ടി പതിനെട്ടാം പടി കയറുന്നത്. അതുകൊണ്ടാണ് ശബരിമല ദര്‍ശനത്തിന് വ്രതമെടുക്കുന്ന നാള്‍ മുതല്‍ ആ വ്യക്തി സ്വാമിയായി അറിയപ്പെടുന്നത്. അയ്യപ്പ ഭക്തര്‍ എന്നുള്ള പ്രയോഗം തെറ്റ്, സാക്ഷാല്‍ അയ്യപ്പനായിട്ട് തന്നെയാണ് സന്നിധാനത്തേക്ക് മല ചവിട്ടേണ്ടത്.

 

സുപ്രീം കോടതിയുടെ വിധി ജനായത്ത സംവിധാനത്തില്‍ അന്തിമവുമാണ്, അത് സ്വീകരിക്കേണ്ടതുമാണ്. ഭാവിയില്‍ ബോധം തെളിയുമ്പോള്‍ ഈ വിധി തിരുത്തപ്പെടുക തന്നെ ചെയ്യും. അത് സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ടുമാകില്ല. ഇവിടെ നിരോധനത്തിന്റെ വിഷയവും ഉദിക്കുന്നില്ല. ഇത് തികച്ചും വ്യക്തിഗതമാണ്. ആന്തരിക ചൈതന്യത്തെ അന്വേഷിച്ച് കണ്ടെത്തി അതാണ് താനെന്ന് അറിയുവാനുള്ള ഒരു മാര്‍ഗം മാത്രമാണ് ക്ഷേത്രം. അല്ലാതെ ക്ഷേത്രത്തില്‍ ദൈവമിരിപ്പില്ല. ഏക ദൈവ സിദ്ധാന്തത്തില്‍ അടിസ്ഥിതമാണ് ഭാരതീയ ദര്‍ശനം. ആ ദര്‍ശനത്തെ വ്യക്തിഗതമായ വാസനാ വൈഭവങ്ങളനുസരിച്ച് അറിയുവാനുള്ള വഴിമാത്രമാണ് ക്ഷേത്രം. അതില്‍ വെച്ച്, അന്വേഷകനെ ആത്യന്തിക സത്യത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ക്ഷേത്ര സങ്കല്‍പ്പ ശൃംഗത്തിലെ ഉപാധിയാണ് ശബരിമല സന്നിധാനം. അതുകൊണ്ടാണ് വ്രതാനുഷ്ഠാനങ്ങളെല്ലാമെടുത്ത് മലകയറി ചെല്ലുമ്പോള്‍ അത് നീയാണ് എന്ന് സംസ്‌കൃതത്തില്‍ (തത്ത്വമസി) എഴുതി വച്ചിരിക്കുന്നത്.

 

എന്തുകൊണ്ട് ആര്‍ത്തവ കാലത്തുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് അശാസ്ത്രീയമാകുന്നു? വസ്തു രൂപത്തിലുള്ള ആണും പെണ്ണുമുള്‍പ്പെടെ സകല ചരാചരങ്ങളും പ്രകൃതിയാണ്. അതാണ് ഭാരതത്തില്‍ സ്ത്രീ. പ്രകൃതിയെ കുറിച്ചുള്ള ബോധമാണ് പുരുഷന്‍. ഈ ബോധം ഉറുമ്പിലും, പട്ടിയിലും, പൂച്ചയിലും, ആണിലും, പെണ്ണിലും എല്ലാം ഒന്ന് തന്നെ. ആ അറിവിന്റെ അനുഭൂതിയിലേക്കെത്തുന്നതാണ് തത്ത്വമസി. അതുകൊണ്ട് ശബരിമല കയറുന്നത് മറ്റ് ക്ഷേത്രങ്ങളില്‍ പോകുന്നത് പോലെയല്ല. കാരണം അതൊരു ആത്യന്തിക സത്യാനുഭൂതിയിലേക്കുള്ള യാത്രയാണ്. അതിന് തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. പ്രകൃതിയിലെ വിഷയങ്ങളിലേക്ക് സഞ്ചരിക്കുന്ന ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് വലിച്ച് കണ്ണിന്റെ കാഴ്ചയെ ഉള്ളിലേക്ക് കേന്ദ്രീകരിക്കുന്ന 41 ദിവസത്തെ വ്രതമാണ് നിഷ്ട. 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ ഇന്ദ്രീയങ്ങള്‍ പുറത്തേക്ക് തുറക്കും; തുറക്കണം. ആ നേരം ഇന്ദ്രീയങ്ങളെ ഉള്‍വലിച്ചാല്‍ അത് വ്യക്തിയുടെ മനസ്സിനെയും ശരീരത്തെയും സംഘട്ടനത്തില്‍ ഏര്‍പ്പെടുത്തും. ഇത് വ്യക്തിയെ അജ്ഞതയിലേക്ക് തള്ളിയിടുമെന്ന് മാത്രമല്ല സംഘര്‍ഷത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. സംഘര്‍ഷത്തിലെത്തുന്ന വ്യക്തിയുടെ ബോധം തിരിഞ്ഞ് മറിയും ഇതുകൊണ്ടാണ് ആര്‍ത്തവ കാലത്തുള്ള സ്ത്രീകള്‍ മല ചവിട്ടുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന ആചാരം ഉടലെടുത്തത്. ഇത് സൂക്ഷ്മമായ  ശാസ്ത്ര ദര്‍ശനമാണ്. മൂത്ര വിസര്‍ജനത്തിന്റെ കാര്യമോര്‍ത്താല്‍ മാത്രം മതി മനസ്സും ശരീരവും തമ്മിലുള്ള വിനിമയ ബന്ധം മനസ്സിലാക്കാന്‍.

 

ഭൂരിപക്ഷ ബെഞ്ചിനോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ ആചാരങ്ങളെ യുക്തി ഇല്ലായ്മയായി പറയുന്നുണ്ട്. ഇന്ത്യയിലെ ആചാരങ്ങളെല്ലാം തന്നെ പ്രതീകാത്മകമാണ്. ആ പ്രതീക ഭാഷ പാശ്ചാത്യ പ്രമാണബോധത്തില്‍ മനസ്സിലാകുന്നതല്ല. സുപ്രീം കോടതിയുടെ ഈ വിധി പാശ്ചാത്യപ്രമാണത്തില്‍ നിന്നുകൊണ്ട് പൗരസ്ത്യപ്രമേയത്തെ നോക്കിയതില്‍ പറ്റിയ അബദ്ധമാണ്. ചരിത്രത്തില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുക സ്വാഭാവികവും.  ആങ്ങനെയുള്ള അബദ്ധങ്ങളില്‍ നിന്നുണ്ടായ നിയമങ്ങളില്‍ ചിലതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതി തിരുത്തിയത്.

 

Tags: