ശബരിമല വിധി: ഇടതുപക്ഷത്തിന്റെ പ്രതിരോധ നീക്കം പ്രകോപനത്തിലേക്ക് നയിക്കും

Glint Staff
Sat, 13-10-2018 06:39:43 PM ;

sabarimla-protest

ശബരിമല വിഷയത്തില്‍ നാടൊട്ടാകെ അലയടിക്കുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എമ്മും ഇടതുപക്ഷവും തീരുമാനിച്ചിരിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് എന്ന വിലയിരുത്തലിലാണ് സി.പി.എം നീക്കം. പ്രധാനമായും ബി.ജെ.പിയെ പ്രതിരോധിക്കുകയാണ് ലക്ഷ്യം എന്ന് വ്യക്തം. ഇതിലൂടെ വീണ്ടും ശബരിമല വിഷയത്തില്‍  സി.പി.എമ്മും സര്‍ക്കാരും വീഴ്ച ആവര്‍ത്തിക്കുകയാണ്. വിഷയത്തിന്റെ ആഴം ഇതുവരെ സര്‍ക്കാരോ ഇടതുമുന്നണിയോ മനസ്സിലാക്കിയിട്ടില്ല എന്നുവേണം അനുമാനിക്കാന്‍.

 

ശബരിമല വിധി വന്നതിന് പിന്നാലെ മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും അഴകൊഴമ്പന്‍ നിലപാടാണ് എടുത്തത്. മാധ്യമങ്ങള്‍ അതിനെ വിപ്ലവ വിധിയെന്ന് വിശേഷിപ്പിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും അന്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും നിലപാടുകള്‍ കടുപ്പിച്ച് തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായി. ആദ്യം ഉള്‍പേജുകളിലും പ്രാദേശിക വാര്‍ത്തകളിലും ഒതുങ്ങി നിന്ന പ്രതിഷേധ വാര്‍ത്തകള്‍ മുന്‍ പേജുകളിലും പ്രധാനവാര്‍ത്തകളിലേക്കും ഇടം പിടിച്ചു. വിശ്വാസികളുടെ പ്രതിഷേധത്തിന്റെ വ്യാപ്തിയുടെ പ്രതിഫലനങ്ങളാണ് അവ.

 

ശബരിമല വിഷയത്തില്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നതില്‍ ഭൂരിഭാഗം ആളുകളും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് കീഴിലും പ്രവര്‍ത്തിക്കുന്നവര്‍ അല്ല. തങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ മുന്നിട്ടിറങ്ങിയിരിക്കുന്നവരാണ് അവര്‍. എന്നാല്‍ അണിയറയില്‍ എന്‍.എസ്.എസ്സിനെ പോലുള്ള ചില സാമുദായിക സംഘടനകളുടെ സാന്നിധ്യമുണ്ട് താനും. ഇതുവരെ നടന്ന നാമജപ യാത്രകളില്‍ ഒരു അനിഷ്ട സംഭവം പോലും ഉണ്ടായിച്ചില്ല. ഒരു പക്ഷേ ഇത്രയധികം പങ്കാളിത്തം ഉണ്ടായിട്ടും ഇതുപോലെ സമാധാനപരമായി അരങ്ങേറുന്ന ഒരു സമരം കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അതും വിശ്വാസികളെ വൈകാരികമായി ബാധിച്ച ഒരു പ്രശ്‌നമാണ് എന്ന് കൂടി ഓര്‍ക്കണം. ഇതിനിടയില്‍ ഒരുവശത്ത് ബി.ജെ.പി പ്രത്യക്ഷസമരം നടത്തി തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. എന്നാല്‍ അവരുടെ പ്രതിഷേധത്തിലേക്കാള്‍ എത്രയോ മടങ്ങ് ആളുകളാണ് നാമജപ ഘോഷയാത്രകളില്‍ പങ്കാളികളാകുന്നത്.

 

ഈ സാഹചര്യത്തില്‍ എല്ലാ പ്രതിഷേധങ്ങളും സര്‍ക്കാരിന് എതിരെയാണ് എന്ന ഭയപ്പാടോടെ പ്രതിരോധം തീര്‍ക്കാനായി ഇറങ്ങുമ്പോള്‍ രാഷ്ട്രീയ നേട്ടം കൈവരിക്കുന്നത് ബി.ജെ.പി തന്നെയാണ്. കാരണം നിലവില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാമജപ ഘോഷയാത്രകള്‍ക്കും മറ്റ് പ്രതിഷേധങ്ങള്‍ക്കും പ്രത്യക്ഷത്തില്‍ ഒരു നാഥനില്ല. എന്നാല്‍ സി.പി.എമ്മും ഇടതുപക്ഷവും ഇതിനെ ചിത്രീകരിക്കുന്നത് ബി.ജെ.പി ആര്‍.എസ്.എസ് അജണ്ടയായിട്ടാണ്. അതിലൂടെ അവര്‍ തന്നെ ബി.ജെ.പിക്ക് നായകത്വസ്ഥാനം കല്‍പ്പിച്ചുനല്‍കുന്നു. ഇനി നടക്കാന്‍ പോകുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലും അതേ തരത്തിലുള്ള വിമര്‍ശനങ്ങളും മറ്റുമാണ് ഉയരുക. അത് രാഷ്ട്രീയ ലക്ഷ്യമേതുമില്ലാതെ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നവരെ കൂടുല്‍ വൈകാരികമായി പ്രകോപിതരാക്കും. തീര്‍ത്തും ധ്രുവീകരത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും.അതിന്റെ ഫലമായി പ്രതിഷേധങ്ങള്‍ അക്രമാസക്തമാകാനാണ് കൂടുതല്‍ സാധ്യത. ആ അവസരത്തെ വിനിയോഗിക്കാനായി കാത്തുനില്‍ക്കുന്ന തീവ്ര ചിന്താഗതിക്കാര്‍ ഉള്ള സാഹചര്യത്തില്‍ നാട്ടില്‍ കലാപം അരങ്ങേറും.

 

 

Tags: