ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്; സുപ്രീം കോടതി വിധി നടപ്പാക്കും: മുഖ്യമന്ത്രി

Glint Staff
Tue, 23-10-2018 01:03:22 PM ;

pinarayi-vijayan

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും ഏതെങ്കിലും ശക്തി അതിന് ശ്രമിക്കുന്നുണ്ടെങ്കില്‍ ആ വ്യാമോഹം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നട തുറക്കുന്നതിന് മുന്‍പ് തന്നെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. പ്രതിഷേധത്തിന്റെ പേരില്‍ ഭക്തരെ അക്രമിക്കുന്ന സ്ഥിതിയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പോലും അക്രമമുണ്ടായി. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും എല്ലാ വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ കയറാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോടതിവിധി എന്തായാലും അതു നടപ്പിലാക്കും എന്നാണ് സര്‍ക്കാര്‍ നയം. അതു കോടതിയില്‍ ബോധിപ്പിച്ചതാണ്. ഇതു സര്‍ക്കാരിന്റെ പ്രത്യേക നിലപാടല്ല. ഏതു സര്‍ക്കാരായാലും കോടതിവിധി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അതാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി. സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിയും പരിമകര്‍മ്മികളും നടത്തിയ ശ്രമം അംഗീകരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു.

 

 

Tags: