കോണ്‍ഗ്രസിന്റെ അവസരവും ഗതികേടും ഒന്ന്

Glint Staff
Sat, 03-11-2018 04:25:45 PM ;

ശക്തമായ ഒരു നേതൃത്വമുണ്ടായിരുന്നു എങ്കില്‍ കോണ്‍ഗ്രസിന് വരുന്ന പൊതുതിരഞ്ഞെടുപ്പ് അവസരമാകുമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ അപര്യാപ്തതയില്‍ വരുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുടെ പുനരാവിഷ്‌കരണം തെളിഞ്ഞ് വരുന്നു. പ്രതിപക്ഷ ഐക്യം സാധ്യമാകാത്തതാണ് ഭരണമുന്നണിക്ക് അനുകൂലമാകുന്നത്. ഇപ്പോള്‍ തെലുങ്ക് ദേശം നേതാവ് ചന്ദ്രബാബു നായിഡു ശ്രദ്ധാകേന്ദ്രമായിരിക്കുന്നു. പ്രാദേശിക പാര്‍ട്ടി നേതാവായ അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ് തന്നെ പൊതു തിരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തെ കുറിച്ചിട്ടുള്ള കണക്ക്കൂട്ടലാണ്. രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമാകുമ്പോള്‍ അതിന്റെ പ്രയോജനം കൂടുതല്‍ കൊയ്യുന്നത് പ്രാദേശിക പാര്‍ട്ടികളും അതിന്റെ നേതാക്കളുമായിരിക്കും. പ്രതിപക്ഷത്ത് നിന്ന് പൊതുസമ്മതനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് ഒട്ടേറെ പ്രാദേശിക നേതാക്കളുടെ മനസ്സില്‍ പ്രധാനമന്ത്രി സ്വപ്‌നവും വിതച്ചിട്ടുണ്ട്.

 

കേണ്‍ഗ്രസിനാണ് പ്രതിപക്ഷത്തിന്റെ നേതൃത്വം വഹിക്കാന്‍ ഏറ്റവും യോഗ്യതയും സാധ്യതയുമുള്ളത് എന്നാല്‍ വ്യത്യസ്ത താല്‍പര്യങ്ങളെ മാറ്റി നിര്‍ത്തി ഒരു പൊതുമിനിമം പരിപാടി രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ കഴിയുന്നില്ല. മമതാ ബാനര്‍ജിയെയും സി.പി.എമ്മിനെയും അതുപോലുള്ള പ്രാദേശിക പാര്‍ട്ടികളെയും ഒരു മിനിമം പരിപാടിയുടെ കുടക്കീഴില്‍ കൊണ്ട് വരാനുള്ള നേതൃത്വപരമായ ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രകടമായിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ഏത് ജനവിഭാഗത്തെയാണ് തങ്ങള്‍ അഭിസംബോധന ചെയ്യേണ്ടത് എന്നുപോലും കോണ്‍ഗ്രസിന് തിരിച്ചറിവുണ്ടായിട്ടുമില്ല.

 

മാധ്യമ സ്വാധീനമുള്ള നഗര കേന്ദ്രീകൃതമായ ഇടങ്ങളിലാണ് ബി.ജെ.പിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ വിലപ്പോവുക. റഫാല്‍ അഴിമതി ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസിനോ രാഹുല്‍ ഗാന്ധിക്കോ ശക്തിയുക്തം ബി.ജെ.പിയുടെ സമീപനത്തെ തുറന്ന് കാട്ടാന്‍ കഴിയുന്നില്ല. അതേ സമയം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട ചന്ദ്രബാബു നായിഡു ആകട്ടെ ബി.ജെ.പിയുടെ അഴിമതിയെ സംക്ഷിപ്തമായി അവതരിപ്പിക്കുകയുണ്ടായി. ജനായത്ത സ്ഥാപനങ്ങളെയെല്ലാം തന്നെ ബി.ജെ.പി ക്രമാനുഗതമായി തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നുള്ള ഒരു സിദ്ധാന്തമാണ് സംക്ഷിപ്തമായി ചന്ദ്രബാബു നായിഡു അവതരിപ്പിച്ചത്. സി.ബി.ഐ, ആര്‍.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉദാഹരണമാക്കിക്കൊണ്ട്.

 

ഇത്തരത്തില്‍ റഫാലിനെ മുന്‍നിര്‍ത്തി അഴിമതിയെ കേന്ദ്ര ബിന്ദുവാക്കി ജനങ്ങളുമായി സംവദിക്കുന്നതിന് രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ല. അതേ സമയം ബി.ജെ.പിയാകട്ടെ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ തങ്ങള്‍ ആരെയാണ് മുഖ്യമായും അഭിസംബോധന ചെയ്യേണ്ടതെന്നുള്ള വ്യക്തത കൈവരിച്ചിരിച്ചിട്ടുണ്ട്. ഇടത്തരക്കാര്‍ മുതല്‍ താഴേയ്ക്കുള്ള പാവപ്പെട്ടവരാകുന്ന ഭൂരിപക്ഷത്തെയാണ് ഇക്കുറി ബി.ജെ.പിയും എന്‍.ഡി.എയും അഭിസംബോധന ചെയ്യുന്നത്. അത് മുന്‍ നിര്‍ത്തിക്കൊണ്ടുള്ള പദ്ധതികള്‍ പലതും അവര്‍ വളരെ മുന്നെ തന്നെ ആവിഷ്‌കരിച്ച് തുടങ്ങുകയും ചെയ്തു. നഗര സമൂഹത്തെയും മധ്യവര്‍ഗ സമൂഹത്തെയും ഇക്കുറി മുമ്പത്തെപ്പോലെ തങ്ങള്‍ക്ക് പ്രതീക്ഷിക്കാനാവില്ലെന്നുള്ള തിരിച്ചറിവ് അവര്‍ക്ക് വന്നിട്ടുണ്ട്. റഫാല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ ആക്രമണം ശക്തം തന്നെ. എന്നാല്‍ ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ പ്രതീക്ഷ ഉണര്‍ത്താന്‍ ഒരു മുദ്രാവാക്യം കൊണ്ടുപോലും കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വമാണെങ്കില്‍ മുമ്പുള്ളതിനേക്കാള്‍ പരിതാപകരമായ അവസ്ഥയിലുമാണ്.

 

ഈ രാഷ്ട്രീയ സാഹചര്യങ്ങളാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ സംജാതമാക്കാന്‍ പോകുന്നതും, പ്രാദേശിക പാര്‍ട്ടികള്‍ ആ അവസരം പ്രയോജനപ്പെടുത്താന്‍ പോകുന്നതും.

 

Tags: