എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

Glint Staff
Wed, 21-11-2018 12:27:39 PM ;

M-I-Shanavas

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു.

 

മൃതദേഹം ഇന്ന് കൊച്ചിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് എറണാകുളം തൊട്ടത്തുംപടി പള്ളിയില്‍ നടക്കും.

 

പ്രശസ്ത അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് ജനനിച്ച അദ്ദേഹം കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ.പി.സി.സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

 

1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്‌സഭമണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടിട്ടു. ശേഷം 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി ഷാനവാസ് വിജയിച്ചു. 2014ലെ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു.

 

ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെ.എം.ആര്‍.എല്‍.).തെസ്‌ന.

 

 

 

 

 

 

Tags: