ശബരിമലയിലെ സ്ഥിതി പരിതാപകരം; കൂട്ടത്തോടെ മലകയറുന്നതും ശരണം വിളിക്കുന്നതും തടയരുത്: ഹൈക്കോടതി

Glint Staff
Wed, 21-11-2018 06:30:49 PM ;

 Kerala-High-Court

ശബരിമലയിലെ നിലവിലെ സാഹചര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറലിനെതിരെയും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കോടതി ശക്തമായി വമര്‍ശനങ്ങള്‍ ഉയര്‍ത്തി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്ന് എ,ജിയോട് ഹൈക്കോടതി ചോദിച്ചു. ശബരിലയിലെ സ്ഥിതി പരിതാപകരമാണെന്നും കോടതി നിരീക്ഷിച്ച കോടതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ 10 ദിവസത്തിന് ശേഷം പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.

 

ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് എജിയും ഐജി വിജയ് സാക്കറെയും ഇന്ന് കോടതിയിലെത്തി വിശദീകരണം നല്‍കി. ശബരിമലയില്‍ ചുമതലയുള്ള ഐ.ജിക്കും എസ്പിക്കും മലയാളം അറിയാമോ എന്നും ചോദിച്ച കോടതി മലയാളം അറിയാമെങ്കില്‍ എന്തുകൊണ്ട് ശരണമന്ത്രങ്ങള്‍ ഇവര്‍ കുറ്റമായി കാണുന്നുവെന്നും ചോദിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്ന അയ്യപ്പന്മാര്‍ ദര്‍ശനത്തിന് കാത്തുനില്‍ക്കാതെ തിരികെപ്പോകുന്നതെന്തുകൊണ്ടാണ്, മുംബൈയില്‍ നിന്ന് എത്തിയ 130 ഓളം വരുന്ന തീര്‍ഥാടകര്‍ സംഘര്‍ഷസാധ്യതയും നിയന്ത്രണങ്ങളും കണക്കിലെടുത്ത് തിരികെപ്പോകുന്ന സാഹചര്യമുണ്ടായി. ഇതില്‍ സര്‍ക്കാരിനും പ്രതിഷേധക്കാര്‍ക്കും ഉത്തരവാദിത്വമുണ്ട്. കോടിതി നിരീക്ഷിച്ചു.

 

സര്‍ക്കാര്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിക്കേണ്ടതില്ല. തീവ്രസ്വഭാവമുള്ളവരുടെ നുഴഞ്ഞുകയറ്റം തടയാന്‍ പോലീസിന് നടപടിയെടുക്കാം. എന്നാല്‍ യഥാര്‍ത്ഥ ഭക്തരുടെ തീര്‍ഥാടനത്തിനു തടസം സൃഷ്ടിക്കരുത്. ശരണം വിളിക്കുന്നത് പൊലീസ് തടയാനും പാടില്ല. എന്നാല്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോലീസിന് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

 

അതേ സമയം ഹര്‍ജിക്കാരനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. സര്‍ക്കാര്‍ കോടതിയില്‍ രേഖയായി സമര്‍പ്പിച്ച ബി.ജെ.പി സര്‍ക്കുലര്‍ എടുത്തു കാണിച്ചാണു ഹര്‍ജിക്കാരനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയില്‍ എത്തേണ്ടവര്‍ക്കു പ്രത്യേക പരിശീലനം നല്‍കുമെന്നു സര്‍ക്കുലറില്‍ പറയുന്നത് എന്താണ് എന്നു ചോദിച്ച കോടതി കൊണ്ടുവരേണ്ട സാധന സാമഗ്രികള്‍ എന്തൊക്കെയാണെന്നും എറിയാനുള്ള തേങ്ങയാണോ എന്നും അതു പരിശോധിക്കാന്‍ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും ചോദിച്ചു.

 

Tags: