യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അത് ഗുരുതര വീഴ്ച

Glint Staff
Thu, 22-11-2018 06:44:30 PM ;

Yathish chandra, Pon Radhakrishnan

ശബരിമലയില്‍ ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്രക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഇല്ലെങ്കില്‍ അത് വിനാശകരമായ കീഴ്വഴക്കങ്ങള്‍ തുടങ്ങി വയ്ക്കും. ജനായത്ത സംവിധാനത്തില്‍ ഒട്ടേറെ ജീര്‍ണതകളും അനഭിലഷണീയമായ രീതികളും ക്രിമിനല്‍ വല്‍ക്കരണവും ഒക്കെ നടമാടുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനായത്ത സംവിധാനം അതിനെയെല്ലാം അതിജീവിച്ച്, സാങ്കേതികത്വത്തിന്റെ ശക്തിയിലാണെങ്കിലും ജീവസ്സുറ്റ് നില്‍ക്കുകയാണ്. അതിന്റെ മഹിമ അറിയണമെങ്കില്‍ ഇന്ത്യക്ക് പരിസരത്തുള്ള രാജ്യങ്ങളിലേക്ക് ഒരു നിമിഷം കണ്ണോടിച്ചാല്‍ മതിയാകും.

 

ഏത് രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും അവര്‍ പൊതുപ്രവര്‍ത്തകരാണ്. എന്തെല്ലാം അപചയങ്ങളുണ്ടെങ്കിലും ഈ പ്രവര്‍ത്തകരിലൂടെയാണ് ഇന്ത്യന്‍ ജനായത്ത സംവിധാനം സഞ്ചരിക്കുന്നത്. ആ ജനായത്ത സംവിധാനത്തില്‍ ജനപ്രതിനിധികള്‍ ജനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതൊരു കേന്ദ്രമന്ത്രിയാകുമ്പോള്‍ ആ പ്രാതിനിത്യ സ്വഭാവത്തിന്റെ വ്യാപ്തി  വര്‍ദ്ധിക്കുന്നു. മന്ത്രിപദം എങ്ങിനെയുള്ള വ്യക്തി അലങ്കരിക്കുന്നു എന്നുള്ളത് ഇവിടെ വിഷയമേ അല്ല. ജനങ്ങള്‍ ഏല്‍പ്പിച്ച അധികാരം ജനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കാന്‍ നിയുക്തരാക്കപ്പെട്ടവരാണവര്‍. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കേന്ദമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി യതീഷ് ചന്ദ്ര നടത്തിയ വാക്കുതര്‍ക്കം ജനായത്ത സംവിധാനത്തില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ച് നിലവിലുള്ള അവസ്ഥയെയും തന്റെ അധികാര പരിധിയെ കുറിച്ചും എവിടെയും പറയാവുന്നതാണ്. ആ അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ട്, ഏത് സ്ഥാനം വഹിക്കുന്ന വ്യക്തിയാണെങ്കിലും നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ നടത്തുകയാണെങ്കില്‍  നടപടിയെടുക്കാന്‍ ആ ഉദ്യോഗസ്ഥന്  അവകാശമുണ്ട്. അവിടെയും ജനായത്തത്തിന്റെ വെളിച്ചത്തിലാണ് നമ്മുടെ നിയമസംവിധാനം ആ അധികാരം ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്.

 

ഗതാഗതക്കുരുക്കുണ്ടായാല്‍ താങ്കള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന് യതീഷ് ചന്ദ്ര ഇന്ത്യാ മഹാരാജ്യത്തെ ഒരു കേന്ദ്രമന്ത്രിയോടാണ് ധാര്‍ഷ്ട്യത്തിന്റെ ശരീരഭാഷയില്‍ ചോദിച്ചത്. ഇത് ഇന്ത്യന്‍ ഭരണഘടനയെ പരോക്ഷമായി വെല്ലുവിളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. യതീഷ് ചന്ദ്രക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഭാവിയില്‍ അത് കീഴ്വവഴക്കമാകുമെന്ന് മാത്രമല്ല ചില സിനിമാ പ്രചോദനങ്ങളിലൂടെ പലരിലേക്കും പടരുകയും ചെയ്യും. വ്യക്തികളുടെ കേമത്തരമോ പത്രാസോ കാണിക്കാനുള്ള അവസരമല്ല കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള മാര്‍ഗമായിട്ടാണ് ജനായത്ത സംവിധാനത്തില്‍ അധികാരം വിവക്ഷിക്കപ്പെട്ടിട്ടുള്ളത്. മന്ത്രിയോട് ധിക്കാരപരമായി ഒരു ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത് അധികാര ദുര്‍വിനിയോഗത്തേക്കാള്‍ ഗൗരവമേറിയ കാര്യമാണ്.

 

യതീഷ് ചന്ദ്രയെ ശബരിമലയില്‍ നിയോഗിക്കാനുള്ള യോഗ്യതയായി സംസ്ഥാന ആഭ്യന്തരവകുപ്പ് കണ്ടത് അദ്ദേഹത്തിന്റെ ഇവ്വിധമുള്ള സ്വഭാവമായിരിക്കാം. ബുധനാഴ്ച കേരള ഹൈക്കോടതിയും അത് ചൂണ്ടിക്കാട്ടുകയുണ്ടായി. ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരാണോ ശബരിമലയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. സാധാരണ പോലീസുകാരുടെ കൈയിലുള്ളതിനേക്കാള്‍ വലുപ്പം കൂടിയ, ഇടത്തരം ഉലക്കയെ അനുസ്മരിപ്പിക്കുന്ന ലാത്തിയാണ് യതീഷ് ചന്ദ്ര ജനങ്ങളെ നേരിടാന്‍ ഉപയോഗിക്കുന്നത്. ഈ ലാത്തികൊണ്ട് വൈപ്പിനിലും അങ്കമാലിയിലുമൊക്കെ കൃശഗാത്രരും ആയുധരഹിതരുമായ ആളുകളെ നിര്‍ദയം മര്‍ദ്ദിക്കുന്നത് കേരള ജനത കണ്ടിട്ടുള്ളതാണ്. നാല് വയസ്സുള്ള ഒരു കുട്ടിപോലും മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഉറക്കെ ഈ പോലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദന സ്വഭാവത്തെപ്പറ്റി വിളിച്ചറിയിച്ചിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ യതീഷ് ചന്ദ്രയെ ശബരിമലയില്‍ നിന്ന് പിന്‍വലിക്കേണ്ടതും അദ്ദേഹത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.

 

Tags: