ഇത് പ്രതീക്ഷ നശിച്ച ജനത്തിന്റെ പ്രതികരണം

Glint Staff
Tue, 11-12-2018 07:14:33 PM ;

 modi-rahul

ഹിന്ദി ബെല്‍റ്റിലെ ഈ തിരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനുള്ള വോട്ടല്ല. മറിച്ച് ബി.ജെ.പിക്കെതിരെയുള്ള പ്രതിഷേധമാണ്. തങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞതിലുള്ള ജനങ്ങളുടെ അമര്‍ഷം. 2014ല്‍ ഇതുപോലൊരു ഗതികേടിലാണ് ഇന്ത്യന്‍ ജനത, ബി.ജെ.പി പോലും പ്രതീക്ഷിക്കാത്തത്ര ഭൂരിപക്ഷത്തില്‍ ഒരു സുസ്ഥിര സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. മാറ്റത്തിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും ദിനങ്ങള്‍ വരുമെന്ന് വോട്ടര്‍മാര്‍ വിശ്വസിച്ചു. വളരെ ക്ഷമയോടെ ആ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുന്നതിനുവേണ്ടി ഇന്ത്യന്‍ ജനത എന്‍.ഡി.എ സര്‍ക്കാരിന് സാവകാശം നല്‍കുകയും ചെയ്തു. അതിന്റെ തെളിവാണ് പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തുടര്‍ച്ചയായ വിജയം നേടിയത്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമാകട്ടെ ബി.ജെ.പിക്ക് വന്‍ അപ്രമാധിത്വവും നേടിക്കൊടുത്തു. 

 

 

വീണ്ടും പ്രതീക്ഷകളോടെ ജനം കാത്തിരുന്നു. മേക്ക് ഇന്‍ ഇന്ത്യയും, ഡിജിറ്റല്‍ ഇന്ത്യയും പോലുള്ള പദ്ധതികള്‍ തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് ജനം ധരിച്ചു. നോട്ട്‌നിരോധനം എന്ന ഇരുട്ടടിയെപ്പോലും ജനം കയ്പ് കടിച്ചിറക്കിക്കൊണ്ട് തുടക്കത്തില്‍ സ്വാഗതം ചെയ്തു. ദുരിതമനുഭവിച്ചതില്‍ അവര്‍ പരാതിപ്പെട്ടില്ല. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കാര്യമായി കുറഞ്ഞപ്പോഴും ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയര്‍ന്നുകൊണ്ടേയിരുന്നു. അതില്‍ നിന്ന് സര്‍ക്കാരിന് കിട്ടുന്ന വരുമാനം ഇന്ത്യയില്‍ മാന്ത്രികമാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷ ജനങ്ങളെ അപ്പോഴും വിലക്കയറ്റം സഹിക്കാന്‍ പ്രേരിപ്പിച്ചു. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ പൂട്ടിക്കെട്ടി. ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന കര്‍ഷകന്റെ ഗതികേടും ആത്മഹത്യയും മാറ്റമില്ലാതെ തുടര്‍ന്നു. 

 

 

ഗുജറാത്ത് മോഡല്‍ വികസനം മുന്നില്‍ വച്ചായിരുന്നു നരേന്ദ്ര മോഡി ഇന്ത്യന്‍ ജനതയ്ക്ക് പ്രതീക്ഷയുടെ സ്വപ്‌നം നല്‍കിയത്. എന്നാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നതോടെ അവിടെ പിടിച്ചുനില്‍ക്കാന്‍ മോഡിക്കും ബി.ജെ.പിക്കും നല്ലപോലെ കഷ്ടപ്പെടേണ്ടി വന്നു. അപ്പോഴും  കോണ്‍ഗ്രസിന്റെ നേതൃത്വരാഹിത്യവും കഴിവുകേടുമാണ് ബി.ജെ.പിക്ക് തുണയായത്.  എന്നാല്‍ കര്‍ണാടക തിരഞ്ഞെടുപ്പ് വന്നപ്പോഴേക്കും പ്രഖ്യാപിക്കപ്പെട്ടത് ഇനി പ്രതീക്ഷകള്‍ വിലപ്പോവില്ല എന്നാണ്. ജനങ്ങള്‍ നിരാശരാണെന്ന് വെളിവാക്കുന്നതായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം. ഈ നിരാശയാണ് ഇപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമൊക്കെ ജനം വോട്ടിലൂടെ പ്രകടമാക്കിയിരിക്കുന്നത്. 

 

കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ബി.ജെ.പിക്ക് ബദലായിട്ടുള്ള ഒരു പ്രതീക്ഷയോ ഒരു പദ്ധതിയോ ഇപ്പോഴും മുന്നോട്ട് വക്കാന്‍ കഴിയുന്നില്ല. പ്രതിപക്ഷ നേതാക്കള്‍ പ്രതീക്ഷ വക്കുന്നത് നിരാശയിലാണ്. നിരാശയില്‍ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത ബി.ജെ.പിയെ അധികാര ഭ്രഷ്ടമാക്കുമെന്ന് അവര്‍ കരുതുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തെ മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യമുണ്ടാക്കാം എന്നാണ് സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കള്‍ പോലും ഇപ്പോള്‍ പറയുന്നത്. കഴിഞ്ഞ പോതുതിരഞ്ഞെടുപ്പില്‍ ജനങ്ങളെ ബൂത്തിലേക്കെത്തിച്ചത് പ്രതീക്ഷയായിരുന്നെങ്കില്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ നിരാശയാണ് ജനങ്ങളെ ബൂത്തിലേക്കെത്തിക്കുക എന്നതാണ് ഈ ഫലങ്ങള്‍ പ്രകടമാക്കുന്നത്. ആ നിരാശയില്‍ നിന്ന് സമീപകാലത്തെങ്ങും ജനം മോചിതരാകില്ല എന്നുള്ള യാഥാര്‍ത്ഥ്യവും തിരിച്ചറിയേണ്ടതുണ്ട് കാരണം. നിരാശപൂണ്ട ജനതയ്ക്ക് പ്രതീക്ഷനല്‍കാനായി  ഒരു ഐക്യത്തിനുപോലും രൂപം നല്‍കാന്‍ കഴിയാത്ത പ്രതിപക്ഷം ഭരണത്തില്‍ വരികയാണെങ്കില്‍, അവര്‍ക്ക് എത്രമാത്രം മാറ്റങ്ങള്‍ രാജ്യത്ത് കൊണ്ടുവരാന്‍ കഴിയും എന്നുള്ളത് ആലോചിച്ചാല്‍ മനസ്സിലാകാവുന്നതേ ഉള്ളൂ. 

Tags: