കൃഷിക്ക് മുന്‍ഗണന നല്‍കിയാലേ കര്‍ഷകനും കേരളവും രക്ഷപ്പെടൂ

Glint Staff
Tue, 05-03-2019 12:38:23 PM ;

 farmer

ചിത്രത്തിന് കടപ്പാട്

 

ഒരിടവേളക്ക് ശേഷം വീണ്ടും കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിക്കുന്നു. ഈ അടുത്തിടെ ആറ് പേരാണ് ക്യഷിക്കായെടുത്ത കടം തിരിച്ചടയ്ക്കാനാവാതെ സംസ്ഥാനത്ത് ജീവനൊടുക്കിയത്. അതില്‍ മൂന്ന് പേരും ഇടുക്കിയില്‍ നിന്നുള്ള കര്‍ഷകരാണ്. അത്മഹത്യ ചെയ്യുന്നവരുടെ എണ്ണം  ഉയര്‍ന്നതിനാല്‍ ഈ വിഷയത്തിലേക്ക് മാധ്യമശ്രദ്ധ തരിച്ചിരിക്കുന്നു. തുടരെ തുടരെ വരുന്ന വാര്‍ത്തകള്‍ മൂലം ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ പ്രതികരിക്കാനും ആശ്വാസ നടപടികള്‍ സ്വീകരിക്കാനും നിര്‍ബന്ധിതരാകുന്നു. ഈ ഇടപെടല്‍ കൊണ്ട് തല്‍ക്കാലത്തേക്ക് കടം തിരിച്ചു പിടിക്കാനുള്ള നടപടികള്‍ മരവിപ്പിക്കപ്പെടാം. പലിശയില്‍ അല്‍പം ഇളവുണ്ടായേക്കാം. അതു കൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുണ്ടോ?

 

കേരളം ഒരു കാര്‍ഷിക സംസ്ഥാനമായിരുന്നു. സംസ്ഥാനരൂപീകരണത്തിന് മുമ്പേ തന്നെ. പൂര്‍ണമായും കൃഷിയിലൂന്നിയ ജീവിതം നയിച്ചിരുന്നവരാണ് മലയാളികള്‍. കേരളത്തിന്റെ പെരുമ ലോകം അറിഞ്ഞ് തുടങ്ങിയതും ഇവിടെ വിളഞ്ഞ സുഗന്ധവ്യഞ്ജനങ്ങളുടെ പേരിലാണ്. എന്നാല്‍ കേരളത്തിന്റെ പരിണാമഘട്ടങ്ങളില്‍ എവിടെയും കൃഷിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. കേരളത്തിന്റെ വികസന സങ്കല്‍പങ്ങളില്‍ നിന്ന് കൃഷി മാറ്റി നിര്‍ത്തപ്പെട്ടു. മാത്രമല്ല വികസനത്തിന്റെ പേരില്‍ കൃഷിയിടങ്ങള്‍ കൈയേറ്റങ്ങള്‍ക്ക് വിധേയമായി. കാലം കഴിയുന്തോറും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ക്രമാതീതമായി പെരുകുകയും കൃഷി സ്ഥലങ്ങള്‍ ക്രമാതീതമായി ചുരുങ്ങുകയും ചെയ്തു. അത് തുടരുന്നുകൊണ്ടേയിരിക്കുന്നു.

 

 

എന്നിട്ടും ഇപ്പോഴും കേരളത്തിന്റെ പലയിടങ്ങളിലും കൃഷി അവശേഷിക്കുന്നു. കൃഷിയെ ആത്മാര്‍ത്ഥമായി സമീപിക്കുന്ന കുറച്ച് മനുഷ്യരുടെ പ്രയത്‌നമാണ് അതിന് പിന്നില്‍. ആ മനുഷ്യരാണ് ഇന്ന് സ്വയം ജീവനൊടുക്കുന്നത്. പലവിധ പ്രതിസന്ധികളെയും തരണം ചെയ്ത് ഇവിടെ വരെയെത്തിയ അവര്‍ക്ക് ജപ്തിയെ മറികടക്കാനാവുന്നില്ല. ഇന്ന് കേരളത്തില്‍ ബാക്കിയുള്ള പച്ചപ്പിനും ജൈവസമ്പത്തിനും കാരണം അവരുടെ വിയര്‍പ്പാണെന്നത് മറക്കരുത്. നൂറ്റാണ്ടിലെ പ്രളയം നമ്മെ ഓര്‍പ്പിക്കുന്നതും അതുതന്നെയാണ്.

 

അതിനാല്‍ കര്‍ഷകനെയും കൃഷിയിടങ്ങളെയും നിലനിര്‍ത്തേണ്ടത് നാടിന്റെ അനിവാര്യതയാണ്. കേരളത്തിന്റെ പ്രഥമപരിഗണനാ വിഷയങ്ങളിലേക്ക് കൃഷിയും വരണം. എന്നാല്‍ അത് കാര്‍ഷിക കടങ്ങള്‍ പരിഹരികുന്നതിലേക്കും സബ്‌സിഡി നല്‍കുന്നതിലേക്കും മാത്രമായി ഒതുങ്ങരുത്. ശേഷിക്കുന്ന കൃഷി സ്ഥലങ്ങള്‍ സംരക്ഷിക്കപ്പെടണം. കൃഷിസ്ഥലങ്ങള്‍ ഉണ്ടെങ്കിലെ കര്‍ഷകനൊള്ളൂ. കര്‍ഷകന്‍ ഉണ്ടായാല്‍ മത്രമേ കൃഷിയൊള്ളൂ. ഇവയെല്ലാമുണ്ടെങ്കിലെ കേരളമൊള്ളൂ.

 

 

 

Tags: