മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ഉണ്ടാവുന്നത്......

എസ്.ഡി വേണുകുമാര്‍
Wed, 02-12-2020 05:54:10 PM ;

വീണ്ടും മാധ്യമ സിന്‍ഡിക്കേറ്റുകള്‍ രൂപം കൊള്ളുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. എന്താണ് സന്ദര്‍ഭം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അപ്രിയമായിട്ടുള്ള വാര്‍ത്തകള്‍ അടുത്ത കാലത്ത് മാധ്യമങ്ങളില്‍ കൂടുന്നു. അഴിമതിയുമായും അതിന്മേല്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളുമായും ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളാണ് ഈ പ്രസ്താവത്തിന് പ്രേരണ. ഈ വാര്‍ത്തകള്‍ക്ക് പൊതുസ്വഭാവമുള്ളത് ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിച്ചിരുന്ന് കള്ള വാര്‍ത്തകള്‍ ചമയ്ക്കുന്നതു മൂലമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

ശരിയാണ് . ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നയതന്ത്ര ചാനലുപയോഗിച്ചു നടന്ന സ്വര്‍ണ്ണക്കടത്ത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു നടന്ന ഇവരുടെയെല്ലാം അടുപ്പക്കാരി സ്വപ്ന സുരേഷും എല്ലാം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വലയില്‍ കുരുങ്ങിയതില്‍ പിന്നെ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെയുള്ള വാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലാണ്. ഇതില്‍ ചില വാര്‍ത്തകള്‍ക്കു പിന്നില്‍ മന്ത്രിമാരാണെങ്കില്‍ മറ്റു ചിലതിനു പിന്നില്‍ ഉദ്യോഗസ്ഥര്‍. അതും പോരാഞ്ഞ് പാര്‍ട്ടി സെക്രട്ടറിയുടെ മകനും കൂടി കേസുകളില്‍ നിറയുമ്പോള്‍ വാര്‍ത്തകള്‍ക്ക് എരിവും പുളിയും വേണ്ടത്ര.

പല സ്ഥാപനങ്ങളിലേക്കും അന്വേഷണ ഏജന്‍സികള്‍ക്കു കടന്നുവരവിന് ഇട നല്‍കിയത് മന്ത്രിമാരുടെയും മറ്റും വീണ്‍വാക്കുകളിലൂടെയാണെന്നും കാണാം. ഉദാഹരണം ലൈഫ് മിഷന്‍ തന്നെ. അതിന് കോടികള്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് തട്ടിവിട്ടത് മന്ത്രി തോമസ് ഐസക്കായിരുന്നു. പറഞ്ഞത് ബോധപൂര്‍വ്വമായിരുന്നുവോ അല്ലയോ എന്നാണ് ഇപ്പോഴത്തെ സംശയം.  

എന്തെല്ലാം വിവാദങ്ങള്‍ ഇതിനിടെ വന്നു. സ്പ്രിംഗ്‌ളര്‍, പി.ഡബ്ല്യു.സി., കിഫ് ബി ..... എന്നിങ്ങനെ ഒന്നൊന്നായി വന്ന ആക്ഷേപങ്ങള്‍ക്കൊടുവില്‍ കെ.എസ്.എഫ്.ഇ.യില്‍ വിജിലന്‍സ് റെയ്ഡും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ക്ഷോഭിച്ചു കൊണ്ടിരുന്ന മന്ത്രി തോമസ് ഐസക്ക് വിജിലന്‍സിനു നേര്‍ക്ക് തിരിഞ്ഞത് പെട്ടെന്നായിരുന്നു. ഐസക്കിന് പിന്തുണയുമായി സി.പി.എം. സംസ്ഥാന സെക്‌റട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദനും എത്തിയതോടെ കഥയില്‍ ട്വിസ്റ്റ് .

ഇനിയെന്ത് എന്ന് ഉറ്റുനോക്കുന്നതിനിടയില്‍ പിണറായി പതിവ് തെറ്റിക്കാതെ രണ്ടു പേരെയും പൂഴിക്കടകനടിച്ചു വീഴ്ത്തി. തുടര്‍ന്ന് അടിയന്തിര അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ്. അതിനുള്ളില്‍ ഐസക്കിനേയും ആനത്തലവട്ടത്തേയും തള്ളി പറഞ്ഞ് തീരുമാനം. ഐസക് ചെയ്തതു ശരിയായില്ലെന്നു പിണറായി. തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ, അപ്പോള്‍ പറയാമെന്ന് ഐസക്ക് .

രംഗം കൊഴുപ്പിക്കാന്‍ മന്ത്രിമാരായ ജി.സുധാകരന്‍, ഇ.പി.ജയരാജന്‍, കടകമ്പള്ളി എന്നിവരും. ഇത് ട്രെയ്‌ലറാണ് , കഥ വരാനിരിക്കുന്നതേയുള്ളു എന്ന് ആര്‍ക്കാണറിയാത്തത്? അതിനിടയ്ക്കാണ് മാധ്യമ സിന്‍ഡിക്കേറ്റ്.

സംസ്ഥാനത്തെ ഏറ്റവും വലിയ കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും വിവാദത്തില്‍ കുരുങ്ങുമ്പോള്‍ അത് വാര്‍ത്തയാകുക സ്വാഭാവികം. അതിനുള്ള ഇന്‍പുട്ടുകള്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ തേടി നടക്കുക ഒട്ടും അസാധാരണവുമല്ല. ഇത്തരം സാഹചര്യങ്ങളില്‍ പാര്‍ട്ടിക്കകത്തു നിന്നും ഉദ്യോഗസ്ഥരില്‍ നിന്നുമൊക്കെ വിവരം കിട്ടാറുണ്ട്. വി.എസ്-പിണറായി പോര് രൂക്ഷമായിരുന്ന കാലത്തും അതുണ്ടായിരുന്നു. അങ്ങനെ ലഭിക്കുന്ന വാര്‍ത്തകള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു വിശേഷിപ്പിച്ചാല്‍ വാര്‍ത്തയല്ലാതാകുമോ?

വാര്‍ത്തയെ വിശ്വസനീയമാക്കാന്‍ വേണ്ട രേഖകള്‍ എല്ലാം പുറത്തുണ്ടല്ലോ. അതില്‍ രഹസ്യ രേഖകളുമുണ്ട്. ഇത്തരം രേഖകളും വിവരങ്ങളും മാധ്യമ പ്രവര്‍ത്തകരിലേക്കും ചാനല്‍ ചര്‍ച്ചകളിലെ താല്പര്യമുള്ള പാനലിസ്റ്റുകളിലേക്കും ഇപ്പോള്‍ ഒഴുകിയെത്തുകയാണ്. അതിനു പിന്നില്‍ കേഡര്‍ പാര്‍ട്ടിയിലും സര്‍ക്കാര്‍ ഓഫീസുകളിലുമുള്ളവരൊക്കെ തന്നെയാണ്. നടക്കുന്ന അഴിമതി പുറത്തു വരണമെന്ന നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥരും നിക്ഷിപ്ത താല്‍പര്യമുള്ള പാര്‍ട്ടി നേതാക്കളും അതിലുണ്ട്. ഇതില്‍ നിന്ന് മനസിലാവുന്ന കാര്യമിതാണ്. പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. 

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പു കഴിയാന്‍ കാത്തിരിക്കുകയാണ് ഐസക്ക്. നാലു വര്‍ഷത്തിലധികമായി ഉള്ളിലടക്കിയതെല്ലാം വിളിച്ചു പറയും. കടുപ്പത്തില്‍ തന്നെ അത് കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പ് അപ്പുറത്തുമുണ്ടാവും. അതിനു മേമ്പൊടിയായി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡീഷണല്‍ സെക്രട്ടറിയെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തില്‍ കേന്ദ്ര ഏജന്‍സികളും. ഉദ്വേഗജനകമായ ഈ വാര്‍ത്താ പരിസരത്ത് ഏതു മാധ്യമ പ്രവര്‍ത്തകനാണ് സര്‍ക്കാര്‍ സ്തുതി പാഠകനായി നില്‍ക്കാനാവുക. കിട്ടുന്ന വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ പങ്കുവച്ചെന്നിരിക്കും. അതിനെയാണ് സിന്‍ഡിക്കേറ്റായി കാണുന്നതെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും ഗൂഗിളില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ട്. അത്തരം നവ സങ്കേതങ്ങളെയും സിന്‍ഡിക്കേറ്റ് ഭീമന്മാരായി വിശേഷിപ്പിക്കാം.

ഒന്നുണ്ട്. സംഭവങ്ങളുണ്ടായാല്‍ അത് വാര്‍ത്തകളാകും. മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയാല്‍ പോലും വാര്‍ത്തകള്‍ വായനക്കാരിലെത്താതെ പോകാത്ത കാലമാണിത്. സമൂഹ മാധ്യമങ്ങള്‍ അത്ര ശക്തമായി. പിന്നെ വാര്‍ത്തകളെ കൊല്ലാന്‍ സിന്‍ഡിക്കേറ്റ് വിശേഷണം മതിയാവില്ലെന്നുറപ്പാണല്ലോ. യു ട്യൂബ് ചാനലുകളും പോര്‍ട്ടലുകളുമടക്കം നവമാധ്യമങ്ങള്‍ തകര്‍ത്താടുന്ന ഇക്കാലത്ത്.

Tags: