വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നു; ഗതാഗതം സുഗമമായപ്പോള്‍ ആശങ്കയിലായി കാല്‍നട യാത്രക്കാര്‍

Glint desk
Sat, 09-01-2021 05:38:07 PM ;

കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. കൊച്ചിയിലെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് വൈറ്റില. വൈറ്റിലയോട് അനുബന്ധിച്ച് കിടക്കുന്ന ജംഗ്ഷനാണ് കുണ്ടന്നൂര്‍. ഇവിടെ രണ്ട് മേല്‍പ്പാലങ്ങള്‍ വന്നിരിക്കുകയാണ്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം പാലാരിവട്ടം, ഇടപ്പള്ളി മേല്‍പ്പാലം എന്നീ നാല് മേല്‍പ്പാലങ്ങളും ഒരുമിച്ച് യാഥാര്‍ത്ഥ്യമാവുമ്പോള്‍ മാത്രമാണ് ഇതിന്റെ പൂര്‍ണ്ണമായ ഫലവും ലഭിക്കുകയുള്ളൂ. ഇതില്‍ പാലാരിവട്ടം പാലം പുതുക്കിപ്പണിത് കൊണ്ടിരിക്കുകയാണ്. മറ്റ് 3 പാലങ്ങളും യാദാര്‍ത്ഥ്യമായിക്കഴിഞ്ഞു. മെയ് മാസത്തോടെ പാലാരിവട്ടം പാലവും തുറക്കും എന്നാണ് വിശ്വാസം. അതോടുകൂടി കൊച്ചിയില്‍ നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം ഏറെക്കുറെ സുഗമമാകും. 

ഇതോടെ വാഹനങ്ങളുടെ വേഗത സ്വാഭാവികമായും വര്‍ധിക്കാനുള്ള സാധ്യതയും ഏറെയാണ്. അത് അപകടസാധ്യത വര്‍ധിപ്പിക്കും എന്നതില്‍ സംശയമില്ല. നാല് പാലങ്ങളും നിര്‍മ്മിച്ചത് യാത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമാണ് എന്നതില്‍ സംശയമില്ല. ഇതോടൊപ്പം തന്നെ ട്രാഫിക് നിയമങ്ങള്‍ പാലിച്ചു കൊണ്ട് യാത്ര സുഗമമാക്കുക എന്ന കാര്യത്തിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. വാഹന വേഗത കൂടുന്നതിനെ തുടര്‍ന്ന് കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്ന കാര്യം കൂടി പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവരെയും പരിഗണിച്ചു കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം. ഇടപ്പള്ളി മേല്‍പ്പാലത്തോട് ചേര്‍ന്ന് വാക്ക് വേ ഉണ്ടെങ്കില്‍ പോലും പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം അത് കടന്നു പോകുന്നത് അത്ര എളുപ്പമല്ല എന്ന പൊതു അഭിപ്രായം ഉയരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചു കൊണ്ട് പ്രധാന പാലങ്ങളോട് അനുബന്ധിച്ച് കാല്‍നടയാത്രക്കാര്‍ക്ക് അങ്ങോടും ഇങ്ങോടും കടന്നു നടക്കുന്നതിനുള്ള സൗകര്യം അധികൃതര്‍ ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

ഈ പാലങ്ങള്‍ വന്നതോടെ കൊച്ചിയിലെ ഗതാഗതകുരുക്ക് പരിഹരിക്കപ്പെടും എന്നതില്‍ കൊച്ചിക്കാര്‍ക്ക് സന്തോഷമുണ്ടെങ്കിലും ഈ ഒരു ആശങ്ക ചെറിയ തോതില്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഇത് പരിഹരിക്കപ്പെടാന്‍ അധികൃതരും സര്‍ക്കാരും ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാണ്.

Tags: