പാലം വന്നിട്ടും വൈറ്റില കുരുക്കില്‍ തന്നെ

Glint desk
Sun, 10-01-2021 06:48:29 PM ;

വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നുവെങ്കിലും തൃശ്ശൂര്‍ ഭാഗത്തേക്കും അവിടന്ന് തിരിച്ചുമുള്ള ഗതാഗതം മാത്രമാണ് സുഗമമായി നടക്കുന്നുള്ളൂ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ മേല്‍പാലത്തിന് അടിയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടവന്ത്ര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റെയില്‍വേ അണ്ടര്‍പാസ് വഴി പോകണം. കണിയാമ്പുഴയില്‍നിന്നുള്ളവ ഹബ് വഴി തിരിച്ചുവിടും. പാലം ഒറ്റ ദിശയിലേക്ക് മാത്രം ഉയര്‍ന്നത് കൊണ്ട് വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കപ്പെടില്ല എന്ന ഒരു അഭിപ്രായം പല കോണുകളില്‍ നിന്നും പാലം പണിയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. തൃപ്പൂണിത്തുറയില്‍ നിന്ന് കടവന്ത്രക്ക് പോകുന്ന ഭാഗത്തും സമാന്തരമായി ഒരു പാലം ഉയരണമെന്ന് വിദഗ്ദര്‍ പോലും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് തട്ടുകൡായി വൈറ്റില മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന ആവശ്യവുമായും പലരും രംഗത്തെത്തിയിരുന്നു.

വൈറ്റില ജംഗ്ഷന്റെ പ്രത്യേകത മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. എല്ലാ ഭാഗത്തുനിന്നും എളുപ്പത്തില്‍ പോകാന്‍ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണ് ഇവിടെ ഒരുക്കേണ്ടത്. എന്നാല്‍ ദേശീയപാതയില്‍ മാത്രം മേല്‍പ്പാലം നിര്‍മിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതിനെതിരെ മെട്രോ മാന്‍ ഇ ശ്രീധരനടക്കം രംഗത്തെത്തിയിരുന്നു. നിലവിലെ നിര്‍മ്മാണം ഗതാഗത കരുക്കിന് പരിഹാരമാകില്ലെന്നും രൂപരേഖ മാറ്റാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഭാഗികമായി പരിഹരിക്കാന്‍ മാത്രമേ മേല്‍പ്പാലം ഉപകരിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

സിഗ്നല്‍ സംവിധാനം ഇല്ലാതായാല്‍ മാത്രമെ അവിടുത്തെ ബ്ലോക്ക് പരിഹരിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഈ ഒരു ഒറ്റ പാലം കൊണ്ട് മാത്രം സിഗ്നല്‍ സംവിധാനം ഇല്ലാതെ ആക്കാനും സാധിക്കില്ല. മള്‍ട്ടിലെവല്‍ പാലങ്ങളാണ് അവിടെ ആവശ്യം എന്ന തരത്തിലുള്ള അഭിപ്രായങ്ങളുണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 

കൊച്ചി അനുനിമിഷവും വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നഗരമാണ്. അതിനാല്‍ തന്നെ കാലാനുസൃതമായിട്ടുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കേണ്ടതാണ് ഇത്തരത്തിലുള്ള വികസനങ്ങള്‍. എങ്കില്‍ മാത്രമെ ജനത്തിനും നമ്മള്‍ ചിലവാക്കുന്ന പണം കൊണ്ടും ഉപയോഗം ഉണ്ടാവുകയുള്ളൂ. അതിന്റെ ഒരു തെളിവാണ് ഇപ്പോള്‍ ഉണ്ടാവുന്ന ഗതാഗത തിരക്ക് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തന്നെ വികസനം ലക്ഷ്യമാക്കി ഇനി ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ ആണെങ്കിലും വരും കാലത്തെ മാറ്റങ്ങളെ കൂടി മുന്നില്‍ കണ്ടുകൊണ്ട് വേണം ചെയ്യാന്‍ അല്ലാത്തപക്ഷം അത് ശാശ്വതമായ ഒരു പരിഹാരമായിരിക്കില്ല എന്നാണ് ഇപ്പോളും അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് കാണിച്ചു തരുന്നത്. 

Tags: