മാധ്യമ ചരിത്രത്തെ മുന്‍പും പിന്‍പുമായി തിരിക്കുന്ന 2013 ജൂണ്‍ 23

Glint Views Service
Wed, 31-07-2013 02:30:00 PM ;

കുറ്റപ്പെടുത്തലുകൾ സൂക്ഷ്മമായി നോക്കിയാല്‍ ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിൻവാങ്ങലാണ്. ഇന്ന്‍ കുറ്റപ്പെടുത്താത്തതും കുറ്റമേല്‍ക്കാത്തതുമായ വ്യക്തികളുമില്ല, സ്ഥാപനങ്ങളുമില്ല. അതില്‍ നിന്ന്‍ ഒന്ന്‍ വ്യക്തം. സമൂഹത്തിന്റെ പൊതുസ്ഥിതി അതാണ്. അപ്പോൾ ആർക്കാണ് കുറ്റപ്പെടുത്താനുള്ള അവകാശം. ആർക്കുമില്ല എന്നതാണ് ലളിതമായ ഉത്തരം. ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന അവസ്ഥയിലേക്കു നീങ്ങുകയാണെങ്കില്‍ അവസരം ഏവർക്കും. ഇന്ന്‍ മാധ്യമങ്ങൾ സ്ഥാനത്തും അസ്ഥാനത്തും പഴികേൾക്കുന്നു. ഗൃഹസദസ്സുകളില്‍ വാർത്ത കേൾക്കുന്നത് വളരെ ദുർഘടം പിടിച്ച ഏർപ്പാടാണെന്നുവരെ ധരിക്കുന്നവർ ധാരാളം. എന്നാല്‍ മാധ്യമങ്ങൾ ഇല്ലാത്ത അവസ്ഥയെക്കുറിച്ചു ഒരു നിമിഷം ചിന്തിക്കുമ്പോൾ അവ നിർവഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും ബോധ്യം വരുന്നു. ഓരോ മാധ്യമവും അതിന്റേതായ പങ്ക് നാനാതലത്തില്‍ നിർവഹിക്കുന്നു. എന്നിരുന്നാലും ഇന്ന്‍ സമൂഹത്തിന്റെ ഗതിയെ നിർണ്ണയിക്കുന്നതില്‍  മുഖ്യപങ്ക് ടെലിവിഷൻ ചാനലുകൾക്കാണ്.  കാരണം ചാനലുകൾ ഗതിയെ നിർണ്ണയിക്കുന്നതിനൊപ്പം ഗതിയിലെ മുഖ്യകണ്ണികൂടി ആവുകയാണ്. അതാകട്ടെ മാധ്യമങ്ങൾ അറിഞ്ഞും മറ്റ് ചിലപ്പോൾ അറിയാതെയും.

 

വഴിമാറിയ അന്വേഷണാത്മകത

മാധ്യമപ്രവർത്തനത്തിന്റെ കമ്പോളസാധ്യതയുമായി ബന്ധപ്പെട്ട് വികാസം പ്രാപിച്ച  ഒന്നാണ് അന്വേഷണാത്മക പത്രപ്രവർത്തനം. അതിന്റെ ആവിർഭാവം  ബോധപൂർവ്വം അങ്ങനെയായിരുന്നില്ലെങ്കിലും. ക്രമേണ യഥാർഥ മാധ്യമ താല്‍പ്പര്യത്തിന്റെ പരിവേഷം ഏറ്റെടുത്തുകൊണ്ട് അത്  സ്ഥാനമുറപ്പിച്ചു. ഇന്നിപ്പോൾ മാധ്യമപ്രവർത്തനം എന്നാല്‍ത്തന്നെ അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്ന നിലയിലേക്ക് വന്നിട്ടുണ്ട്. മാധ്യമങ്ങളുടെ പ്രചാരവും പരസ്യവരുമാനവും തമ്മിലുള്ള ബന്ധമാണ് അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ  പ്രേരകഘടകമായി പ്രവർത്തിക്കുന്നത്. എന്നാല്‍ ഇവ അവതരിപ്പിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ ശാക്തീകരണത്തിനുവേണ്ടി സാഹസികമായി  മാധ്യമപ്രവർത്തകർ ഏർപ്പെടുന്ന വേലയായാണ്. ആ ധാരണ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള വ്യഗ്രതയാവാം പലപ്പോഴും ഇത്തരം അന്വേഷണാത്മക റിപ്പോർട്ട്  കണ്ടെത്തുന്നവർ ആക്ടിവിസ്റ്റുകളേപ്പോലെ പെരുമാറിക്കാണുന്നത്. അവരറിയാതെ തന്നെ അവരില്‍ നിന്നുവരുന്ന ബോധ്യമില്ലായ്മ. കൃത്രിമ പ്രാധാന്യം ആരോപിച്ച് സ്വയം വിശ്വസിപ്പിക്കാനുള്ള തീവ്രശ്രമവുമാണത്. അതിനെ ആധാരമാക്കി നടക്കുന്ന ചർച്ചയില്‍ അതുകൊണ്ടുതന്നെ വസ്തുത പുറത്തുകൊണ്ടുവരിക എന്നുള്ളതിലാവില്ല മാധ്യമപ്രവർത്തകരുടെ ശ്രദ്ധ. മറിച്ച്, തങ്ങൾ അവതരിപ്പിച്ച വാർത്ത ശരിയാണെന്നും വളരെ കമ്പോളമൂല്യമുള്ളതാണെന്നും വരുത്തിത്തീർക്കുന്നതിനുള്ള വ്യഗ്രത പ്രകടമാകും. അതുകൊണ്ടാണ് തങ്ങളുടെ വാർത്ത അല്ലെങ്കില്‍ അഭിപ്രായത്തോട് യോജിപ്പുള്ള അഭിപ്രായം പ്രതീക്ഷിച്ച് അവതാരകർ ചോദ്യം ചോദിക്കുന്നത്. അതിന് വിരുദ്ധമായ ഉത്തരം വരുമ്പോൾ അവർ അക്ഷമരും അസ്വസ്ഥരുമാകുന്നു.

 

അന്വേഷണാത്മക മാധ്യമപ്രവർത്തനം ഇപ്പോൾ എത്തിനില്‍ക്കുന്നത് വളരെ വ്യത്യസ്തമായ ഒരു തലത്തിലാണ്. അന്വേഷണം നടത്തുന്നത് സ്ഥാപിത താല്‍പ്പര്യക്കാർ. പ്രത്യേകിച്ചും രാഷ്ട്രീയത്തിലുള്ളവർ. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള  അവരുടെ ഉപജാപങ്ങളുടെ നിരയില്‍ മാധ്യമങ്ങൾ മുഖ്യ കണ്ണിയാണ്. അവർ അന്വേഷണം നടത്തുന്നു, മാധ്യമപ്രവർത്തകർ അത് വാർത്തയാക്കുന്നു. സമീപകാലത്ത് പുറത്തുവന്ന അന്വേഷണാത്മക സ്വഭാവമുള്ള മിക്ക വാർത്തകളും ശ്രദ്ധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇത്തരം വാർത്തകൾക്ക് നല്ല കമ്പോളമൂല്യമുള്ളതിനാല്‍ കൊടും കുറ്റവാളികൾ പോലും മാധ്യമങ്ങളെ തങ്ങളുടെ കാര്യസാധ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മാധ്യമങ്ങളുടെ റേറ്റിംഗ് വർധിക്കുന്നു എന്നുള്ളത് വസ്തുത. റേറ്റിംഗ് കൂടുന്നു എന്നാല്‍ കൂടുതല്‍  പ്രേക്ഷകർ അത്തരം വാർത്തകളില്‍ തല്‍പ്പരരാകുന്നു എന്നുള്ളതാണ്. അതുകൊണ്ടാണ് ഇവിടെ ആരും ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നു പറയുന്നത്. കുറ്റപ്പെടുത്തുകയാണെങ്കില്‍ അത് സ്വയം കുറ്റപ്പെടുത്തുന്നതിന് തുല്യം.

 

വാര്‍ത്തയിലെ ‘എങ്ങനെ’യും ആസ്വാദനവും

ജനശ്രദ്ധയാകർഷിക്കുന്ന ഒരു വാർത്ത തയ്യാറാക്കുമ്പോൾ  അത് തയ്യാറാക്കുന്ന മാധ്യമപ്രവർത്തകനും ആ മാധ്യമത്തിന്റെ എഡിറ്ററും ഒരു നിമിഷം ആലോചിച്ചാല്‍ മതി, കമ്പോളസാധ്യത കൊണ്ടാണോ അതോ മാധ്യമധർമ്മത്തിനോട് ചേർന്നു നില്‍ക്കുന്നതിനാലാണോ ഇവ്വിധം കൊടുക്കുന്നതെന്ന്‍. അതിനുത്തരം തേടി  ആരുടേയും മുഖത്തേക്കു നോക്കേണ്ട ആവശ്യമില്ല. ഒരു നേതാവ് അവിഹിതമായി  ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്ന്‍ പറഞ്ഞാല്‍ അത് തന്നെ ധാരാളം മതി. ആ നേതാവ് എങ്ങനെയാണ് അതിലേർപ്പെട്ടിരിക്കുന്നതെന്ന്‍ കാണിക്കേണ്ടതിന്റെ ആവശ്യകതയില്ല. കാരണം ജന്തുലോകത്തില്‍ പെടുന്ന എല്ലാ ജീവികളും ഏർപ്പെടുന്ന പ്രക്രിയയാണത്. ഒളിക്യാമറയിലെടുത്ത ദൃശ്യം സുദീർഘമായി കാണിക്കുന്നതില്‍ സാംഗത്യമില്ല. അങ്ങനെ കാണിക്കുന്ന പക്ഷം ആ നേതാവ് എങ്ങിനെയാണ് ആ പ്രക്രിയയില്‍ ഏർപ്പെട്ടത് എന്നതാകുന്നു വാർത്ത. കാരണം തെളിവിനാണെങ്കിലും ഏതെങ്കിലും പ്രധാനദൃശ്യം അല്‍പ്പനേരം കാണിക്കേണ്ടതിന്റെ ആവശ്യകതയേ ഉള്ളു. ജോസ് തെറ്റയില്‍ എം.എല്‍.എ ഉൾപ്പെട്ട ദൃശ്യം ഒരു ദിവസം കൊണ്ടുതന്നെ ഒരു ലക്ഷത്തിലേറെപ്പേർ യൂട്യൂബില്‍ കാണുകയുണ്ടായി. ഈ പ്രചാരസാധ്യതയാണ്  ആ ദൃശ്യം വിശദമായി കാണിച്ച ചാനലുകളെ നയിച്ചത്.

 

മലയാളിയും മാധ്യമങ്ങളും എവിടെയാണ് നില്‍ക്കുന്നതെന്നറിയാൻ ആ വാർത്ത കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതി. കഴിഞ്ഞ ഒരു ദശകമായി കേരളത്തില്‍  രാഷ്ടീയത്തിന്റേയും അധികാരത്തിന്റേയും ഗതി നിർണ്ണയിക്കുന്നത് ലൈംഗികത അല്ലെങ്കില്‍ സ്ത്രീ വിഷയമാണ്. മാധ്യമങ്ങളില്‍ ഒരു ദിവസമില്ലാതെ, ഒരു ബുള്ളറ്റിനൊഴിയാതെ, ഒരു ദിവസത്തെ പത്രമൊഴിയാതെ ഈ വിഷയം പല രൂപത്തിലും ഭാവത്തിലും  സാന്നിധ്യമാണ്. അതിന്റെ ഉച്ചകോടിയാണ് സോളാർ തട്ടിപ്പുകേസ്സുമായി സരിതാ എസ്സ്. നായരുടെ അറസ്റ്റോടെ സംഭവിച്ചത്.  ജനാധിപത്യത്തിന്റെ അപചയത്തിലുള്ള വ്യാകുലതയോ, അഴിമതിയോടുള്ള  വിയോജിപ്പുകൊണ്ടോ അല്ല ജനങ്ങൾ ഈ വാർത്ത ആവേശപൂർവ്വം കാത്തിരുന്നു കാണുന്നത്. ലൈംഗിക സംബന്ധമായ വാർത്ത കേൾക്കാനും കാണാനുമുള്ള ത്വരയും, അതില്‍ മറ്റുള്ളവർ പെട്ടുഴലുന്നതും അവരുടെ കുടുംബങ്ങളും ജീവിതവും തകരുന്നത് കണ്ട് ആസ്വദിക്കാനുള്ള കൗതുകവുമാണ്. സീരിയലിന് അടിമപ്പെടുത്തുന്ന അതേ വികാരങ്ങൾ. മറ്റൊരാളുടെ തകർച്ച ആസ്വാദ്യമായ ഒരു സമൂഹത്തില്‍ അത്തരം തകർച്ചയുടെ നേർദൃശ്യങ്ങൾ കാട്ടി, വാർത്തയെ അറിയുക എന്ന ധർമ്മത്തില്‍ നിന്നടർത്തി ആസ്വദിക്കുക എന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്തിരിക്കുന്നു. അതിനാല്‍ വാർത്ത കണ്ടെത്തുന്നതില്‍ വാർത്താപ്രാധാന്യം നിശ്ചയിക്കുന്നതില്‍ ആസ്വാദനമൂല്യം പ്രധാനമായി  മാറിക്കഴിഞ്ഞിരിക്കുന്നു എന്ന്‍ ചുരുക്കം.

 

ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു ദിവസം

കുറ്റിരുട്ടിരുട്ടില്‍ മലകയറുന്ന ഒരാൾ. പെട്ടെന്ന് ശക്തമായ മിന്നല്‍. അപ്പോഴാണറിയുന്നത് അയാൾ കയറുന്ന മലയില്‍ മുഴുവൻ നീലക്കുറുഞ്ഞി പൂത്തുനില്‍ക്കുകയാണെന്ന്‍. പിന്നീട് ഇരുട്ടില്‍ അയാൾ മലകയറുമ്പോൾ അയാൾക്കു മുന്നിലുള്ള മല മിന്നലിന് മുമ്പുള്ള മലയാവില്ല. അതാണ് ചില കാഴ്ചകളും കേൾവികളും നിർവഹിക്കുന്ന ദൗത്യം. 2013 ജൂണ്‍  23 അത്തരത്തിലൊരു ചരിത്രദിവസമാണ്. കേരള സാമൂഹ്യചരിത്രത്തിന്റേയും മാധ്യമചരിത്രത്തിന്റേയും. മലയാളിയുടെ പൊതു സമൂഹത്തിലെ ദൃശ്യസംസ്‌കാരം സംബന്ധിച്ച നിർണ്ണായക വഴിത്തിരിവിന്റെ ദിവസം. ആ ദിവസത്തിനു മുൻപും അതിന് പിൻപും എന്ന്‍ സാംസ്‌കാരിക ചരിത്രത്തില്‍ രേഖപ്പെടുത്തും. എന്താണ് അത് കാണിച്ചതുകൊണ്ടുള്ള കുഴപ്പം എന്ന്‍ ചോദിച്ചേക്കാം. കപട സദാചാരമാണ് അതിനെതിരെ പറയുന്നവരെ നയിക്കുന്നതെന്നും ആക്ഷേപം ഉയർന്നേക്കാം. സദാചാരവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചിന്തകളേയും ചർച്ചകളേയും മാറ്റിനിർത്താം. ഇവിടെ ഒരു എം.എല്‍.എ കുറ്റകൃത്യം ചെയ്തു എന്ന്‍  വെളിപ്പെടുത്തിക്കൊണ്ടാണ് അതിന് തെളിവെന്നോണം ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്. ശരാശരി മനുഷ്യൻ ആ  ദൃശ്യങ്ങളെ കാണുന്നത് കുറ്റകൃത്യമെന്ന ബോധപശ്ചാത്തലത്തിലാണ്. അറിയാതെ തന്നെ രതിയെക്കുറിച്ചും സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചും  മോശമായ ധാരണകളും സങ്കല്‍പ്പങ്ങളും ചിലരുടെയെങ്കിലും ഉപബോധമനസ്സില്‍ അടിഞ്ഞുകൂടും. കൊച്ചു കുഞ്ഞുങ്ങളും കൗമാരപ്രായക്കാരും ഇതിന്റെ പ്രേക്ഷകരാണ്. അത് വ്യക്തികളിലുണ്ടാക്കുന്ന  വിനാശകരമായ മാനസികവ്യതിയാനങ്ങൾ അളക്കാനാകാത്തതാണ്. രതിയുൾപ്പെടെ സ്ത്രീ-പുരുഷ ബന്ധത്തിന്റെ  വൈവിദ്ധ്യതലങ്ങൾ അശ്ലീലമോ കുറ്റമോ അരുതാത്തതോ ഗോപ്യമോ അല്ല. ആകേണ്ടതുമല്ല. സൗന്ദര്യത്തിന്റെ ശ്രുതിയോടെ അതിന്റെ ശാസ്ത്രീയത പരിഷ്‌കൃത സമൂഹമനസ്സിന്റെ ഭാഗമാകേണ്ടതുമാണ്. ആ തലത്തില്‍ ഒട്ടും ഇക്കിളിയോ അശ്ലീലമോ പാപബോധമോ ഇല്ലാതെ മാധ്യമങ്ങൾക്കും ഈ വിഷയങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. സൗന്ദര്യാത്മകതയോടെ, ആരോഗ്യകരമായ അന്തരീക്ഷത്തില്‍ അങ്ങനെ ചെയ്യേണ്ടതുമാണ്. അതിനുള്ള അശക്തിയിലും അവയുടെ അഭാവത്തിലുമാണ് വൈകൃതങ്ങൾ അരങ്ങേറുന്നതും അവയെ ന്യായീകരിക്കേണ്ടിയും വരുന്നത്. ഈ വൈകൃതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ആരോഗ്യമാസികകളും വനിതാപ്രസിദ്ധീകരണങ്ങളും എപ്പോഴും  ശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും മുഖംമൂടിയണിഞ്ഞ് ഇക്കിളിവിഷയങ്ങൾ ഇക്കിളിരീതിയില്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം മാസികകളുടെ ആദ്യലക്കം മുതല്‍ നോക്കിയാല്‍ മനസ്സിലാകും ഒറ്റവിഷയത്തിന്റെ ആവർത്തനമാണ് എല്ലാ ലക്കത്തിന്റെയും വിഭവങ്ങളെന്ന്‍. ഈ വിപണിസാധ്യതയാണ് ഇപ്പോൾ വാർത്തയിലും ഇടം പിടിച്ചിരിക്കുന്നത്.

 

കച്ചവടമാണോ പ്രശ്നം?

കച്ചവടം സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്ത പ്രതിഭാസമാണ്. നേരായ രീതിയില്‍ കച്ചവടം ചെയ്താല്‍ ലാഭം കിട്ടില്ലെന്ന ധാരണ പൊതുവേ കച്ചവടരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടി. അതിനാല്‍ കച്ചവടം, കച്ചവട മനസ്ഥിതി എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ സമൂഹത്തില്‍ ഒരു വിപരീതാർഥം കൈവരിക്കുകയുണ്ടായി. കുറച്ചുകഴിഞ്ഞപ്പോൾ ഇത്തരത്തിലല്ലാതെ കച്ചവടം ചെയ്യാൻ പറ്റില്ല എന്ന ധാരണ ഉറച്ചു. അതോടെ കച്ചവടമാണെങ്കില്‍ വഴിവിട്ടവഴി തന്നെയാണെന്നുള്ളത് പൊതുവേ അംഗീകരിക്കപ്പെടുന്ന അവസ്ഥ വന്നു. മാധ്യമപ്രവർത്തനവും കച്ചവടമായി തിരിച്ചറിഞ്ഞപ്പോൾ ആ വഴി അതിന്റെ നിലനില്‍പ്പിനും വിജയത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ നല്ല ഉല്‍പ്പന്നങ്ങൾ മാത്രമേ കമ്പോളത്തില്‍ നിലനില്‍ക്കുകയുള്ളു എന്നതും തിരിച്ചറിവാവേകണ്ടതാണ്. ഇപ്പോൾ  കച്ചവടമെന്ന നിലയ്ക്ക് മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളിയും അതാണ്. 2013 ജൂണ്‍ 23-ലെ ദൃശ്യവാർത്തയ്ക്കുശേഷം ഇനി അടുത്ത തലത്തിലേക്ക് പോവുകയല്ലാതെ നിവൃത്തിയില്ല. അത്തരം ദൃശ്യങ്ങളുടെ 'എങ്ങനെ' വശത്തിന് ഒരു പക്ഷേ കുറച്ചുനാൾ കൂടി കമ്പോളം കണ്ടെത്താൻ കഴിയും. അതിന്റെ കാലവും അധികനാൾ നിലനില്‍ക്കില്ല.

 

കച്ചവട താല്‍പ്പര്യത്തിന് മുൻതൂക്കം നല്‍കിക്കൊണ്ട് മാധ്യമപ്രവർത്തനം നടത്തിയിട്ടും മാധ്യമത്തിന്റെ ശക്തി കച്ചവട താല്‍പ്പര്യത്തേയും അതിജീവിച്ച് മുന്നില്‍ നില്‍ക്കുന്നു എന്നും മനസ്സിലാക്കാൻ കഴിയും. ആ ശക്തിയുടെ പേരില്‍ തന്നെയാണ് ഇപ്പോഴത്തെ വിപണനവും സാധ്യമാകുന്നത്. അങ്ങിനെയെങ്കില്‍ മാധ്യമത്തിന്റെ  ശക്തിയെ തിരിച്ചറിഞ്ഞുകൊണ്ട് അതില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാധ്യമപ്രവർത്തനം നടത്തിയാല്‍ ഉണ്ടാവുന്ന മാധ്യമശക്തിയുടെ സാധ്യത അനന്തമായിരിക്കും. സ്വാഭാവികമായും കച്ചവടവും കൊഴുക്കും. അവിടെ മത്സരത്തിന്റെ ആവശ്യകതയുമുണ്ടാവില്ല. കേരളത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സരിത എസ്. നായരും പ്രകടമാക്കുന്നത് സ്ത്രീശക്തി തന്നെയാണ്. അതേസമയം അഖിലേന്ത്യാ സിവില്‍ സർവീസ് പരീക്ഷയില്‍ ഒന്നാമതെത്തിയ ഹരിതാ വി. കുമാറും പ്രകടമാക്കുന്നത് സ്ത്രീശക്തി തന്നെയാണ്. കേരളത്തിന്റെ തന്നെ ചരിത്രത്തിലും വർത്തമാനത്തിലും ഇത്തരം ഉദാഹരണങ്ങൾ യഥേഷ്ടമുണ്ട്.

Tags: