പെൺകരുത്തിന്റെ പ്രതീകം മാറുമ്പോൾ

Mon, 13-01-2014 05:45:00 PM ;

sandhya cliff house

 

ആക്രമണോത്സുകത വീക്ഷണത്തിന്റെ അടിസ്ഥാന നിയന്ത്രണ ഘടകമാകുമ്പോൾ കരുത്തിന്റെ നിർവചനം മാറുന്നു. അവിടെ മറ്റുള്ളവരെ ആക്രമിക്കുന്നതിലെ വിജയവും വീര്യവും കരുത്തായി മാറുന്നു. ഏവരും എപ്പോഴും ഏതുനിമിഷവും ശ്രമിക്കുന്നത് ദൗർബല്യത്തിൽ നിന്ന് കരുത്താർജ്ജിക്കാനാണ്. അപ്പോൾ അക്രമിയുടെ സ്വഭാവം കരുത്തിന്റെ ലക്ഷണമായി കാണപ്പെടുന്നു. അതിന് സ്വീകാര്യത ലഭ്യമാകുമ്പോൾ കരുത്ത് അക്രമിയുടെ  സ്വഭാവമായി പ്രതിഷ്ഠിക്കപ്പെടുന്നു. ഏതൊരാളും അക്രമത്തിന് മുതിരുന്നതിന് പിന്നിലുണ്ടാകുക വൈയക്തികമായ കാരണങ്ങളും ഭീതിയുമോക്കെയായിരിക്കും. അതിനാൽ കരുത്തിന്റെ മറുഭാവങ്ങളായി  സ്വാർഥതയും ഭീതിയും ഊട്ടിയുറപ്പിക്കപ്പെടുന്നു. അതിനാൽ കാണപ്പെടുന്ന പ്രകടനം അത് ഭീരുവായ അക്രമിയുടേതാണോ അതോ ധൈര്യശാലിയുടേതാണോ എന്ന് കണ്ടെത്തുക പ്രയാസം. കാരണം അക്രമിയുടെ പ്രകടനം ധീരതയായി  വ്യാഖ്യാനിക്കപ്പെടും. അവിടെയാണ് തിരിച്ചറിവിന്റെ പ്രസക്തി. തിരിച്ചറിവെന്ന്‍ വെച്ചാൽ കാണപ്പെടുന്ന കാഴ്ചയിലെ സാധാരണക്കാർ കാണാത്ത കാഴ്ച കാണാനുള്ള ശേഷിയുണ്ടാവണം. മാധ്യമങ്ങളിൽ നിന്നുണ്ടാവേണ്ടത് അത്തരം  തിരിച്ചറിവിലൂടെയുള്ള കാഴ്ചകളാണ്. അതിനു കഴിയാതെ വരുമ്പോൾ  മാധ്യമപ്രവർത്തനം സമൂഹത്തിന്റെ ഗതിയെ വിരുദ്ധ ദിശയിലേക്ക് നയിക്കും. അത്തരം പ്രവർത്തനം സമൂഹവിരുദ്ധ പ്രവർത്തനമായി പരിണമിക്കുകയും ചെയ്യുന്നു.

 

ബോധപൂർവമല്ല പലപ്പോഴും മാധ്യമപ്രവർത്തകർ സമൂഹത്തെ വിരുദ്ധ ദിശയിലേക്ക് നയിക്കുന്ന വിധമുള്ള വാർത്തകൾ വൻ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നത്.  പലപ്പോഴും നേരിന്റേയും നെറിയുടേയും ഭാഗത്താണ് തങ്ങളെന്ന ധാരണയിലാണ് ഇത്തരം വാർത്തകൾ കൈകാര്യം ചെയ്യുന്നത്. ആ നിലയിലേക്ക് ചിന്തയുടെ തലത്തിലുണ്ടായ മാറ്റമാണ് അത്തരത്തിൽ കാര്യങ്ങളെ കാണാൻ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിൽ വാർത്ത കൈകാര്യം ചെയ്യുന്നത് കണ്ടാണ് ഇന്ന് ആർക്കും വേണമെങ്കിൽ വാർത്ത കൈകാര്യം ചെയ്യാമെന്നുള്ള ധൈര്യം വന്നിട്ടുള്ളത്. അതിന്റെ സ്വാഭാവിക ഫലമാണ് സിറ്റിസൺ ജേണലിസത്തിന് ജന്മം കൊടുത്തത്. സിറ്റിസൺ ജേണലിസത്തിന് മലയാള പരിഭാഷ തെരുവ് മാധ്യമപ്രവർത്തനം എന്നേ നൽകാനാവൂ. തെരുവിൽ നിൽക്കുന്ന ഏതൊരാൾക്കും യുക്തിയെന്നു തോന്നുന്ന കാര്യങ്ങൾ അതേ യുക്തിയിൽ വാർത്തയായി അവതരിക്കപ്പെടുന്നു. അല്ലെങ്കിൽ വ്യാഖ്യാനിക്കപ്പെടുന്നു. തെരുവിന്റെ കാഴ്ചപ്പാട് മാധ്യമപ്രവർത്തനത്തിന് അപര്യാപ്തവും അപകടകരവുമാണ്. തെരുവ് മോശമായതു കൊണ്ടല്ല. തെരുവ് ആൾക്കൂട്ടത്തിന്റെ ഇടമാണ്. അവിടെ വികാരങ്ങൾ ആളിക്കത്തും. യുക്തമായ തീരുമാനങ്ങൾ ആളിക്കത്തുന്ന വികാരങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടാവുകയില്ല. അതുകൊണ്ടാണ് തെരുവ് സംസ്കാരം അനഭികാമ്യമാകുന്നത്. തെരുവുകളിലുണ്ടാവുന്ന വാഗ്വാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ പലപ്പോഴും സംഘട്ടനത്തിലേക്ക് വഴുതിവീഴാനുള്ള കാരണവുമതാണ്. ഏത് സംഘട്ടനത്തിലും ഏതെങ്കിലുമൊരു ഭാഗത്ത് ന്യായമുള്ളതായി കണ്ടുനിൽക്കുന്നവർക്ക് തോന്നും. ഏതെങ്കിലുമൊരു ഭാഗത്തെ ന്യായീകരിച്ച് സ്വയം നീതിബോധത്തിലുറയ്ക്കാൻ കണ്ടുനിൽക്കുന്നവരിൽ പ്രേരണയുമുണ്ടാകും. ക്രമേണ ആ നീതിബോധം കാഴ്ചപ്പാടായി മാറും. ആ കാഴ്ചപ്പാട് ക്രമേണ അംഗീകാരം നേടുമ്പോൾ പൊതുസമൂഹത്തിൽ അതിന് മാന്യതയും സ്വീകാര്യതയും കൈവരുന്നു.

 

തിരക്കുപിടിച്ച ഒരു വീട്ടമ്മയുടെ ദിവസം ആലോചിച്ചാൽ മനസ്സിലാകും. ഉദ്യോഗസ്ഥ കൂടിയാണെങ്കിൽ പറയാതിരിക്കുകയാണ് ഭേദം. പ്രഭാതത്തിൽ കുറഞ്ഞ സമയം കൊണ്ട് അവർ ചെയ്തുതീർക്കേണ്ട ഉത്തരവാദിത്വങ്ങൾ  ഏറെയാണ്. സന്ധ്യ എന്ന വീട്ടമ്മ ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് സുപരിചിതയാണ്. മുഖ്യമന്ത്രിയെ വിറപ്പിച്ച് രാജിവെപ്പിക്കാൻ കച്ചകെട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി  പിക്കറ്റ് ചെയ്യാനെത്തിയ കേരളത്തിലെ പ്രതിപക്ഷത്തിന്റെ നേതാക്കളേയും പ്രതിപക്ഷത്തേയും ഒറ്റയ്ക്ക് വിറപ്പിച്ച സ്ത്രീ. അവരെയിപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. വിശേഷിച്ചും ചാനലുകൾ.  പെൺകരുത്തിന്റെ മാതൃകയായാണ് സന്ധ്യയെ ഇന്ന് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. സ്ത്രീശാക്തീകരണമെന്ന് പ്രഖ്യാപിച്ചു കൊണ്ട്  ചാനലുകൾ ഒരുക്കുന്ന പരിപാടികളിൽ സന്ധ്യ പ്രതിപക്ഷ നേതാക്കളെ വിറപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തുന്നു. എന്നിട്ടാവർത്തിക്കുന്നു പെൺകരുത്തിന്റെ ശക്തി എന്ന്. സന്ധ്യ എന്ന വീട്ടമ്മയ്ക്ക് പ്രതിപക്ഷത്തിന്റെ ഉപരോധം വ്യക്തിപരമായ അസൗകര്യം സൃഷ്ടിച്ചു. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഗതിയെ അതു ബാധിച്ചപ്പോൾ അവർ വ്യക്തിപരമായി അനുഭവപ്പെട്ട ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിൽ  തന്റെ സ്‌കൂട്ടറിന്റെ  മേൽ നിന്നിറങ്ങാതെ നേതാക്കളുടെ നേരേ ആക്രോശിച്ചു. അവർക്ക് ഐക്യമുന്നണിയോട് കൂറുണ്ടോ ഇല്ലയോ എന്നുള്ളതൊക്കെ അപ്രസക്തം. അവർ ക്ലിഫ്ഹൗസിന്റെ മുന്നിൽ നിന്നുകൊണ്ട് ആക്രോശിച്ചു. ആ സ്ഥാനത്ത് ഒരു പുരുഷനായിരുന്നു അവ്വിധം ആക്രോശിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നുവെന്നത് ഓരോരുത്തരുടേയും ഭാവനയ്ക്കു വിടുന്നു.

 

പുരുഷനെപ്പോലെ താൻ ആക്രമിക്കപ്പെടില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അവർ ആക്രോശത്തിന് തയ്യാറായത്.  തനിക്ക് ഭീഷണിയുണ്ടാവില്ല എന്ന അവസരങ്ങളിൽ ആക്രമണോത്സുകത കാണിക്കുന്നത് ധീരതയുടെ ലക്ഷണമായി കാണുക അസാധ്യം. അവിടെ ഉൾപ്പെടുന്ന വിഷയമോ അതിന്റെ ന്യായാന്യായമോ ഒന്നുമല്ല അത്തരത്തിൽ വൈകാരിക വിക്ഷോഭത്തിലേക്കു പോകുന്നവരുടെ മുൻഗണന. തന്റെ തന്നെ രക്ഷയാകും. അതുറപ്പാക്കിയിട്ടേ അവർ എന്തിലും ഇടപെടുകയുള്ളു. സന്ധ്യ അവിടെ കാഴ്ചവച്ച സ്വഭാവപ്രകടനം അക്ഷമയുടെ അങ്ങേയറ്റത്തതാണ്. ന്യായീകരണം എന്തു തന്നെയായാലും. അക്ഷമ ധൈര്യത്തിന്റെ ലക്ഷണമല്ല. അത് ഭീരുത്വത്തിന്റെയും അജ്ഞതയുടേയും ഫലമായി ഉണ്ടാവുന്നതാണ്. ദ്വന്ദവ്യക്തിത്വ (ബൈപോളാർ ഡിസോർഡർ) അസുഖത്തിന്റെ ലാഞ്ചനകളാണ് സന്ധ്യയുടെ അവിടുത്തെ പ്രകടനത്തിൽ കണ്ടത്. ഈ സ്വഭാവം അവരുടെ വ്യക്തിജീവിതത്തിലും ഉണ്ടാവാനിടയുണ്ട്. ഉറ്റവരോട്  അന്വേഷിച്ചാൽ അതറിയാൻ കഴിയും. ഒരുപക്ഷേ വ്യക്തിപരമായി  ഉപബോധമനസ്സിൽ അധികം വേദനയുള്ള വ്യക്തിയാകാം അവർ.

 

മുഖ്യമന്ത്രിയുടെ വസതി പിക്കറ്റ് ചെയ്തുകൊണ്ട് പ്രതിപക്ഷം നടത്തിയ ഉപരോധ സമരം അവരുടെ കാലഹരണപ്പെടൽ തന്നെയാണ് വ്യക്തമാക്കിയത്. മാറുന്ന കാലത്തെ മനസ്സിലാക്കാനോ, തങ്ങളുടെ പ്രതിഷേധസമരത്തിന്റെ സർഗ്ഗാത്മകരാഹിത്യം മനസ്സിലാക്കാനോ അവർക്കു കഴിഞ്ഞില്ല. അതു പൊതുസമൂഹത്തിനും മനസ്സിലാകുന്നു. അത് മനസ്സിലാകുമെന്നുള്ള പൊതുധാരണ സന്ധ്യയേയും നയിച്ചു. അതോടൊപ്പം ഇന്ന് മാധ്യമങ്ങളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന പ്രതികരണവും ശാക്തീകരണവുമെല്ലാം അക്രമത്തിന്റെ വൈവിദ്ധ്യ ഭാവപ്രകടനങ്ങളാണ്. തന്നെ വഞ്ചിച്ച കാമുകന്റെ ലിംഗം വെട്ടിയും ക്രിമിനലുകളുടെ സഹായം തേടി തന്നെ നശിപ്പിച്ച വില്ലനെ കൊല ചെയ്യുകയുമൊക്കെ ചെയ്യുന്ന ചലച്ചിത്രങ്ങൾ കൈയ്യടി നേടി വിജയിക്കുന്നത് ഈ പൊതുധാരണയുടെ സ്വാധീനം സമൂഹത്തിൽ വേരോടിക്കൊണ്ടിരിക്കുന്നതിനാലാണ്. അതേ മാനദണ്ഡത്തിന്റെ വർധിതമായ പ്രതികരണമാണ് തങ്ങൾക്കെതിരെ  തൂലിക ചലിപ്പിക്കുന്നവരുടെ കൈപ്പത്തി വെട്ടിക്കൊണ്ട് തീവ്രവാദ സംഘടനകൾ പ്രതികാരം ചെയ്യുന്നത്. മത തീവ്രവാദ പ്രവർത്തനങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നതിനു വേണ്ടി  ഇത്തരം സംഘടകൾ പരോക്ഷമായി സാംസ്കാരിക പ്രവർത്തനങ്ങളിൽ മുഴുകാറുണ്ട്. അതിൽ സാഹിത്യവും മാധ്യമപ്രവർത്തനവും സിനിമയുമെല്ലാം ഉൾപ്പെടും. അവർ ഉയർത്തിപ്പിടിക്കുന്നത് പ്രത്യക്ഷത്തിൽ തെരുവിൽ നിൽക്കുന്നവർക്ക് അല്ലെങ്കിൽ തെരുവു മാനദണ്ഡത്തിൽ അങ്ങേയറ്റം നീതിയുക്തമെന്നു തോന്നുന്ന കാര്യങ്ങളായിരിക്കും. അതിനാൽ അവരെ ആർക്കും തള്ളിപ്പറയുക സാധ്യമല്ല. ക്രമേണ ഈ തത്വശാസ്ത്രത്തിന് അല്ലെങ്കിൽ സമീപനത്തിന് അംഗീകാരം ലഭിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ അതിശക്തമായി നടക്കുന്ന ചെറിയ ഭൂപ്രദേശമാണ് കേരളം. ഇത്തരം സംഘടനകളുടെ ഗോപ്യമായ പ്രവർത്തനങ്ങൾ പലപ്പോഴും പുരോഗമന പ്രവർത്തനങ്ങളായി പോലും കരുതപ്പെടുന്നു. എന്തിന്, വർത്തമാനകാല ബുദ്ധിജീവി അംഗീകാരത്തിനും ഇത്തരം ചിന്താധാരയോട് ചേര്‍ന്നു നിൽക്കുന്നത് സഹായകമാകുന്നു.  അക്രമത്തിന്റെ മാനദണ്ഡത്തിന് അംഗീകാരം ലഭിക്കുന്ന സ്ഥിതിയാണ് ഇതിന്റെയൊക്കെ ഫലമായി ഉരുത്തിരിഞ്ഞു വരുന്നത്.  ഒരു യുവതി സമീപകാലത്ത് തിരുവനന്തപുരത്ത് യുവാക്കളെ ഇടിച്ചു നിരത്തി. തുടർന്ന് ആ യുവതിയെ കുറേനാൾ പെൺകരുത്തിന്റെ ഉദാത്ത മാതൃകയായി ഉയർത്തിക്കാട്ടി. പിന്നീട് അതിന്റെ സത്യാവസ്ഥ പുറത്തു വന്നതോടുകൂടി മാധ്യമങ്ങൾ നിശബ്ദമായി. ചാനൽ ചർച്ചകളിൽ പെൺകരുത്തിന്റെ പ്രതീക പ്രതിനിധിയായി പങ്കെടുത്തു തുടങ്ങിയ യുവതി ക്രമേണ അപ്രത്യക്ഷമായി.

 

ഒരു സ്ത്രീയില്‍ നിന്ന്‍ സാധാരണ തെരുവു പുരുഷന്റെ സ്വഭാവപ്രകടനത്തിന്റെ നിലവാരത്തിലേക്കാണ് സന്ധ്യ നിലംപതിച്ചത്. അവർക്ക്  സ്ത്രീയെന്ന നിലയിൽ അതിശക്തമായി അവിടുത്തെ തദ്ദേശവാസികൾക്ക് പ്രതിപക്ഷ സമരം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ പ്രതികരിക്കാമായിരുന്നു. പക്ഷേ, പ്രതികരണമെന്നാൽ ആക്രമണോത്സുകതയെന്നാണ് സന്ധ്യയിൽ നിലനിൽക്കുന്നത്. അത് സന്ധ്യയിൽ കുടികൊള്ളുന്ന സമൂഹമാണ്. ആ സമൂഹസൃഷ്ടിയിൽ മുഖ്യപങ്ക് വഹിക്കുന്നത് മാധ്യമങ്ങൾ തന്നെ. അക്രമസ്വഭാവത്തിനുള്ള  പ്രേരണയും പ്രോത്സാഹനവുമായാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. തന്റെ സ്ഥാപനത്തിൽ ഒരനീതി നടക്കുന്ന പക്ഷം ഏതെങ്കിലും ഒരു സ്ത്രീ ഇവ്വിധം പെരുമാറിയാൽ അവരോട് ഇവ്വിധം പെരുമാറുമോ എന്ന ഒറ്റ ചോദ്യം കൊണ്ട് ചിറ്റിലപ്പള്ളിക്ക് തന്റെ അബദ്ധം മനസ്സിലാക്കാൻ പറ്റും. ഒരു ഗൃഹാന്തരീക്ഷത്തിൽ സന്ധ്യയുടേതു പോലുള്ള പ്രകടനമുണ്ടായാൽ അത് ആ വീട്ടിലെ സ്ത്രീശാക്തീകരണമാവില്ല. ആ വീട്ടിലെ പുരുഷൻ അത്തരത്തിൽ പ്രകടിപ്പിച്ചാൽ അതും അദ്ദേഹത്തിന്റെ അജ്ഞതയും അതിൽ നിന്നുണ്ടാകുന്ന അക്രമോത്സുകതയും തന്നെ. അത് അപരിഷ്കൃതവുമാണ്. മനുഷ്യന് മസ്തിഷ്കം ലഭ്യമാക്കിയിട്ടുള്ളത് സന്ദർഭങ്ങളെ വിലയിരുത്തി ഉചിതമായി തീരുമാനങ്ങളെടുത്ത് മുന്നോട്ട് നീങ്ങാനാണ്. അതിനുള്ള ശേഷി കൈവരിക്കുന്നത് സംബന്ധിച്ചാണ് ഓരോ സമൂഹവും എത്രമാത്രം പരിഷ്കൃതമാണെന്ന് നിശ്ചയിക്കപ്പെടുന്നത്. സന്ധ്യയെന്ന സാധാരണ വീട്ടമ്മയുടെ പെരുമാറ്റത്തിലെ വിക്ഷോഭത്തെ പെൺകരുത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് സമൂഹത്തിന്  ദ്രോഹമാകുന്ന പ്രവൃത്തിയാണ്. ഇവിടെയാണ് മാധ്യമത്തിൽ പ്രവർത്തിക്കുന്നവർ തെരുവിലെ കാഴ്ചകൾക്കപ്പുറത്തേക്കുള്ള കാഴ്ചപ്പാടിലേക്ക് നീങ്ങുകയും തെരുവിൽ നിൽക്കുന്നവരെ പോലും ഗുണപരമായി സ്വാധീനിക്കാൻ കഴിയുന്നവിധം കാഴ്ചകൾ കണ്ട് അവതിരിപ്പിക്കുകയും വേണ്ടത്.

Tags: