അമ്മമാരെ നോവിക്കുന്ന ഇന്റർനെറ്റ് കുട്ടി

Glint Staff
Tue, 15-04-2014 02:30:00 PM ;

mts internet baby

 

എം.ടി.എസ് 3ജി പ്ലസ്സിന്റെ പരസ്യം. പ്രസവിക്കാൻ ആശുപത്രിക്കിടക്കയിൽ കിടക്കുന്ന അമ്മ. ചുറ്റും കൂടി നിൽക്കുന്ന ഡോക്ടറും നഴ്‌സുമൊക്കെ. പുറത്തുവന്ന കുട്ടി നഴ്‌സിന്റെ കയ്യിൽ നിന്നും കത്രിക വാങ്ങി സ്വയം പൊക്കിൾകൊടി മുറിച്ച് നഴ്‌സിന്റെ കൈയ്യിൽ നിന്ന് കുപ്പായം വാങ്ങി ധരിച്ച് താഴേക്ക് ഒറ്റച്ചാട്ടം. എന്നിട്ട് നേരേ തറയിലിരിക്കുന്ന ലാപ്‌ടോപ്പിന്റെ നേർക്ക്. ലാപ്‌ടോപ്പിൽ ചില പ്രയോഗങ്ങൾ നടത്തിയ ശേഷം കുട്ടി ലേബർ റൂമിന് പുറത്തേക്ക് കൈയ്യിൽ ഫോണുമായി നടന്നു വരുന്നു.  ഇന്റർനെറ്റിനായി ജനിച്ച കുട്ടി. ഇതാണ് പരസ്യം. ഈ പരസ്യം വൻ വിജയമായി. എല്ലാവരും ശ്രദ്ധിക്കുന്നു. രണ്ടു രീതിയിലാണ് ശ്രദ്ധ. ചിലർ ഗംഭീര പരസ്യമെന്ന നിലയ്ക്ക്. മറ്റ് ചിലർക്ക് മാനസിക സ്വാസ്ഥ്യം നഷ്ടപ്പെടുന്ന പരസ്യം എന്ന നിലയിൽ. ‘ഹൊ, ആ വൃത്തികെട്ട പരസ്യം കാണിക്കാൻ തുടങ്ങുമ്പോഴേ ഞാൻ ചാനൽ മാറ്റും. എന്തൊരു നശിച്ച പരസ്യം. എന്തുകൊണ്ട് സര്‍ക്കാര്‍ ഇത്തരം പരസ്യങ്ങൾ ടെലിക്കാസ്റ്റ് ചെയ്യാൻ അനുവദിക്കുന്നു’-  അഞ്ചും ഒന്നും വയസ്സുള്ള രണ്ടു കുട്ടികളുടെ അമ്മയായ ഒരു യുവതിയുടെ മുഖഭാവം കുറേ നേരത്തേക്ക് അസ്വസ്ഥമായിരുന്നു. ആ ലേബർ റൂമിൽ പ്രസവിക്കാൻ കിടന്ന സ്ത്രീ താനാണെന്ന രീതിയിലായിരുന്നു ആ യുവതിയുടെ പ്രതികരണം. ആ പരസ്യത്തിലെ മറ്റുള്ളവരുടെ എല്ലാം പ്രതികരണം ആ യുവതിയുടെ പോലെ പകച്ചു പോയതിന്റേതാണ്. സംഗതി പരസ്യം എന്ന നിലയിൽ അത് ശ്രദ്ധ ആകർഷിച്ചു.

 

ഈ യുവതിയുടെ പ്രതികരണത്തേ തുടർന്ന് മറ്റ് നാല് സ്ത്രീകളോടും അഞ്ചു പുരുഷന്‍മാരോടും ഈ പരസ്യത്തേക്കുറിച്ചുള്ള പ്രതികരണമറിയാൻ തീരുമാനിച്ചു. നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുളളവർ, അതിനു താഴെ 30 വയസ്സുവരെയുള്ളവർ, 30-നും 20-നും ഇടയിലുള്ളവർ, 15നും 20നുമിടയിലുള്ളവർ, 15നു താഴെയുള്ളവർ. എന്നിങ്ങനെ പ്രായത്തിൽ പെട്ടവരുടെയടുത്താണ് ചോദിച്ചത്. പൊതുവേ ആണുങ്ങൾ പ്രായഭേദമന്യേ വലിയ വ്യത്യാസമില്ലാത്ത പ്രതികരണമായിരുന്നു. അതായത് പരസ്യം ശ്രദ്ധേയമാണ്. അതിൽ സംശയമില്ല. ഓരോ തവണയും അതു വരുമ്പോൾ കാണുന്നു. എന്നാൽ ആ പരസ്യത്തിനായി കാത്തിരിക്കാൻ തോന്നാത്ത അവസ്ഥ. എന്ത് വികാരമാണ് തങ്ങൾക്ക് അനുഭവപ്പെടുന്നതെന്ന് കണ്ടെത്താൻ കഴിയാത്ത പോലുള്ള ഭാവമായിരുന്നു കുട്ടികൾ ഉൾപ്പടെ എല്ലാവരുടേയും മുഖത്ത്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അതായിരുന്നില്ല. ഇരുപതിനും മുപ്പതിനുമിടയിലുള്ള അവിവാഹിത ആ പരസ്യം കാണുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് നല്ലതോ മോശമോ എന്നു പറയാൻ കഴിയുന്നില്ല. എങ്കിലും അത് അവരിൽ അലോസരമാണ് സൃഷ്ടിച്ചതെന്ന് ഭാവം വ്യക്തമാക്കി. കൊച്ചുകുഞ്ഞുങ്ങളുള്ള യുവതികൾക്ക് അത് ആസ്വദിക്കാൻ പറ്റുന്നില്ല. സ്ത്രീകളുടെ മുഖത്ത് പ്രായഭേദമന്യേ കണ്ട പൊതുഭാവം തങ്ങൾ ഈ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കുന്നതായാണ്. അതിന്റെ ഏറ്റവും വലിയ പ്രതികരണമാണ് തുടക്കത്തിൽ കൊടുത്തിട്ടുള്ള യുവതിയുടേത്.

 

പരസ്യമാണെങ്കിലും കാണികളിൽ സൃഷ്ടിക്കുന്ന വൈകാരിക സ്വാധീനമാണ് ഈ പരസ്യം ഓർമ്മിപ്പിക്കുന്നത്. മാധ്യമങ്ങളിൽ, വിശേഷിച്ചും ടെലിവിഷനിൽ വരുന്ന ഓരോ ദൃശ്യവും ശബ്ദവും പ്രേക്ഷകരെ പലതരത്തിൽ അവരുടെ മനസ്സിനേയും ശരീരത്തേയും ബാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹണമാണിത്. ആദ്യം കോപത്തോടെ പ്രതികരിച്ച യുവതി മുലയൂട്ടുന്ന അമ്മയാണ്. അകാരണമായ ആ കോപം ആ യുവതിയിലെ ശരീരത്തിലെ രസതന്ത്രത്തെ കുറച്ചുനേരത്തേക്ക് മാറ്റിമറിക്കുന്നു. അതനുസരിച്ച് അവരുടെ ശരീരത്തിൽ പലതരം രാസപ്രക്രിയകൾ നടക്കുന്നു.  അതു പറഞ്ഞയുടനെ ആ യുവതിയുടെ കണ്ണുകൾ ചുവക്കുകയും മുഖം തുടുക്കുകയുമൊക്കെ ചെയ്തു. ദോഷകരമായ രാസവസ്തുക്കൾ ശരീരത്തിൽ ഉണ്ടാവുന്നത് വിഷതുല്യമാണ്. ആ വിഷരാസവസ്തുക്കൾ അടങ്ങിയ പാലാണ് പിന്നീട് മുലകുടിക്കുമ്പോൾ ആ യുവതിയുടെ കുട്ടിയുടെ ഉള്ളിൽ ചെല്ലുന്നത്. അതുവഴി അമ്മയുടെ മനസ്സും അതിന്റെ ഉൽപ്പന്നമായ പേടിയും ആശങ്കയും ദേഷ്യവുമൊക്കെ  കലർന്ന പാലാണ് ആ കുഞ്ഞിന്റെ ഉള്ളിലേക്ക് ചെല്ലുന്നത്. സ്വാഭാവികമായും ആ കൊച്ചുകുഞ്ഞിൽ അത് അനേകം വിപരീതാത്മക  ഫലങ്ങൾ ഉണ്ടാക്കും. അതു കൃത്യമായി നിർണ്ണയിക്കാനോ അളക്കാനോ കഴിയില്ലെങ്കിലും. നിഷ്കളങ്കതയിൽ, എപ്പോഴും ആനന്ദത്തിൽ നിലകൊള്ളുന്ന ആ കുഞ്ഞ് അമ്മയുടെ പാലിന്റെ രുചിവ്യത്യാസം അറിഞ്ഞെന്നിരിക്കും. അത് അരോചകമാണെങ്കിൽ അതും  ആ കുഞ്ഞ് അറിയും. എങ്ങനെയാണ് ആ കുഞ്ഞ് അത് തന്റെ അനുഭവമണ്ഡലത്തിൽ കുറിച്ചിടുക എന്ന് കണ്ടെത്തുക പ്രയാസം. എങ്കിലും സുഖവും അസുഖവും കുഞ്ഞുങ്ങൾ അറിയുന്നുണ്ട്. അതുകൊണ്ടാണ് ചിരിയും കരച്ചിലും. അസുഖം അസഹനീയമാകുമ്പോഴാണ് കരച്ചിൽ. ചെറിയ തോതിലാവുമ്പോൾ അതുണ്ടാവില്ല. എങ്കിലും അസുഖാവസ്ഥയുടെ ചെറുഘടകങ്ങളുടെ നിക്ഷേപം അവിടെ സംഭവിക്കുന്നു. നിക്ഷേപം ചെറുതാണെങ്കിലും ക്രമേണ അതു വർധിക്കും. പലിശയും പലിശയ്ക്ക് പലിശയുമൊക്കെയായി. ഈ ഘട്ടത്തിലൊക്കെ അതിനാൽ എന്തു കേൾക്കണം എന്തു കേൾക്കരുത് എന്നൊക്കെ നിശ്ചയിക്കേണ്ടത് രക്ഷിതാക്കളും മുതിർന്നവരുമാണ്.

 

വർത്തമാന സാഹചര്യത്തിൽ കൊച്ചു കുഞ്ഞുങ്ങൾ വീട്ടിലുള്ളതിന്റെ പേരിൽ ടെലിവിഷൻ സെറ്റ് പൂട്ടിവയ്ക്കുക അസാധ്യം. മാത്രവുമല്ല, മുതിർന്നവരിലും അസ്വസ്ഥതയുണ്ടാക്കാൻ ആർക്കും അധികാരമില്ല. എന്തിന്റെ പേരിലാണെങ്കിലും. അതിനാൽ പരസ്യങ്ങളായാലും വാർത്തയായാലും മറ്റെന്തു പരിപാടിയായാലും അത് പൊതുവേ ജനങ്ങളെ അസ്വസ്ഥമാക്കുകയോ വിപരീതമായി ബാധിക്കുകയോ ചെയ്യുമെന്ന് ഉറപ്പുള്ളവയാണെങ്കിൽ അതൊഴിവാക്കാൻ സംവിധാനം ഉണ്ടാകേണ്ടതാണ്. ഇതൊരുപക്ഷേ പരസ്യവിഭാഗത്തിന് നേതൃത്വം നൽകുന്നവരുടെ ശ്രദ്ധയിൽ പെടണമെന്നില്ല. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് എഡിറ്റർ വേണ്ടിവരുന്നത്. എഡിറ്റർമാർ മാധ്യമങ്ങൾക്കുണ്ടെങ്കിലും അവർ പലപ്പോഴും റേറ്റിംഗ് കൂട്ടുന്ന, കൂടുതൽ പരസ്യമുണ്ടാക്കുന്ന പരസ്യം മാനേജർമാരുടെ മാനസികാവസ്ഥയിൽ പ്രവർത്തിക്കുന്നതിനാലാണ് ഇത്തരം ജനദ്രോഹകരമായ ഉള്ളടക്കങ്ങൾ വരുന്നത്. ഇവിടെയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം പ്രസക്തമാകുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിലേക്കും വ്യക്തിയുടെ സ്വാസ്ഥ്യത്തിലേക്കുമുള്ള കടന്നുകയറ്റമാണ് ഇത്തരം ഉള്ളടക്കങ്ങൾ. അത്തരം സാഹചര്യങ്ങളിൽ അവരുടെ രക്ഷയ്‌ക്കെത്തേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. മാധ്യമസ്വാതന്ത്ര്യം വേണമെന്നത് ജനാധിപത്യ സംവിധാനത്തിൽ അത്യന്താപേക്ഷിതമാണ്. സമൂഹത്തെ മുൻനിർത്തിയാണ് ഈ ആവശ്യകതയുണ്ടാകുന്നത്. എന്നാൽ മാധ്യമസ്വാതന്ത്ര്യം തന്നെ വ്യക്തിക്കും സമൂഹത്തിനും അപകടമാണെന്നു കാണുന്ന പക്ഷം അവിടെ മാധ്യമങ്ങളെ നേർവഴിക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വം ജനാധിപത്യ സമൂഹത്തിനുണ്ട്. അതു നിർവഹിക്കേണ്ടത് പ്രാഥമികമായി ഭരണകൂടവും. എം.ടി.എസിന്റെ ഇന്റർനെറ്റിനായി ജനിച്ച കുട്ടി എന്ന പരസ്യം ആ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു.

Tags: