ജയശങ്കർ, നികേഷ്, സ്വരാജ് - സംസ്കാര, മാദ്ധ്യമ, രാഷ്ട്രീയ മാപനികൾ

Glint Staff
Wed, 25-02-2015 04:38:00 PM ;

 

തെരുവ് എന്നത് ആൾക്കൂട്ടമാണ്. ഒരാളിൽ തന്നെ ഒരേസമയം അനേകം ചിന്തകൾ വന്ന് മറിയാറുണ്ട്. അപ്പോൾ ആൾക്കൂട്ടത്തിന്റെ അവസ്ഥ എന്താവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. ഒരാളിൽ തന്നെ ഒന്നിലധികം ചിന്ത ഒരേസമയത്ത് വന്ന് കൂട്ടിമുട്ടുന്നതാണ് ആ വ്യക്തിയിലെ സംഘട്ടനങ്ങൾക്ക് കാരണമാകുന്നത്. അപ്പോൾ തെരുവിൽ ജനക്കൂട്ടം അനേകായിരം ചിന്തകളുമായി ഒരേസമയം നിൽക്കുമ്പോൾ എങ്ങിനെയുണ്ടാകും എന്നാലോചിച്ചുനോക്കാവുന്നതാണ്. അതുകൊണ്ടാണ് തെരുവിന്റെ സംസ്കാരം അക്ഷമയുടേയും സംഘട്ടനത്തിന്റേയുമൊക്കെ ആയി മാറുന്നത്. മൊത്തത്തിൽ ചിട്ടയില്ലാത്ത, ഹിംസ മുഖമുദ്രയാകുന്ന തെരുവിന്റെ സംസ്കാരം അതിനാൽ മനുഷ്യപ്രകൃതിയുടെ സാംസ്കാരിക ദിശയ്ക്ക് എതിരുള്ളതുമാകുന്നു. മൃഗങ്ങൾ മനുഷ്യന്റെ ദൃഷ്ടിയിൽ ഹിംസയിലേർപ്പെടുന്നു. എന്നാൽ, അവ അതിജീവനത്തിന്റെ ഭാഗമായി, ഇരതേടലിന്റെ ഭാഗമായാണ് മറ്റ് മൃഗങ്ങളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും. തെരുവിൽ മനുഷ്യൻ പലപ്പോഴും ഹിംസയിൽ ഏർപ്പെടുന്നത് മനുഷ്യസംസ്കാരത്തിൽ നിന്നകന്ന് മൃഗശീലത്തേക്കാൾ അധ:പതിക്കുന്നതു മൂലമാണ്. അതുകൊണ്ടാണ് തെരുവ് സംസ്കാരം മനുഷ്യന് സ്വീകാര്യമല്ലാതാകുന്നത്.

 

തെരുവ് സംസ്കാരം തെരുവിൽ മാത്രമല്ല മനുഷ്യനിൽ പ്രകടമാകുന്നത്. എപ്പോഴെല്ലാം മാനസികമായും ശാരീരികമായും മറ്റൊരാളെ നോവിക്കാനും ഇല്ലായ്മ ചെയ്യാനുമായി ഒരു വ്യക്തി വാക്കും ശരീരവും ഉപയോഗിക്കുന്നുവോ അവിടെ അയാൾ തെരുവ് സംസ്കാരത്തിന്റെ പ്രതിനിധിയാകുന്നു. ആംഗലേയത്തിൽ പാരനോയിയ എന്നുള്ള മന:ശാസ്ത്രത്തിലെ രോഗത്തിന് വല്ലാതെകണ്ട് അടിപ്പെടുന്നവരാണ് മറ്റുള്ളവരെ ആക്രമിക്കാൻ തുനിയുന്നത്. താൻ ആക്രമിക്കപ്പെട്ട് ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം എന്ന സദാസമയ ചിന്തയാണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം. ഇത് മൃഗങ്ങളിൽ സ്വയരക്ഷയ്ക്ക് പ്രകൃതി നിക്ഷേപിച്ചിട്ടുള്ളതാണ്. അതിനെ ജന്തുലോകത്തിൽ പെട്ട മനുഷ്യൻ പരുവപ്പെടുത്തി അറിവിന്റെ അളവുകോലാക്കി ആ രോഗത്തിൽ നിന്ന് മുക്തി നേടുകയും അതോടൊപ്പം അജ്ഞതയുടെ ലോകത്തിൽ നിന്നും അറിവിന്റെ ലോകത്തിലേക്കെത്തുകയും ചെയ്യുക എന്നതാണ് മനുഷ്യദൗത്യം. അങ്ങനെയുള്ള വ്യക്തികൾ പാരനോയിയ അഥവാ ചിത്തഭ്രമത്തിനു പകരം വിവേകമുള്ളവരായി മാറും. വിവേകമുള്ളവരുടെ വാക്കുകളാണ് സമൂഹം കേൾക്കേണ്ടതും കേൾപ്പിക്കേണ്ടതും.

 

വിദ്യാഭ്യാസവും സ്ഥാനമാനവും കൊണ്ട് വിവേകം ഉണ്ടാവേണ്ടതാണ്. വിദ്യാഭ്യാസം ഉളളവർ പറയുന്നതിന് അറിവുളളവർ പറയുന്നു എന്നൊരു ധാരണ സമീപകാലം വരെ ഉണ്ടായിരുന്നു. ചാനൽ യുഗത്തോടെ അതിനു മാറ്റം വന്നു. വിദ്യാഭ്യാസമുള്ളവരും അതിന്റെ പേരിൽ വിവേകമുണ്ടെന്ന് കരുതപ്പെടുന്നവരും ഇവ രണ്ടുമില്ലാത്തവരെപ്പോലെ ചാനലുകളിലൂടെ അവതരിപ്പിക്കപ്പെട്ടു. ഇവർക്കിതാകാമെങ്കിൽ വിദ്യാഭ്യാസവും സ്ഥാനമാനങ്ങളുമില്ലാത്തവർക്ക് ഉത്തരവാദിത്ത്വം തെല്ലുമില്ല. കാരണം മാതൃകാ വ്യക്തിത്വങ്ങൾ ഉപയോഗിക്കുന്ന വാക്കുകളും ശൈലികളും അവരിലൂടെ മഹത്വവത്ക്കരിക്കപ്പെടുന്നു. അതുവരെ അശ്ലീലമായി കരുതപ്പെട്ടിരുന്ന പല പ്രയോഗങ്ങളും വാക്കുകളും അങ്ങനെ അശ്ലീലമല്ലാതെയായി മാറുന്നു. അഭിഭാഷകനായ എ. ജയശങ്കർ ലോകത്തിലുള്ള എല്ലാ വിഷയത്തിലും ആധികാരികമായി പ്രതികരിക്കുന്ന ടെലിവിഷന്‍ ചാനൽ ചർച്ചക്കാരനാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ വൈരുദ്ധ്യമാണ് ചാനൽക്കാർക്ക് പ്രിയങ്കരനാക്കുന്നത്. കാരണം വിദ്യാസമ്പന്നനാണെങ്കിലും തെരുവിന്റെ സാംസ്കാരിക തലത്തിൽ അദ്ദേഹം സംസാരിക്കും. ആൾക്കാരെ വാക്കുകൊണ്ടും ചേഷ്ടകൊണ്ടും മുറിവേൽപ്പിക്കുന്നതിൽ വിദഗ്ധൻ. ആ എരിയിലും പുളിയിലും ചാനലുകളിലെ വെറും മത്സരപ്പരിപാടി ആയി മാറിക്കഴിഞ്ഞ വാർത്തയ്ക്ക് ചൂടും ചൂരുമായി. ഒരു വ്യക്തിയെ സമൂഹമധ്യത്തിലേക്ക് അവതരിപ്പിക്കുകയാണ് ചാനലുകാർ ചർച്ചയിലൂടെ ചെയ്യുന്നത്. ആ വ്യക്തിക്ക് ചില ഗുണങ്ങൾ ഉണ്ടെന്ന് ചാനലുകാർ കാണുന്നതിനാലാണ് ആ വ്യക്തിയെ അവർ വിളിക്കുന്നത്. അതായത് വിദഗ്ധൻ. വി.എസ് അച്യുതാനന്ദൻ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് റിപ്പോർട്ടർ ടി.വിയിൽ എം.വി നികേഷ്‌ കുമാർ വാർത്തയുടെ ഭാഗമായി നടത്തിയ ചർച്ച കേരളത്തിലെ വിദ്യാഭ്യാസം നേടിയ സമൂഹത്തിന്റെ സംസ്കാരം, പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സംസ്കാരം, മാദ്ധ്യമത്തിന്റെ ശൈലിയും സംസ്കാരവും എന്നിവ എവിടെ നിൽക്കുന്നു എന്ന് കൃത്യമായി വെളിവാക്കുന്നു.

 

പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് വി.എസ്സിനെ വിമർശിച്ചുകൊണ്ട് സംസാരിച്ചതിനെ പരാമർശിച്ചുകൊണ്ട് അഡ്വ. എ. ജയശങ്കർ നടത്തിയ പ്രതികരണം അങ്ങേയറ്റം അപരാധമായിപ്പോയി. അദ്ദേഹത്തിന്റെ  ആ പ്രതികരണം ശ്രദ്ധിച്ച കുട്ടികൾ, വിദ്യാഭ്യാസമില്ലാത്തവർ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആസ്വദിക്കുന്നവർ എന്നിവരിലൊക്കെ സാംസ്കാരികമായി ഉണ്ടായാക്കാവുന്ന ദുരന്തസമാനമായ പ്രത്യാഘാതങ്ങൾ ഭയാനകമാണ്. പിതൃശൂന്യം എന്ന പ്രയോഗത്തിലൂടെ മാദ്ധ്യമപ്രവർത്തകരെ വിളിച്ച് എന്താണ് തന്റെ സംസ്കാരമെന്ന് വെളിപ്പെടുത്തുകയും അങ്ങനെ പ്രയോഗിച്ചത് ശരിയാണെന്ന് വാദിക്കുകയും ചെയ്തുകൊണ്ട് നേതൃത്വത്തിലേക്കുയർന്ന നേതാവാണ് എം. സ്വരാജ്. അദ്ദേഹത്തെ പച്ചമലയാളത്തിൽ അതേ അർഥത്തിൽ അധിക്ഷേപിക്കുകയാണ് ജയശങ്കര്‍ ചെയ്തത്. അദ്ദേഹം ഉപയോഗിച്ച വാക്ക് ഉദ്ധരിക്കുന്നത് വൃത്തിഹീനമായതിനെ വീണ്ടും സ്പർശിക്കുന്നതുപോലെയായതിനാൽ അതാവർത്തിക്കുന്നില്ല. ചിത്തത്തിന് ഭ്രമം സംഭവിച്ചതുപോലെയാണ് ജയശങ്കർ സംസാരിച്ചത്. സ്വരാജ് കുരങ്ങനാണെന്നും കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്ന നടപടിയുടെ ഭാഗമായാണ് സമ്മേളനത്തിൽ അവ്വിധം അദ്ദേഹം സംസാരിക്കാൻ ഇടയായതെന്നും ജയശങ്കർ സമർഥിച്ചു. ചരിത്രത്തിന്റെ നിയോഗമെന്നോണം പിതൃശൂന്യപ്രയോഗം നടത്തി അതിനെ ന്യായീകരിച്ച നേതാവിന് പച്ചമലയാളത്തിൽ അതേ പ്രയോഗം തന്റെ നേർക്ക് വന്നപ്പോൾ എങ്ങിനെ പ്രതികരിക്കണമെന്നുപോലും അറിയാതെയായിപ്പോയി. കുരങ്ങന് മോശം വരുമെന്നതിനാൽ ജയശങ്കറിനോട് പ്രതികരിക്കാനില്ലെന്ന് സ്വരാജ് പറഞ്ഞുവയ്ക്കുന്നു.

 

വിദ്യാസമ്പന്നനും അഭിഭാഷകനുമായ ജയശങ്കറിനെ ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കാനുള്ള യോഗ്യത എന്താണെന്ന് ചാനലുകാരുൾപ്പെടെയുള്ള മാദ്ധ്യമ സമൂഹം വ്യക്തമാക്കേണ്ടതാണ്. എന്നാൽ മാദ്ധ്യമ സംസ്കാരം കൂടിയാണ് ജയശങ്കറിലൂടെ പ്രകടമാകുന്നതെന്ന് വ്യക്തമാക്കുന്നു, നികേഷ് കുമാർ ആ ചർച്ച നയിച്ച രീതി. ചന്തയിൽ സംഘട്ടനങ്ങൾക്ക് കാരണമാകുന്ന പരാമർശത്തോടെ ജയശങ്കർ സ്വരാജിനെ ആക്രമിച്ചപ്പോൾ ടെലിഫോണിൽ ബന്ധപ്പെട്ട് ജയശങ്കറിന്റെ പ്രതികരണത്തോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് നികേഷ്‌ കുമാർ ചോദിക്കുന്നു. ഇത്തരം പരാമർശങ്ങളെത്തുടർന്ന് ചന്തയിൽ സംഘട്ടനങ്ങളുടെ വക്കിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ അവിടെയുള്ള ആരെങ്കിലും കയറി ഇടയ്ക്ക് വീണ് സംഘട്ടനം ഒഴിവാക്കാൻ ശ്രമിക്കാറുള്ളത് പതിവാണ്. ആ സമീപനം പോലും ചാനലിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒരാളുടെ പിതാവിനെ അനുസ്മരിപ്പിച്ചുകൊണ്ട് മറ്റൊരാൾ ആക്രമണം അഴിച്ചുവിടുമ്പോൾ ആക്രമിക്കപ്പെടുന്നയാൾ എന്തുപറയുന്നു എന്ന് ചോദിക്കുന്നു, മാദ്ധ്യമം. അത്തരം അവസരങ്ങളിൽ അവ്വിധം പ്രതികരണം ചോദിക്കാതിരിക്കാനുള്ള സാമാന്യമായ ഔചിത്യമെങ്കിലും മാദ്ധ്യമപ്രവർത്തകർ കാണിക്കേണ്ടതാണ്.

 

കണ്ടുകൊണ്ടിരിക്കുന്നവരുടെ അറിവിലേക്കാണ് പ്രതികരണം കൊണ്ടുവരേണ്ടത്. കാണികളിൽ ആർക്കാണ് അറിയാൻ പാടില്ലാത്തത് ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ അച്ഛനെ അനുസ്മരിപ്പിക്കുകയും അയാളെ കുരങ്ങനെന്നു വിളിക്കുകയും ചെയ്യുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ എന്താവുമെന്ന്.  ഈ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് തെരുവിന്റെ സംസ്കാരത്തെപ്പോലും ലജ്ജിപ്പിക്കുന്ന വിധം സ്വരാജ് നികേഷിനോട് ആവശ്യപ്പെട്ടു, ഇനിമുതൽ ജയശങ്കറിനെ സ്റ്റുഡിയോയിലേക്ക് വിളിക്കുമ്പോൾ തന്നെയും അവിടേക്ക് വിളിക്കണമെന്ന്. ഇതൊക്കെ നേരിട്ടാണ് മറുപടി പറയേണ്ടതെന്ന വിശദീകരണത്തോടെ. സ്വരാജ് രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹത്തെ നാളെ തള്ളാനും കൊള്ളാനുമുളള അവസരം ജനങ്ങൾക്കുണ്ട്. പക്ഷേ, ഇങ്ങനെയുള്ള ഒരു നേതാവ് ഏതെങ്കിലും പൊതുസ്ഥാനങ്ങളിൽ വന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത് ഭീകരമാണ്. എന്നിരുന്നാലും ജനായത്ത സംവിധാനത്തിൽ തിരുത്തലിന് അവസരമുണ്ട് എന്ന്‍ ആശ്വസിക്കാം.

 

സൂക്ഷ്മമായി നോക്കുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് അക്രമത്തെ പ്രോത്സാഹിക്കുന്ന വകുപ്പ് ഉണർത്തി ചാനലിനെതിരെ കേസ്സെടുക്കാവുന്നതാണ്. മാദ്ധ്യമങ്ങളോട് സമൂഹത്തിലുള്ള ബഹുമാനം ഇല്ലാതാകുന്ന വഴിയും ഇതാണ്. എന്തും കാണിക്കുക, എന്തും പറയുക എന്നുള്ളതല്ല മാദ്ധ്യമ സ്വാതന്ത്ര്യം. സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്വമാണ്. എന്ത്, എങ്ങനെ, എപ്പോൾ പറയണം എന്നുള്ളിടത്താണ് മാദ്ധ്യമവും മാദ്ധ്യമപ്രവർത്തനവുമൊക്കെ പ്രസക്തമാകുന്നത്. ഇത്തരത്തിലുളള മാദ്ധ്യമപ്രവർത്തനം ഇന്ന് മാദ്ധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് നീങ്ങുമെന്നതിൽ സംശയമില്ല. ഇവ്വിധമുള്ള ഉത്തരവാദിത്വമില്ലാത്ത മാദ്ധ്യമപ്രവർത്തനത്തിന് നിയന്ത്രണം വേണമെന്ന് അൽപ്പമെങ്കിലും പൗരബോധമുള്ള ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് അനുചിതമാണെന്ന് പറയുവാൻ കഴിയില്ല. ഈ പഴുതിലൂടെയാണ് തൽപ്പരകക്ഷികൾ ഭാവിയിൽ വിനാശകരമായേക്കാവുന്ന  പല നിയമങ്ങളേയും നിയന്ത്രണങ്ങളേയും കടത്തിവിടുക എന്നതും ഓർക്കേണ്ടതാണ്. തെരുവിലെ ആൾക്കൂട്ടത്തിന്റെ അവസ്ഥയിലേക്ക് വ്യക്തിയുടെ ചിന്തകളെ പരുവപ്പെടുത്തിയെടുക്കാവുന്ന അവസ്ഥ സംജാതമാകുന്ന സാഹചര്യത്തിൽ കൈയ്യൂക്കുള്ള ഏത് ശക്തിക്കും ആധിപത്യം സ്ഥാപിക്കാൻ കഴിയും. അവിടെ സംസ്കാരത്തിനും ജനായത്തമൂല്യങ്ങൾക്കും മാനവികതയ്ക്കുമൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല.

Tags: