എന്ന് നിന്റെ മൊയ്തീന്‍ നല്ല സിനിമ

Glint staf
Sun, 04-10-2015 09:49:00 PM ;

Malayalam feature filmഎന്ന് നിന്റെ മൊയ്തീന്‍ വളരെ കാലത്തിനുശേഷം മലയാളത്തിലിറങ്ങിയ നല്ലൊരു സിനിമ. പഴകിയിട്ടും ഇപ്പോഴും പുതുമയോടെ കോഴിക്കോട്ടെ മുക്കം ഭാഗത്ത് ജീവിക്കുന്ന കഥയായ മൊയ്തീന്‍-കാഞ്ചനമാല പ്രണയകഥ അതേപടി പകര്‍ത്തിയതാണ് ഈ ചിത്രത്തിന്റെ വിജയം. കാരണം അവരുടെ പ്രണയമാണ് അവരുടെ പ്രണയത്തിലെ ജീവന്‍. പ്രണയം മധുരമാണ് , ധീരവും എന്ന് കവി തിരുനെല്ലൂര്‍ പറഞ്ഞതിന്റെ ദൃഷ്ടാന്തമാണ് മൊയ്തീന്‍-കാഞ്ചനമാലാ പ്രണയം. അടിസ്ഥാനപരമായി മനുഷ്യന്‍ സാമൂഹിക വിലക്കുകള്‍ക്കപ്പുറമുള്ള പ്രണയത്തെ നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പലപ്പോഴും വ്യക്തിക്ക് അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്നില്ല. അതിനു കാരണം ഭീതി തന്നെയാണ്. ആ ഭീതിയാകട്ടെ സമൂഹത്തില്‍ നിന്ന് വ്യക്തിയിലേക്ക് കുടിയേറുന്നതും. മൊയ്തീന്‍ സമൂഹത്തിന്റെ സജീവഭാഗമായി നിന്നുകൊണ്ട് സമൂഹത്തിന്റെ ജീര്‍ണ്ണിച്ച സ്വഭാവത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചു. അത് മനുഷ്യന്റെ ഒരു പ്രണയത്തിലൂടെ അവനില്‍ ഉറങ്ങിക്കിടക്കുന്ന നൈതികതയെ തൊ്ട്ടുണര്‍ത്തിക്കൊണ്ട്. അതുകൊണ്ടാണ് മുക്കത്ത് മിത്തുപോലെ ആ പ്രണയകഥ ഇപ്പോഴും തുടിച്ചുനില്‍ക്കുന്നത്. കാലം എത്ര കഴിഞ്ഞാലും അത് അങ്ങനെ അവശേഷിക്കുകയും ചെയ്യും.കാരണം കാലാതീതമായ നൈതികതയെ ആ സ്‌നേഹം ഉണര്‍ത്തുന്നു.മാത്രമല്ല,തന്റെ സമൂഹത്തെ കുററപ്പെടുത്താതെ അതിനെ സ്‌നേഹിച്ചുകൊണ്ടാണ് മൊയ്തീന്‍ ഇതു ചെയ്യുന്നിടത്താണ് പ്രേമവും മൊയത്ീന്‍ -കാഞ്ചനമാലാ പ്രണയവും ധീരതയൊടൊപ്പം മധുരത്തേയും ജനിപ്പിക്കുന്നത്.  സ്ത്രീപുരഷ ബന്ധത്തിന്റെ പേരില്‍ ഒരു യുവാവിനെ ഏതാനും വര്‍ഷം മുന്‍പ് മുക്കത്ത് ചില സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന തല്ലിക്കൊന്നുവെന്നുള്ളത് മൊയ്തീനും കാഞ്ചനമാലയും നേരിട്ട സാഹചര്യങ്ങളേക്കാള്‍ യാഥാസ്ഥിതിക ജീര്‍ണ്ണതയിലേക്ക് സമൂഹം നീങ്ങിയതിന്റെ ഉദാഹരണമാണ്. അത്തരമൊരു വര്‍ത്തമാനകാല സാഹചര്യവുമായി മൊയ്തീനും കാഞ്ചനമാലയും അവരുടെ പ്രണയത്തിലൂടെ വര്‍ത്തമാനവുമായി രാഷ്ട്രീയമായി തന്നെ സംവദിക്കുന്നുണ്ട്. അതിലൂടെ അവരുടെ പ്രണയം രാഷ്ട്രീയമായ തലത്തിലേക്കും ഉയരുന്നു. ഈ പ്രണയകഥയിലെ നൈതികതയും രാഷ്ട്രീയവും ഒരു ശതമാനം പോലും ചോര്‍ന്നുപോകാതെ അഭ്രപാളിയിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് സംവിധായകന്‍ ആര്‍ എസ് വിമലിന്റെ വിജയം. ഏറ്റവും ഗംഭീരമായത് കാഞ്ചനമാലയ്ക്ക് ജീവന്‍ പകര്‍ന്ന പാര്‍വതിയാണ്. ആഴമുളള അഭിനേത്രികള്‍ വിരളമായ മലയാളസിനിമയ്ക്ക് എത്ര ദീപ്തമായ കഥാപാത്രത്തേയും അനായാസം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള നടിയാണ് താനെന്ന് തെളിയിക്കുന്നതായി പാര്‍വതിയുടെ പ്രകടനം. അതുപോലെ പൃഥ്വി രാജും സായികുമാറും തുടങ്ങി എല്ലാവരുടേയും പ്രകടനം വളരെ ഗംഭീരമായി. ലെന അവതരിപ്പിച്ച മൊയ്തീന്റെ ഉമ്മയുടെ കഥാപാത്രം പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതുപോലെ തന്നെ സംഭാഷണത്തിലെ മിതത്വമാണ് ആ സിനിമയുടെ ജീവന്‍ ചോര്‍ന്നുപോകാതെ ശക്തിയേകിയ ഒരു പ്രധാന ഘടകം. ചില സുഖമില്ലായ്മകള്‍ അനുഭവപ്പെട്ടത് പശ്ചാത്തലസംഗീതത്തിന്റേയും കലാ സംവിധാനത്തിന്റേയും  മേക്കപ്പിന്റേയും കാര്യത്തിലാണ്. വിശേഷിച്ചും പൃഥ്വിരാജിന്റെ. മൊയ്തീന്‍ സ്‌ക്രീനില്‍ തെളിയുമ്പോഴെല്ലാം അയാളുടെ വിഗ് സ്വയം പ്രഖ്യാപിച്ചു നിന്നത് ചെറിയ കല്ലുകടിയായെന്ന് പറയാതിരിക്കുക നിവൃത്തിയില്ല. അതുപോലെ തന്നെ ചില രംഗങ്ങളില്‍ കാലഗണന അതിമായി നിഴലിച്ചുനിപ്പോള്‍ മറ്റു ചില രംഗങ്ങള്‍ വര്‍ത്തമാനകാലത്തിലേക്ക് നയിക്കുന്നതായിരുന്നു. ഉദാഹരണത്തിന് മക്കത്തെ സ്വകാര്യബസ്സ് കാലത്തെ വല്ലാതെ പിന്നിലേക്കു കൊണ്ടുപോകുമ്പോള്‍ ചില രംഗങ്ങളില്‍ ,വിശേഷിച്ചും തുടക്കത്തില്‍ കാഞ്ചനമാല വര്‍ത്തമാനകാല കോളേജ് വിദ്യാര്‍ഥിനിയെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മൊത്തത്തില്‍ ആ സിനിമ പുലര്‍ത്തിയ മികവില്‍ അത്തരം പോരായ്മകള്‍ വലിയ പരിക്കേല്‍പ്പിക്കാതെ പോയി.

 

Tags: