ഫീല്‍ ഗുഡ് വിജയം

Glint Staff
Mon, 09-06-2014 03:00:00 PM ;

 

മലയാള സിനിമയിലേക്കുള്ള സംവിധായിക അഞ്ജലി മേനോന്റെ കടന്നുവരവ് പുത്തനുണർവും പുത്തൻ കാഴ്ചയുമാണ് വാഗ്ദാനം ചെയ്യുന്നത്. അവരിൽ നിന്ന് ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ ദൃശ്യാനുഭവങ്ങൾ ഉണ്ടാവുമെന്ന് കരുതാം. അതിനുള്ള കാരണം അവരുടെ ഉസ്താദ് ഹോട്ടൽ എന്ന സിനിമയാണ്. കാണുമ്പോഴും കണ്ടിറങ്ങുമ്പോഴും കാണികൾക്ക് അറിയാൻ കഴിയാതെ പോലും സുഖം അനുഭവപ്പെട്ടിരുന്നു. ഒപ്പം സംസ്കാരത്തോടും മാനവികതയോടും ചേർന്നുനിന്നു കൊണ്ട് കാലികമായ പ്രമേയം ഒട്ടും മുഴച്ചുനിൽപ്പില്ലാതെ അവതരിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ നീചസുഖം പ്രേക്ഷകരിൽ ഉളവാക്കി സിനിമാ വിജയം ഉറപ്പുവരുത്തിയിരുന്ന സമവാക്യത്തിന് തിരുത്തലും പ്രഖ്യാപിച്ച് വൻവിജയം നേടുകയും ചെയ്തു ഉസ്താദ് ഹോട്ടൽ. അഞ്ജലിമേനോന്റെ ഒടുവിലത്തെ ചിത്രമായ ബാംഗ്ലൂർ ഡേയ്‌സ് ഇപ്പോൾ തിയറ്ററുകളിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുന്നു. ഒരാഴ്ച കൊണ്ട് പത്ത് കോടി രൂപയിലധികം നേടി ഇതിനകം തന്നെ റെക്കോഡ് ഇട്ടിരിക്കുകയാണ് ചിത്രം. എന്നാല്‍, കോടി ജനം  ഒരു കളവ് ആവർത്തിച്ചാലും കളവ് കളവ് തന്നെയായിരിക്കും, അത് സത്യമാവില്ല എന്നു പറയുന്നതുപോലെ ബാംഗ്ലൂർ ഡേയ്‌സ് ഇതുവരെയുള്ള കളക്ഷൻ റെക്കോർഡ് തകർത്താലും അത് അഞ്ജലി മേനോന്റെ നല്ല സിനിമയുടെ പട്ടികയിൽ വരില്ല.

 

ബാംഗ്ലൂർ ഡേയ്‌സിന്റെ അഭൂതപൂർവ്വമായ വിജയത്തിന്റെ പശ്ചാത്തലത്തിൽ കേരള ജനതയുടെ ആസ്വാദന തോതിനെക്കുറിച്ച് ഒരു നരവംശശാസ്ത്ര പഠനം നടത്താവുന്നതാണ്. കാരണം കൗമാരക്കാരും യുവാക്കളും ഈ സിനിമ ഉദാത്തമാണെന്ന്‍ കരുതുന്നു. അവർ ഈ സിനിമയിൽ കാണുന്ന നല്ല ഘടകം ഇതൊരു ഫീൽ ഗുഡ് മൂവിയാണെന്നാണ്. എന്താണ് സിനിമയുടെ കഥ, അഥവാ എന്തെങ്കിലും സിനിമയിലൂടെ പറയപ്പെടുന്നുണ്ടോ എന്ന് ഈ യുവാക്കളോട് ചോദിക്കുമ്പോഴാണ് അവർ പറയുന്നത്, അങ്ങനെയൊന്നുമില്ല ഇതൊരു ഫീൽ ഗുഡ് മൂവിയാണെന്ന്. കാരണം എന്താണ് ഈ സിനിമയുടെ കഥയെന്നുപോലും ഈ ഇഷ്ടപ്പെടുന്ന യുവാക്കൾക്ക് അറിയാൻ കഴിയുന്നില്ല. പൊതുവേ ഒരിഷ്ടം തോന്നുന്നു. അത്ര തന്നെ. എന്താണ് ആ സിനിമയിൽ അവർക്കിഷ്ടപ്പെടാൻ എന്നുള്ള അന്വേഷണത്തിൽ അത് ബാംഗ്ലൂർ നഗരത്തിന്റെ വർത്തമാനകാല ഫ്രീക്ക് സ്വഭാവവും ബൈക്ക് റേസുമാണോ എന്നുവരെ തോന്നിപ്പോകും.

 

മൂന്ന് കസിൻസ്. അവർ തമ്മിലുള്ള ബാല്യം മുതലുള്ള കളിയും കൂടലും. അത് മുതിർന്നപ്പോഴും തുടരുന്നു. അതിനിടയിൽ മലയാള സിനിമയിൽ തന്നെ കണ്ടു മുഷിഞ്ഞ രംഗങ്ങൾ  കുത്തിനിറച്ചിരിക്കുന്നു. ഭൂതകാലത്തിന്റെ മുറിയിൽ തടവിലകപ്പെട്ടുപോയ ഭർത്താവിനെ ഒരു മനശ്ശാസ്ത്ര ന്യായീകരണമോ മെലോഡ്രാമാകെൽപ്പോ ഇല്ലാതെ ഭാര്യ, ഭാര്യ എന്ന വർത്തമാനത്തിലേക്കു കൊണ്ടുവരാൻ ശ്രമിച്ച് വിജയിക്കുന്നു. റേഡിയോ ജോക്കിയുമായുള്ള പ്രണയം. കൽപ്പന തന്നെ ചെയ്തു മുഷിഞ്ഞ രംഗങ്ങൾ ഏതാണ്ട് അതേ പോലെ കാണിച്ച് നഗര-ഗ്രാമ സാംസ്കാരിക പൊരുത്തക്കേടുകൾ. എന്നുവേണ്ട മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക സമസ്യകളും പറയാൻ ഉദ്ദേശിച്ചതുപോലെ തോന്നും സിനിമ കണ്ടാൽ. അതായത് പഴകിയ ഭാര്യാഭർതൃബന്ധത്തിലെ ബോറടിയും അതിൽ നിന്നുള്ള രക്ഷപ്പെടലുമൊക്കെ. പക്ഷേ എന്താ പറഞ്ഞേന്നു ചോദിച്ചാൽ ബുദ്ധിമുട്ടാകും.

    

ഉസ്താദ് ഹോട്ടലിൽ കണ്ട സ്ത്രീസൗന്ദര്യാത്മകതയും ബാംഗ്ലൂർ ഡേയ്‌സിൽ അപ്രത്യക്ഷമായിരിക്കുന്നു. കസിൻസ് തമ്മിലുള്ള ബന്ധത്തെ തന്തുവാക്കിയുള്ള പ്രമേയത്തിൽ മാത്രമാണ് ഉസ്താദ് ഹോട്ടലിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയാൽ ഈ സിനിമയിൽ അഞ്ജലി മേനോന്റെ സാന്നിദ്ധ്യം പ്രകടമാകുന്നുള്ളു. കഥാതന്തു നൽകിയിട്ട് ചിത്രീകരിക്കാൻ മറ്റാരേയോ ഏൽപ്പിച്ച് മാറിനിന്ന മാതിരി. ഒരുപക്ഷേ കഥയേക്കാൾ മാതിരിയും രീതിയുമായിരിക്കണം ബാംഗ്ലൂർ ഡേയ്‌സിന്റെ  തിയറ്റർ വിജയം ഉറപ്പാക്കുന്നത്.

 

ഈ സിനിമ പറയാൻ ഉദ്ദേശിച്ച കഥയിലെ അവ്യക്തത പോലെ സമീര്‍ താഹിറിന്റെ ക്യാമറയും ചില സുഖമില്ലായ്മയും അവ്യക്തതകളും പ്രേക്ഷകരിൽ ജനിപ്പിച്ചില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിവിൻപോളി മെച്ചപ്പെട്ട രീതിയിൽ അഭിനയം കാഴ്ചവച്ചിരിക്കുന്നു എന്നത് ഈ സിനിമയില്‍ നിന്ന്‍ കണ്ടെടുക്കാവുന്ന ഗുണകരമായ ഒരു കാര്യം. ഭാവപ്പകർച്ചകളുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ നിവിൻപോളിക്ക് കഴിയുമെന്ന് സിനിമ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ ഉസ്താദ് ഹോട്ടലിനു ശേഷം ദുൽക്കറിന്റെ ഭേദപ്പെട്ട പ്രകടനമാണ് ബാംഗ്ലൂർ ഡേയ്‌സിലുള്ളത്. കഥാപാത്രത്തിനോട്‌ പരമാവധി നീതി പുലർത്തുവാൻ ദുൽക്കറിനു കഴിഞ്ഞു.

    

അഞ്ജലി മേനോൻ മലയാള സിനിമയ്ക്ക് പ്രതീക്ഷയും ആശ്വാസവും തന്നെയാണ്. ഇപ്പോൾ കിട്ടിയിരിക്കുന്ന തിയറ്റർ വിജയത്തിലൂടെ അവർ ഒരു ഹിറ്റ് മേക്കറായിരിക്കുകയാണ്. ഈ അവസരമുപയോഗിച്ച് നല്ല സിനിമകൾ അഞ്ജലി മേനോൻ ഒരുക്കുമെന്ന് പ്രത്യാശിക്കാം. അങ്ങനെ സംഭവിക്കട്ടെ. മറിച്ചാണെങ്കിൽ ഹിറ്റ്‌മേക്കർ എന്ന വിശേഷണം അധികനാള്‍ അവരോടൊപ്പം ഉണ്ടാകില്ല

Tags: