പുത്തനിസമില്ലെങ്കിലും നഷ്ടബോധം തോന്നിക്കാത്ത വിക്രമാദിത്യന്‍

മാധവി ഘോഷ് കെ.
Tue, 05-08-2014 02:44:00 PM ;

vikramadithyan

 

ഉജ്ജയിനിലെ വിക്രമാദിത്യ മഹാരാജാവും കീഴ്ക്കാംപാട്ടായി തൂങ്ങിയാടിയ വേതാളവും ആയിരുന്നു നാളിതുവരെ മലയാളിയുടെ മനസ്സിൽ വിക്രമാദിത്യൻ എന്ന് കേൾക്കുമ്പോൾ തെളിഞ്ഞുവന്നിരുന്നത്. എന്നാൽ രണ്ടായിരത്തിപ്പതിന്നാലിൽ കട്ടിമീശവെച്ച ദുൽഖറും അദ്ദേഹത്തിന്റെ കൈയ്യിലെ മസ്സിൽമാൻ ഉണ്ണി മുകുന്ദന്റേയും പകച്ച മുഖമായി തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു ആ ചിത്രം.

 

വിക്രമാദിത്യ മഹാരാജാവിന്റെ മഹത്വത്തോട് നീതി പുലർത്തിയാകണം ലാൽ ജോസ് ഈ പേര് രണ്ടു നായകന്മാർക്ക് വീതിച്ചുകൊടുത്തു- വിക്രമനും  (ഉണ്ണി മുകുന്ദൻ) ആദിത്യനും (ദുൽഖർ). കൂടെ ഒന്നൊഴിയാതെ എല്ലാ രംഗങ്ങളിലും ദീപികയായി നമിതാ പ്രമോദും. ഹിറ്റ് ചിത്രങ്ങളുടെ കണിശം ചേരുവകളായ അനൂപ് മേനോനും ലെനയും ജോയി മാത്യുവും ജനറേഷൻ ഒരെണ്ണം പിന്നിൽ നിന്ന് സജീവസാന്നിദ്ധ്യം അറിയിക്കുന്നു.

   

Spoiler Ahead

 

ഫ്ലാഷ് ബാക്കുകളിൽ തുടങ്ങി ഫ്ലാഷ് ബാക്കുകളിലൂടെ നീങ്ങുന്ന ഈ ചിത്രം ആരംഭിക്കുന്നത് കോൺസ്റ്റബിൾ ശിവദാസ ഷേണായി (അനൂപ് മേനോൻ) മറ്റൊരു പോലീസായ ലക്ഷ്മി നായരോട് (ലെന) നടത്തുന്ന പ്രണയാഭ്യർഥനയിൽ നിന്നാണ്. വളരെ പ്രയാസപ്പെട്ട് തന്റെ അമ്മയുടെ അനുവാദം വാങ്ങിവന്ന ശിവദാസ ഷേണായി, പക്ഷേ വൈകിപ്പോയി. ഇടയ്ക്ക് പോലീസ് വേഷത്തിൽ കയറിയ കുഞ്ഞുണ്ണി എന്ന കള്ളന്റെ ഇന്ദ്രജാലങ്ങളിൽ ലക്ഷ്മി വീണു. ആ നഷ്ടബോധവും അമർഷവും ഷേണായിൽ ഉടനീളം കാണാം. ചിത്രത്തിന്റെ നാടകീയത കൈവിടാതെ ഇരുവർക്കും ഒരേ സമയം തന്നെ ആൺകുട്ടികൾ ജനിക്കുന്നു. ഷേണായി സ്നേഹപൂർവ്വം തന്റെ മകനെ വിക്രമാ എന്നു വിളിക്കുമ്പോൾ കുഞ്ഞുണ്ണി വിട്ടുകൊടുക്കാതെ തന്നെ  തന്റെ മകന് ആദിത്യൻ എന്നും പേരിട്ടു.

 

കുട്ടിക്കാലം ഒരുമിച്ച് ഒരേ സ്കൂളിൽ പഠിച്ചുവളർന്ന ഇരുവരുടേയും ഇടയിൽ വിളക്കൽകണ്ണിയായി ദീപികയും ഉണ്ടായിരുന്നു. അച്ഛനമ്മമാർ പോലീസാണെന്ന അഹങ്കാരം രണ്ടുപേരും കൊണ്ടുനടന്നിരുന്നു. എന്നാൽ ഒരു മോഷണത്തിനിടയിൽ ഷേണായി കുഞ്ഞുണ്ണിയെ പിടിക്കുന്നു. ഇത് നേരിൽ കാണേണ്ടിവന്ന ആദിത്യന്റെ മനസ് ഉലയുന്നു. തന്റെ ആരാധനാപുരുഷനായ അച്ഛന്റെ ഈ വിഗ്രഹത്തകർച്ച ആദിത്യന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. തുടർന്നങ്ങോട്ട് ഒരു സമർഥനായി, എന്നാൽ കൂട്ടുകെട്ടിൽ പെട്ട് തലതിരിഞ്ഞ്, കള്ളന്റെ മകനായി ആദിത്യനും കഠിനാധ്വാനിയും സൽസ്വഭാവിയുമായി, പോലീസുകാരന്റെ മകനായി വിക്രമനും ഒരു സിനിമയുടെ അത്യാവശ്യ ചേരുവകളിലൂടെ വളരുന്നു. ഒപ്പം ഒരു ത്രികോണപ്രണയവും.
 

അധ്വാനത്തിലൂടെ മുന്നേറുന്ന വിക്രമും സമർഥനായ ആദിയും ഒരേപോലെ പി.എസ്.സി പരീക്ഷകളെഴുതുന്നു. എസ്.ഐ സെലക്ഷന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടും വിക്രമനേക്കാള്‍ ഉയർന്ന റാങ്ക് കരസ്ഥമാക്കിയിട്ടും ആദിത്യന് ശിവദാസ ഷേണായിയുടെ കൈകടത്തലാൽ അവസരം നഷ്ടപ്പെടുന്നു. സമ്മർദ്ദത്തിനു വഴങ്ങിയിട്ടാണെങ്കിലും തന്റെ അമ്മയും ഇതിന് കൂട്ടുനിന്നു എന്നറിഞ്ഞ് ആദിത്യൻ നാടുവിടുന്നു.

 

ഒന്നുരണ്ടു വർഷങ്ങൾക്കു ശേഷം തിരിച്ചുവരുന്ന ആദിത്യന് പറയാനുള്ള കഥയാണ് സിനിമയുടെ സസ്‌പെൻസ്. ഇതവതരിപ്പിക്കാനായി ലാൽ ജോസ് കണ്ടെത്തിയത് സബ് കളക്ടർ ലൂക്കോസിനെയാണ് (നിവിൻ പോളി). തുടർന്ന് പൊടിക്ക് പ്രചോദന സന്ദേശത്തോടുകൂടി കഥ അവസാനിക്കുന്നു. ശുഭം.

 

എഡിറ്റിംഗിലും സംവിധാനത്തിലും ഒരു ലാൽ ജോസ് ചിത്രത്തിന്റെ കൈയ്യൊപ്പ് കാണാനില്ല. എങ്കിലും ഇന്നത്തെ ഹിറ്റ് ചേരുവകൾ ചേർന്ന വിക്രമാദിത്യന് ബോക്സോഫീസിൽ പരാജയമായിരിക്കില്ല കാത്തിരിക്കുന്നത്. ദുൽഖറിന്റെ കിടിലൻ ലുക്‌സും ഉണ്ണി മുകുന്ദന്റെ മസിൽ ഷോയും ഹിറ്റിലേക്കു നയിക്കുന്നവയാണെന്ന് പറയാം. എപ്പോഴുമെന്ന പോലെ ലെനയും അനൂപ് മേനോനും പൈ എന്ന ഹോമിയോ ഡോക്ടറായി ജോയി മാത്യവും തന്മയത്വത്തോടെയുള്ള അഭിനയത്താൽ ശ്രദ്ധിക്കപ്പെടുന്നു. സ്ക്രീനിൽ സൗന്ദര്യസാന്നിദ്ധ്യമായി നമിതാ പ്രമോദ് സജീവമാണെങ്കിലും, അഭിനയം അത്രയ്ക്ക് വേണമായിരുന്നോ എന്ന് പലയിടത്തും പ്രേക്ഷകർക്ക് സംശയം. ക്ലൈമാക്സില്‍ അതിഥിവേഷത്തിലെത്തുന്ന നിവിൻ പോളി ഒരാശ്വസമാണെന്ന് പറയാം. അഭിനയമികവിന്റെ കഥയൊന്നും പറയാനില്ലെങ്കിലും തന്റെ ജോലി നിവിൻ ഭേദപ്പെട്ട രീതിയിൽ നിർവഹിച്ചിരിക്കുന്നു. വലിയ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ബിജിബാലിന്റെ സംഗീതത്തിൽ വിക്രമാദിത്യനിലെ പാട്ടുകൾ ഹിറ്റിലേക്ക് കടക്കുന്നു.

 

സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും ദൃഢനിശ്ചയമുണ്ടെങ്കിൽ എന്തിനേയും കീഴടക്കാം എന്ന സന്ദേശവുമാണ് കഥകൊണ്ടു ഉദ്ദേശിച്ചത് എന്ന് കാണികൾക്ക് ബുദ്ധിയിൽ മനസ്സിലാകുമെങ്കിലും അത് അതിന്റെ തീവ്രതയിൽ അനുഭവസുഖത്തിൽ  ചിത്രത്തിന് എത്തിക്കാനായോ എന്നുള്ളത് സംശയമാണ്.

 

ഇതിനോടകം തന്നെ വാട്ട്‌സാപ്പിൽ വിക്രമാദിത്യന്റെ കഥ വൈറലായി പടരുന്നു. സസ്‌പെൻസ് ഉൾപ്പടെ. എന്നാൽ ഈ സാഡിസ്റ്റ് നീക്കത്തിൽ കാണികൾക്ക് നഷ്ടമില്ല എന്നു പറയട്ടെ. പ്രമേയത്തിൽ അധികം പുത്തനിസമൊന്നും തിരുകിയിട്ടില്ലാത്ത ഈ ചിത്രം രണ്ടരമണിക്കൂർ വലിയ ജീവിതപിരിമുറുക്കങ്ങളിൽ കാണികളെ പെടുത്താത്ത ഒരു ശരാശരി കാഴ്ചാനുഭവമാണ്. സിനിമ ഒരു ദൃശ്യസംയോജനമായി, ഇടവേളകളിലെ ഒരു നേരമ്പോക്കായി ആസ്വദിക്കുന്നവർക്ക് വലിയ നഷ്ടബോധമില്ലാതെ കാണാവുന്ന ഒരു ചിത്രം. അല്ലാത്ത പക്ഷം  വിമർശനകൊലപാതകത്തിനുള്ള  അവസരസമൃദ്ധിയും. രണ്ടായാലും മുടക്കിയ പൈസ വസൂൽ.

തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പാദവാര്‍ഷിക വായ്പാനയം പ്രഖ്യാപിച്ചു. - See more at: http://www.lifeglint.com/content/india/140805/reserve-bank-keeps-key-rat...

Tags: