പ്രമുഖ ഛായാഗ്രാഹകന്‍ അശോക്‌ കുമാര്‍ അന്തരിച്ചു

Wed, 22-10-2014 12:54:00 PM ;

ashok kumar

 

ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന അശോക്‌ കുമാര്‍ അഗര്‍വാള്‍ ബുധനാഴ്ച അന്തരിച്ചു. ഛായാഗ്രാഹണത്തിന് 1980-ല്‍ ദേശീയ പുരസ്കാരവും മൂന്ന്‍ തവണ കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ചെന്നൈയിലും ഹൈദരാബാദിലുംയി ചികിത്സയില്‍ കഴിയുകയായിരുന്നു.     

 

പി.എന്‍ മേനോന്‍, ഭരതന്‍, ഫാസില്‍ തുടങ്ങിയവരുടെ ശ്രദ്ധേയചിത്രങ്ങളില്‍ ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട് അശോക് കുമാര്‍. 125-ല്‍ അധികം ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന അദ്ദേഹം ബോളിവുഡിലും ഹോളിവുഡിലും ചിത്രങ്ങള്‍ ചെയ്തു. ആറു ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

 

നെഞ്ചത്തില്‍ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അശോക്‌ കുമാര്‍ ദേശീയ പുരസ്കാരം നേടിയത്. ഛായാഗ്രഹണ മികവിന് 1969, 1973, 1977 എന്നീ വര്‍ഷങ്ങളില്‍ കേരള സംസ്ഥാന പുരസ്കാരവും 1980-ലും 1988-ല്‍ താന്‍ സംവിധാനം ചെയ്ത അന്ന്‍ പെയ്ത മഴയില്‍ എന്ന ചിത്രത്തിലൂടെ തമിഴ്‌നാട്‌ സംസ്ഥാന പുരസ്കാരവും 2000-ത്തില്‍ ആന്ധ്രപ്രദേശ്‌ സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും അശോക്‌ കുമാര്‍ നേടി. അദ്ദേഹം സംവിധാനം ചെയ്ത തെലുങ്ക് ചിത്രം അഭിനന്ദനയും ഹിന്ദി ചിത്രം കാമാഗിനിയും വിവിധ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.   

 

കുട്ട്യേടത്തി, ചെമ്പരത്തി, സ്വപ്നം, ലോറി, തകര, മോഹന്‍ ലാലിന്റെ ആദ്യ റിലീസ് ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, നവംബറിന്റെ നഷ്ടം, നോക്കെത്താദൂരത്ത് കണ്ണും നട്ട്, പറന്ന് പറന്ന് പറന്ന്, ഡെയ്സി, ഒരുക്കം എന്നിവയാണ് അശോക് കുമാര്‍ ക്യാമറ ചലിപ്പിച്ച പ്രധാന മലയാള ചിത്രങ്ങള്‍. 2003-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കോവില്‍പ്പെട്ടി വീരലക്ഷ്മിയാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.  

Tags: