സൗഹൃദത്തിന്റെ മാനവികത

ഫസ്ന ജമീല്‍
Fri, 30-01-2015 12:50:00 PM ;

 

അമിതമായ ബഹളങ്ങള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമ ഒരുക്കിയിരിക്കുകയാണ് പിക്കറ്റ് 43 എന്ന പുതിയ ചിത്രത്തില്‍ മേജര്‍ രവി. നമ്മുടെ ചലച്ചിത്രങ്ങളില്‍ പലപ്പോഴും കാണുന്ന അനാവശ്യവും അവസരോചിതവുമല്ലാത്ത പ്രണയമുള്‍പ്പെടെയുള്ള ഉപകഥകള്‍ക്ക് പൂര്‍ണ്ണമായും തടയിട്ടുകൊണ്ട് പ്രമേയത്തെ അവതരിപ്പിക്കുന്നു ഈ ചിത്രം. ഒരു പട്ടാളക്കാരന്റെ ജീവിതത്തില്‍ മൃദുലവികാരങ്ങള്‍ക്ക് ഒട്ടും സ്ഥാനമില്ല എന്ന്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ തന്നെ മനോഹരമായ ഒരു സൗഹൃദത്തിന്റെ കഥ പറയുകയാണ്‌ പിക്കറ്റ് 43.

 

ഒരു മേജര്‍ രവി ചിത്രത്തില്‍ നിന്ന്‍ സാധാരണ പ്രതീക്ഷിക്കുന്നതില്‍ നിന്ന്‍ വ്യത്യസ്തമായി അമിതമായ താരപരിവേഷം ഇല്ലാതെ, അതിനേക്കാള്‍ ഉപരിയായി, സമൂഹത്തിന് ഒരു ചിന്താവിഷയം നല്‍കാന്‍ ഈ ചലച്ചിത്രത്തിന് കഴിയുന്നു. ജിഹാദ് എന്ന വാക്കിനെ തെറ്റായി വ്യാഖ്യാനിച്ച് യഥാര്‍ത്ഥ മതവിശ്വാസിയ്ക്ക് നാണക്കേട്‌ ഉണ്ടാക്കുന്ന തീവ്രവാദത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ഒരു പരിധിവരെ സംവിധായകന്‍ ശ്രമിക്കുന്നു.

 

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ നിയന്ത്രണരേഖയില്‍ ഏതാനും മീറ്ററുകള്‍ മാത്രം അകലത്തിലുള്ള ഒറ്റയാള്‍ പിക്കറ്റുകളിലെ രണ്ട് സൈനികര്‍ തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദമാണ് ചലച്ചിത്രത്തിന്റെ കാതല്‍. ഹവില്‍ദാര്‍ രവീന്ദ്രന്റേയും മുഷാറഫിന്റേയും വേഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനും ജാവേദ്‌ ജഫ്രിയ്ക്കും കഴിഞ്ഞു. ഇവരുടെ വ്യക്തിജീവിതങ്ങളിലും മാനസിക പ്രതിസന്ധികളിലും തെളിയുന്നതാകട്ടെ സാധാരണക്കാരായ ഇന്ത്യാക്കാരുടേയും പാകിസ്ഥാന്‍കാരുടേയും ജീവിതങ്ങളും. അതുകൊണ്ടുതന്നെ, എന്തുകൊണ്ട് ഈ രണ്ട് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സൗഹാര്‍ദത്തോടെ മുന്നോട്ടുപോയിക്കൂടാ എന്ന മാനവികമായ ചിന്ത ജനിപ്പിക്കാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് കഴിയുന്നു. യുദ്ധങ്ങളില്ലാത്ത, വെടിയൊച്ചകളില്ലാത്ത, ദീനരോദനങ്ങളില്ലാത്ത ഒരു നാളെ സൃഷ്ടിക്കാന്‍ അത് അനിവാര്യമാണ്.

 

കൂട്ടത്തില്‍ ബക്കാര്‍ഡി എന്ന ആര്‍മി ഡോഗിനെക്കുറിച്ച് പറയാതിരിക്കാന്‍ വയ്യ. ചിലപ്പോള്‍ മനുഷ്യരേക്കാള്‍ സ്നേഹം വളര്‍ത്തുമൃഗങ്ങള്‍ക്ക് നമ്മോടുണ്ടാകും എന്ന്‍ ഓര്‍മ്മിപ്പിക്കുന്നതാണ് ബക്കാര്‍ഡിയുടെ ‘അഭിനയം’. വളരെ നന്നായി പരിശീലനം നേടിയ നായയാണ്‌ ബക്കാര്‍ഡി എന്നതില്‍ സംശയമില്ല. തന്റെ ഏകാന്ത ജീവിതത്തില്‍ ഹരീന്ദ്രന്‍ അല്‍പ്പമെങ്കിലും ആശ്വാസം കണ്ടെത്തുന്നത് ബക്കാര്‍ഡിയുമായി തന്റെ വിഷമങ്ങള്‍ പങ്കിട്ടാണ്‌. ‘പട്ടി’ എന്ന്‍ ബക്കാര്‍ഡിയെ വിളിക്കുന്നത് പോലും ഹരീന്ദ്രനെ ആലോസരപ്പെടുത്തുന്നുണ്ട്.

 

ചിത്രത്തിന്റെ വിജയത്തില്‍ ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണിന്റെ പങ്കും വളരെ വലുതാണ്‌. കശ്മീരിന്റെ വശ്യഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ ജോമോന് കഴിഞ്ഞു. ഹരീന്ദ്രന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ആയെത്തുന്ന രണ്‍ജി പണിക്കരും മികച്ച പ്രകടനം കാഴ്ചവെച്ചു.

 

ഈയിടെ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം പി.കെയിലെ പോലെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നമ്മള്‍ നമ്മോട് തന്നെ ചോദിച്ചു പോകുന്ന പ്രമേയമാണ് പിക്കറ്റ് 43-യും അവതരിപ്പിക്കുന്നത്. മതത്തിന്റെ പേരില്‍ അല്ലെങ്കില്‍ ദേശത്തിന്റെ പേരില്‍ മനുഷ്യര്‍ അങ്ങോട്ടുമിങ്ങോട്ടും കടിച്ചുകീറുന്നതിലെ യുക്തിരാഹിത്യങ്ങള്‍. ഒരപകടം വരുമ്പോള്‍ രക്തത്തിന്റെ ആവശ്യം വന്നാല്‍ ഇത് രാമന്റെ അല്ലെങ്കില്‍ മുഹമ്മദിന്റെ അല്ലെങ്കില്‍ ജോസഫിന്റെ രക്തമാണോ എന്ന്‍ ആരും ചോദിക്കാറില്ലല്ലോ.           

Tags: