സൗന്ദര്യം തുളുമ്പുന്ന ഗുഡ് ഡൈനോസിറസ്

ഡി. എസ്. തമ്പുരാന്‍
Fri, 25-12-2015 10:42:00 PM ;

ആദ്ധ്യാത്മികതയുടെ ആത്യന്തിക സ്വഭാവം മനുഷ്യനെ മനുഷ്യനാക്കുക എന്നതാണ്. ആ മനുഷ്യത്വം എന്നത് എന്താവണമെന്നതിലാണ് മനുഷ്യന്‍ ആദ്ധ്യാമത്മികതയുടെ പാതയിലേക്ക് നീങ്ങുകയാണോ അതോ മനുഷ്യകോലത്തില്‍ മൃഗത്തിന്റെ പാതയിലൂടെ നീങ്ങുകയാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. മൃഗങ്ങളിലൂടെ മനുഷ്യഗുണത്തെ ഉത്തേജിപ്പിക്കും വിധം കഥ പറയുന്ന ത്രീഡി സിനിമയാണ് ദ ഗുഡ് ഡൈനോസിറസ്. പ്രമേയത്തില്‍ തെല്ലും പുതുമയില്ല. അതേ സമയം ആനിമേഷന്റെ സര്‍ഗ്ഗാത്മകത ഉപയോഗിച്ച് ത്രിമാനതയുടെ കാല്പനികത കാഴ്ചക്കാരനിലേക്ക് ആസ്വാദ്യമായി സന്നിവേശിപ്പിച്ചിരിക്കുന്നു പീറ്റര്‍ സോഹന്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഈ സിനിമ.  

         ഒരേ സമയം മാനേജ്‌മെന്റ് ക്ലാസ്സുകളിലും അതേ സമയം പ്രചോദന-വ്യക്തിത്വ വികസന ക്ലാസ്സുകളിലും കാണിക്കാന്‍ പററിയ ഒന്നാണിത്. അത് ആദ്ധ്യാത്മിക തലത്തിലൂടെ നീങ്ങുന്നതിന്റെ ഭംഗി ദൗര്‍ബല്യങ്ങളുടെ ഗര്‍ത്തത്തില്‍ നിന്ന് സാഹചര്യങ്ങളിലൂടെ ദൗര്‍ബല്യങ്ങളില്‍ നിന്ന് പുറത്തു വന്ന് തന്റെ മുദ്ര തെളിയിക്കുന്ന ഒരു ഡൈനോസിറസ് കുടുംബത്തിലെ അനാരോഗ്യവാനും കഷ്ടിച്ച് വൈകല്യങ്ങളില്‍ നിന്നും രക്ഷപെട്ട കുള്ളന്‍ ഡൈനോസിറസ്സിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തമസ്സില്‍ നിന്നും ജ്യോതിസ്സ് ഉയരുന്നതുപോലെയാണ് ഈ പേടിത്തൊണ്ട്‌നായ ഡൈനോസിറസ്സിനു പരിണാമം സംഭവിക്കുന്നത്.

      നക്ഷത്രസദൃശമായ ഉപഗ്രഹ പതനത്തിലൂടെ ആറര കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ ഡൈനോസറുകളുടെ ഒരു ചെറുകഥയുടെ ആഖ്യാനത്തോടെയാണ് തുടക്കം. ദശാബ്ദ്ങ്ങള്‍ക്കു ശേഷം സസ്യഭുക്കുകളായ രണ്ട് വമ്പന്‍ ഡൈനോസറസ്സുകള്‍ക്ക് മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നു. ലിബ്ബി, ബക്ക്, ആര്‍ലോ. ലിബ്ബിയും ബക്കും സാധാരണ അച്ഛനമ്മമാരേപ്പോലുള്ള ഡൈനോസറസ്സുകള്‍. എന്നാല്‍ ആര്‍ലോ ജന്മത്തില്‍ തന്നെ ദൗര്‍ബല്യങ്ങളും പരിമിതികളുമായി ജനിച്ചു. ലിബ്ബിയും ബക്കും കൃഷിയിടത്തെ പണിയും വിളവെടുപ്പുമൊക്കെ അച്ഛനമ്മമാരോടൊപ്പമെടുത്ത് അച്ഛനമ്മമാരുടെ ജീവിതം ആവര്‍ത്തിച്ചു. എന്നാല്‍ പാവം ആര്‍ലോയ്ക്ക കാര്യമായി കൃഷിയിലോ വിളവെടുപ്പിലൊ ഒന്നും മറ്റുള്ളവരെപ്പോലെ സഹായിക്കാന്‍ കഴിഞ്ഞില്ല. ഇത് അപ്പന്‍ ഹെന്‍ റിയെ വല്ലാതെ വിഷമിപ്പിച്ചു. അവനെ ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ കൊണ്ടുവരുന്നതിന്റെ ഭാഗമായി വിള തിന്നാന്‍ വരുന്ന പ്രത്യേകതരം ജീവിയെ കെണിവെച്ചു പിടിക്കാനുള്ള ജോലി അപ്പന്‍ ആല്‍റോയെ ഏല്‍പ്പിക്കുന്നു. ആര്‍ലോ കാവലിരുന്ന രാത്രിയില്‍ കെണിയില്‍ ഈ ജീവി അകപ്പെടുന്നു. എങ്ങനെയാണ് അതിനെ കൊല്ലേണ്ടതെന്നുമൊക്കെ അപ്പന്‍ കാണിച്ചു കൊടുത്തിട്ടുണ്ട്. പക്ഷേ ആല്‍റോയ്ക്ക് അതിനെ കൊല്ലാന്‍ മനസ്സു വന്നില്ല. കെണിയില്‍ കിടന്ന് മരണവെപ്രാളമെടുക്കുന്ന ആ ജിവിയെ കണ്ടപ്പോള്‍ അലിവ് തോന്നി അതിനെ മോചിപ്പിക്കുകയും ചെയ്തു. അതിനെ കൊല്ലുന്നതിനായി പിന്തുടരാന്‍ ഹെന്‍ റി ആല്‍റോയെ നിര്‍ബന്ധിക്കുകയും വമ്പന്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലുള്ള നദിക്കരയിലൂടെ ആ ജിവിയെ പിന്തുടരുകയും ചെയ്യുന്നു. ഒടുവില്‍ മലവെള്ളപ്പാച്ചിലില്‍ ഹെന്‍ റി അകപ്പെട്ടു മരിക്കുന്നു.

 

        ഒരു ദിവസം ശൈത്യകാലത്തേക്കു സൂക്ഷിച്ചിട്ടുള്ള കിഴങ്ങു സൂക്ഷിച്ചിരുന്ന അറയ്ക്കുള്ളില്‍ ഈ ജിവിയെ കണ്ടു. അതിനെ കൊല്ലുന്നതിനു വേണ്ടി പിന്നാലെ പൊയ ആല്‍റോ നദിയിലെ വളളപ്പാച്ചില്‍ പെടുകയും ഒഴിക്കില്‍ പെട്ട് വിദൂരമായ ഒരിടത്ത് അബോധാവസ്ഥയില്‍ എത്തപ്പെട്ടു. ഇലയനക്കം കേട്ടാല്‍ പോലും പേടിച്ചുപോകുന്ന ആല്‍റോയുടെ മടക്കയാത്രയാണ് ഒരു ത്രില്ലറിന്റേയും നാടകീയതയൂടെയും മുഹൂര്‍ത്തങ്ങളിലൂടെ പറയുന്നത്. സംഭവബഹുലമായ ആ യാത്രയില്‍ താന്‍ കൊല്ലാനോടിച്ച ആ ഗുഹാജീവിയും ഒപ്പം സുഹൃത്തായി ഉണ്ട്. ആല്‍റോയുടെ മൂക്കിനു മേലിരുന്നാല്‍ ഈച്ചയെന്നു തോന്നുന്ന ആ ജീവിയാണ് അസാധാരണ ധൈര്യത്തിലൂടെ ആല്‍റോയെ ആദ്യം ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നത്.പിന്നീടങ്ങോട്ടുള്ള സംഭവബഹുലതകളാണ് കമ്പ്യൂട്ടര്‍ ആനിമേഷന്റേയും ത്രീഡിയുടേയും സാധ്യതയും ഭംഗിയും വെളിപ്പെടുത്തുന്നത്

          മെഗ് ലെ ഫാവുന്റെ ഭദ്രമായ തിരക്കഥയില്‍ രൂപം കൊണ്ട ഈ ചലച്ചിത്രത്തിന് ലൈഫ് ഓഫ് പൈയുടെ സംഗീത സംവിധായകരായ മിഷേല്‍ ഡാന്നയും ജെഫ് ഡാന്നയും ചേര്‍ന്നാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ലൈഫ് ഓഫ് പൈയുടെ സംഗീതത്തെ ചിലയിടത്ത് ഓര്‍മ്മിപ്പിച്ചെങ്കിലും കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത് ആസ്വാദ്യം തന്നെയായിരുന്നു.

Tags: