മുന്തിരിവള്ളിയിൽ കയ്പൻ മുന്തിരി

ഡി. എസ് തമ്പുരാൻ
Tue, 24-01-2017 12:11:34 PM ;

 

രാസവളവും കീടനാശിനി പ്രയോഗവും കാരണം ഇപ്പോൾ മുന്തിരിങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നു മാത്രമല്ല അപകടം കൂടിയാണ്. എന്നിരുന്നാലും ഇപ്പോഴും മുന്തിരങ്ങ വിപണിയിൽ പെട്ടിയിലും പുറത്തു വച്ചുമൊക്കെ വിൽക്കപ്പെടുന്നുണ്ട്. മുന്തിരിയോടുള്ള കൊതി കാരണം ആളുകൾ   മുന്തിരി വാങ്ങിക്കഴിക്കാറുണ്ട്. വിഷമാണെങ്കിലും അവർ വാങ്ങുന്നതിനു മുൻപ് ഒന്നുരണ്ടെണ്ണം തൊലി തെറ്റിച്ച് തിന്നു നോക്കും. ചുരുങ്ങിയ പക്ഷം ചെറിയ മധുരമെങ്കിലുമുണ്ടോ എന്നറിയാൻ. പുളിയുണ്ടെങ്കിലും ചിലപ്പോൾ ആൾക്കാർ വാങ്ങും. മുന്തിരിയല്ലേ. മോഹൻലാലും മീനയും നായകനും  നായികയുമായെത്തിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരിൽ കയ്പ്പും ചവർപ്പും പിന്നെ എന്തെല്ലാമോ ആയ അനുഭവം.

 

ദോഷം പറയരുത്, സിനിമ ഉഗ്രൻ സോദ്ദേശപരമാണ്. മധ്യവയസ്സിലെത്തിയവരും അല്ലാത്തവരുമായ ദമ്പതികളിൽ ഭർത്താക്കന്മാർ ശൃംഗാരവേലുക്കളായി ഭാര്യമാരെ പ്രണയിക്കണം. ആ പ്രണയം മൂരിശൃംഗാരത്തിന്റെ വ്യാകരണത്തിൽ മക്കളെ കാണിച്ചുകൊടുക്കണം. ഒരു ഫ്ളാറ്റ് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് സെക്രട്ടറിയായ മോഹൻലാലിലൂടെയും മറ്റുളളവരിലൂടെയും സംവിധായകൻ ജിബു ജേക്കബ് പറഞ്ഞൊപ്പിക്കുന്ന സംഗതി ഇതാണ്. 

 

നന്നായി കാശ് ചിലവാക്കി എല്ലാം കൂടി കുറഞ്ഞത് മൂന്നു നാല് മണിക്കൂർ ചിലവഴിക്കാൻ തീയറ്ററിലേക്കു പോകുന്ന പ്രേക്ഷകന് ചില തയ്യാറെടുപ്പുകളുണ്ട്. അതായത് കാണാൻ പോകുന്നത് കലാസൃഷ്ടിയാണ്. കലാസൃഷ്ടി ആസ്വദിക്കുന്നത് ബുദ്ധികൊണ്ടല്ല. എന്നുവെച്ച് ബുദ്ധി ആവശ്യമില്ലെന്നല്ല. ഒരു സങ്കൽപ്പലോകത്തിലേക്ക് പ്രവേശിക്കാൻ പ്രേക്ഷകൻ സ്വയം തയ്യാറാവുകയാണ്. ആ ലോകത്തിലേക്കു പോകുമ്പോൾ അവനും അവളും അവരുടെ ഇന്ദ്രിയങ്ങളിലൂടെ മനസ്സിന്റെ ഉപബോധ തലവുമായി സംവദിക്കുകയും കാണുന്നവരുടെ ഉള്ളിൽ അവരറിയാത്ത ഭാവതലങ്ങൾ ഉണരുകയും ചെയ്യുന്നു. ഒരു പ്രസ്താവനയാണെങ്കിൽ അത് മനുഷ്യന് മനസ്സിലാക്കാൻ സാധാരണ സാമാന്യബുദ്ധിയുടെ ഉണരൽ മാത്രമേ ആവശ്യമായി വരികയുള്ളു. സിനിമ തീയറ്ററിലെ ഇരുട്ടിനുള്ളിലെ തിരിശ്ശീലയിലാണ് തെളിയുന്നതെങ്കിലും അത് പ്രേക്ഷകർ കാണുന്നത് അവരുടെ ഉള്ളിലാണ്. ബുദ്ധികൊണ്ടല്ല മോഹൻലാലിനെയും മീനയെയും മറ്റുള്ളവരെയും പ്രേക്ഷകൻ തിരിച്ചറിയുന്നതും അവരുടെ ചിത്രങ്ങൾക്ക് തുടക്കത്തിൽ കൂടുതൽ പ്രേക്ഷകരെ കിട്ടുന്നതും. അവരെക്കുറിച്ചുള്ള ധാരണ വ്യക്തികളിലെ സ്മൃതിയുടെ ആഴങ്ങളിൽ മുദ്രണം ചെയ്തിട്ടുള്ളതിനാലാണ്. വസ്തുകളെയും വ്യക്തികളെയും നിമിഷങ്ങളെയും മനുഷ്യൻ അതുവരെ കണ്ടത് വ്യക്തിക്കുള്ളിലുണ്ടാകും. അതുകൊണ്ടാണ് ആവർത്തിച്ചു കണ്ടത് വീണ്ടും കാണുമ്പോൾ അല്ലെങ്കിൽ അറിയാവുന്ന കാര്യങ്ങൾ വീണ്ടും അറിയുമ്പോൾ അത് മനുഷ്യന് അരോചകമായി മാറുന്നത്. മനുഷ്യന്റെ സ്വതസിദ്ധമായ ശേഷിയാണ് വികസിച്ചുകൊണ്ടിരിക്കുക എന്നത്. അതാകട്ടെ അറിയാത്ത തലങ്ങളിലേക്കും. അതാണ് വ്യക്തി ഓരോ നിമിഷവും തേടിക്കൊണ്ടിരിക്കുന്നതും തേടി അലയുന്നതും. അതിനു പറ്റാതെ വരുമ്പോഴുള്ള വിഷാദത്തിൽ നിന്നുതിരുന്ന ചിന്തകൾ വേട്ടയാടുമ്പോൾ അതിൽ നിന്ന് രക്ഷനേടാനുള്ള വഴിയാണ് മലയാളി ബീവറേജസ് കോർപ്പറേഷന്റെ മുന്നിൽ ക്യൂ നിൽക്കുന്നതും മൂരികൾ കണ്ടാൽപോലും ബോറടിച്ചലറിപ്പോകുന്ന സീരിയലുകളുടെ മുന്നിൽ കുത്തിയിരിക്കാൻ നിർബന്ധിതരാകുന്നതും. 

 

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ മോഹൻലാലും ശാരിയും നായകനും നായികയുമായി അവതരിപ്പിച്ച കഥാപാത്രങ്ങൾ അവർ പ്രണയമറിയിക്കുന്ന രംഗമുണ്ട്. സോളമന്റെ ഗീതത്തിലെ വരികളുടെ അക്കമറിയിച്ചുകൊണ്ട്. അതു കണ്ടെത്തി വരികളിലൂടെ നായിക പോകുമ്പോൾ പ്രണയമെന്ന വികാരം പ്രേക്ഷകനിൽ സ്വർഗ്ഗീയാനുഭവത്തിലേക്ക് ഉയരുന്നു. ആ അനുഭവത്തിലേക്കെത്താനുള്ള ഉപാധിയായി മുന്തിരിവള്ളികളും പ്രണയം പുളിക്കാത്ത മധുരമുള്ള അനുഭവമായും പ്രേക്ഷകനിൽ നിക്ഷേപിക്കപ്പെടുന്നു. പ്രണയം മധുരമാണ്, ധീരവും എന്ന് കവി തിരുനെല്ലൂർ കരുണാകരൻ ഓർമ്മിപ്പിച്ചതുപോലെ ആ സിനിമയിൽ അത് ധീരവുമാകുന്നു. അവിടെയാണ് സിനിമ കലയായി മാറുന്നത്. പത്മരാജൻ എന്ന കലാകാരൻ അവിടെയാണ് സിനിമയിലൂടെ പ്രേക്ഷകനെ ഉണർത്തി കലയിലൂടെ മനുഷ്യനെ അവന്റെ വികാസത്തിലേക്കു നയിക്കുന്നത്. ബുദ്ധിയിലൂടെയല്ലാതെ തന്നെ വ്യക്തിയുടെ ബോധതലത്തിൽ പരിണാമുണ്ടാക്കി അതുവരെയുണ്ടായിരുന്ന ധാരണകളെയെല്ലാം തച്ചുടയ്ക്കുന്ന ഉദാത്തമായ അനുഭവമായി കല മാറുന്നതും അവിടെയാണ്. അതുകൊണ്ടാണ് വികാസമെന്നത് മനുഷ്യന്റെ ഉയരത്തിലേക്കുള്ള വികാസമായി മാറുന്നത്. അല്ലാതെ പത്മരാജന്റെ ആ സിനിമയിലെ പ്രണയ മുഹൂർത്തത്തെ ഉണർത്തിക്കൊണ്ട് ഡബിൾ ബഡ്സ്പ്രെഡ് എടുത്ത് ഭാര്യയുടെ മേലേക്കൂടെ പുതച്ചുകൊണ്ട് ഭോഗത്തിലേക്ക് പ്രവേശിക്കുന്ന  മുന്തിരിവള്ളികൾ തളിർക്കുമ്പോൾ മനുഷ്യനെ പ്രണയത്തിന്റെ പേരിൽ താഴേക്കു വലിച്ചു താഴ്ത്തുന്നതാണ്. ഏതു മൃഗവും ഒരുവിധ വികാരനിരോധവുമില്ലാതെ ഏർപ്പെടുന്ന പ്രകൃതിയിലെ ആധാര സർഗ്ഗപ്രക്രിയ. അതുകൊണ്ടാണ് ഈ സിനിമയുടെ അവസാന രംഗം മൂരിക്കുപോലും ലജ്ജയുണ്ടാക്കുന്നതായി മാറുന്നത്.

 
പത്മരാജനെപ്പോലെ ജിബു ജേക്കബ് സൃഷ്ടി നടത്തണമെന്നല്ല പറയുന്നത്. ആ സിനിമ പ്രേക്ഷകനെന്ന നിലയിൽ ജിബു ജേക്കബ്ബിൽ സൃഷ്ടിച്ച സ്വാധീനമെന്ന വികാസമാണ് അദ്ദേഹത്തെക്കൊണ്ട് തന്റെ സിനിമയ്ക്ക് ആ പേരിടാനും അതനുസ്മരിപ്പിക്കുന്ന അവസാനരംഗ നിർമ്മിതിക്കും പ്രേരിപ്പിച്ചത്. അദ്ദേഹത്തിൽ ഒരു സിനിമ സൃഷ്ടിച്ച വൈകാരികോന്മേഷത്തിന്റെ ചെറിയ അംശമെങ്കിലും തന്റെ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് പകരണമെന്ന ആഗ്രഹം ഒരു പക്ഷേ അദ്ദേഹത്തിനുണ്ടാകും. അതുകൊണ്ടുകൂടിയാകും ഈ സിനിമ ഈ വിധം ഒരുക്കാൻ അദ്ദേഹം ശ്രമിച്ചത്. പക്ഷേ അദ്ദേഹം സ്വീകരിച്ച വഴി കലയുടേതല്ലാതായിപ്പോയി. അത് പെട്ടന്ന് വ്യക്തികളിലേക്കു വരുന്നതല്ല. എങ്കിലും മോഹൻലാലിനെപ്പോലുള്ള പ്രതിഭാധനനായ ഒരു അഭിനേതാവിനെ കൈയ്യിൽ കിട്ടുമ്പോൾ ആ പ്രതിഭയുടെ കൈകളിലേക്ക് മുഹൂർത്തങ്ങൾ നൽകുമ്പോൾ പി.ടി ഉഷയുടെ പുഷ്കലകാലത്ത് നാടൻ ക്ലബ്ബിലെ ഓട്ടമത്സരത്തിൽ പങ്കെടുപ്പിക്കുന്നതു പോലെയാകരുത്.

 

കലാസ്പർശത്തിന്റെ കുറവുകൊണ്ടുതന്നെ ശ്രേയാ ഘോഷാലും എം.ജയചന്ദ്രനും റഫീക്ക് അഹമ്മദുമൊക്കെ ഒന്നിച്ചിട്ടും ഇമ്പമാർന്ന ഒരു ഗാനം പോലും ഈ സിനിമയ്ക്ക് സംഭാവന ചെയ്യാൻ കഴിയാതെ പോയത്. മോഹൻലാലുൾപ്പടെയുള്ള പ്രതിഭകളെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതിരുന്ന അതേ കാരണം കൊണ്ടു തന്നെ പാട്ട് രംഗത്തിന് നായകനെയും നായികയേയും കൂടെയുളളവരേയും സിംലയിൽ കൊണ്ടുപോയിട്ടും കാര്യമുണ്ടായില്ല. അതുപോലെതന്നയായി ചെളിയിലും വള്ളത്തിലുമൊക്കെയുളള കുട്ടനാടൻ പാട്ടും. സിംല പാട്ടു രംഗത്തിൽ കഥാപാത്രങ്ങളുടെ പരിവർത്തന മുഹൂർത്തത്തേക്കാൾ സിംലയുടെ വിനോദ സഞ്ചാര മേഖല പ്രകടമാക്കാനാണ് അതുപയോഗിച്ചത്. ഹിമാചൽപ്രദേശ് വിനോദ സഞ്ചാര വകുപ്പിന് ലഭ്യമായ നല്ലൊരു പരസ്യം. അല്ലാതെ ആ സിനിമയിലേക്ക് ആ രംഗങ്ങൾ ഒട്ടും സംഭാവന ചെയ്തിട്ടില്ല. ചിട്ടവട്ടങ്ങളെ ഒറ്റയടിക്ക് ഭേദിക്കാം. കൈക്കൂലി വാങ്ങാത്ത പഞ്ചായത്ത് സെക്രട്ടറിക്കും കുടുംബത്തിനും നിന്ന നിൽപ്പിൽ സിംലയിലേക്കു പറക്കാം. അതിനൊരു കുഴപ്പവുമില്ല. നയാഗ്രയിലേക്ക് വേണമെങ്കിലും പോകാം. എന്നാൽ അതിലേക്ക് നയിക്കുന്ന സന്ദർഭങ്ങളുണ്ടാകണം. ഇത്തരം സന്ദർഭങ്ങളിലാണ് സിനിമയുടെ ആത്മാവ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ കൗമാരക്കാരിയായ പെൺകുട്ടിക്ക് ഒരു കാരണവുമില്ലാതെ തന്റെ പ്രണയം അവസാനിപ്പിച്ച് അപ്പച്ചന്റെയും അമ്മച്ചിയുടെയും പ്രണയം കണ്ടു പടിച്ച് പാസ്സായെന്ന് പറഞ്ഞ് സിനിമ അവസാനരംഗത്തേക്കു നീങ്ങുമ്പോൾ സോദ്ദേശ തലത്തിൽ ചിലപ്പോൾ ആരെങ്കിലും കൈയ്യടിച്ചെന്നിരിക്കും. പക്ഷേ അതു കൗമാരത്തോടു കാട്ടിയ അനീതി കൂടിയായിപ്പോയി.

 
ഒരു കാര്യം പറയേണ്ടതുണ്ട്. അനൂപ് മേനോൻ ആദ്യമായി അഭിനയിച്ചിരിക്കുന്നു. ഒരു നടനെന്ന നിലയിൽ അനൂപ് മേനോന്റെ വഴിത്തിരിവായി ഈ സിനിമ മാറിയേക്കാം. കാരണം ഇതുവരെ അദ്ദേഹം അഭിനയിക്കുമ്പോൾ മറ്റ് ചില നായകൻമാരെ ഓർമ്മിപ്പിക്കുമായിരുന്നു. എന്നാൽ അനായാസമായി ഹാസ്യരംഗങ്ങൾ ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നു.
 

Tags: