എസ്ര പേടിപ്പിച്ചവരും പേടിപ്പിക്കാത്തവരും

ഡി.എസ്.തമ്പുരാൻ
Sat, 18-02-2017 02:56:24 PM ;

ezra poster

 

അജ്ഞതയിൽ നിന്നുടലെടുക്കുന്ന മനുഷ്യനിലെ മാനസികാവസ്ഥയാണ് പേടി. ഈ പേടിയെ ഏതെല്ലാം വിധത്തിൽ വർധിപ്പിക്കാമോ, ആ രീതിയിലാണ് വർത്തമാനലോകത്തിലെ എല്ലാ ഏർപ്പാടുകളും. ഇൻഷുറൻസ് കമ്പനി മുതൽ വീടു കയറി ക്യാൻവാസ് ചെയ്യുന്ന സി.സി.ടി.വി ആളുകള്‍ വരെ. മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ മൊത്തക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. പേടിയും തലമുറകളും തമ്മിൽ ബന്ധമുണ്ടോ? ചിന്തിക്കാവുന്ന വിഷയമാണ്. ഉണ്ടാകാനിടയുണ്ട്. പതിനഞ്ചടി താഴ്ചയുള്ള കിണറ്റിൽ നിന്ന് വെള്ളം ടാങ്കിലേക്കടിക്കുന്ന മോട്ടോർ കേടായാൽ വീട്ടുകാർ പേടിക്കുന്നു. എന്തു ചെയ്യുമെന്നാലോചിച്ച്. ആ സംവിധാനം വ്യാപകമാകുന്നതിനു മുൻപ് തൊട്ടിയും കയറും കിണറ്റിൽ വീണാൽ പോലും ആളുകള്‍ പേടിക്കില്ലായിരുന്നു. ഒന്നുകിൽ സ്വന്തമായി പാതാളക്കരണ്ടിയുണ്ടാകും. അല്ലെങ്കിൽ അയൽ വീട്ടിൽ നിന്ന് സംഘടിപ്പിച്ച് തൊട്ടിയും കയറും കരയ്‌ക്കെടുക്കും. അതുപോലെ വൈദ്യുതി വ്യാപകമല്ലാതിരുന്ന കാലത്ത് ആളുകള്‍ക്ക് ഇരുട്ടിനെ ഇന്നത്തെ പോലെ പേടിയുണ്ടായിരുന്നില്ല. പലരും ചൂട്ടു കത്തിച്ചും പിന്നീട് ഞെക്കുവിളക്കുപയോഗിച്ചും രാത്രികാലങ്ങളിൽ പുറത്തു സഞ്ചരിക്കുമായിരുന്നു. ഇന്ന് രാത്രിയിൽ വൈദ്യുതി പോയാൽ ചിലർക്ക് സ്വന്തം വീട്ടിലെ ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്കു പോകാൻ പേടിയാണ്. അതിനർഥം പുത്തൻ തലമുറയ്ക്ക് പേടി കൂടുതലാണെന്നുള്ളതാണ്. എന്തെങ്കിലും ഇത്തിരി സംഗതി മതി ന്യൂജൻ പേടിച്ചുപോകുമെന്ന്‍ കാണിക്കുന്നതാണ് ജയകൃഷ്ണൻ എന്ന ജയ് കെ സംവിധാനം ചെയ്ത എസ്ര എന്ന ചലച്ചിത്രം.

 

ജയ് കെയും താരതമ്യേന ന്യൂജൻ തലമുറയാകാനാണ് സാധ്യത. ആ തലമുറയുടെ പേടിനിലവാരത്തിലാവണം അദ്ദേഹവും എസ്ര ഒരുക്കിയിരിക്കുന്നത്. എസ്ര ഇറങ്ങിയ ദിവസം ഒരു ന്യൂജൻ ദമ്പതികൾ വളരെ ബുദ്ധിമുട്ടി കഷ്ടപ്പെട്ട് ടിക്കറ്റ് നെറ്റിലൂടെ സംഘടിപ്പിച്ചു. സിനിമ കണ്ട് മടങ്ങിയപ്പോൾ എങ്ങിനെയുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോൾ ഭാര്യ ഭർത്താവിന്റെ മുഖത്തേക്കു നോക്കി. ഭർത്താവ് കടുപ്പിച്ചു പറഞ്ഞു, സംഗതി കണ്ടാ പേടിക്കും. ഭാര്യ ഭർത്താവിനെ നോക്കാൻ കാരണം ഭാര്യ സിനിമ പകുതി മുക്കാലും കണ്ടില്ല. കാരണം പല രംഗങ്ങളും വന്നപ്പോൾ പേടിച്ച് കണ്ണടച്ചിരിപ്പായിരുന്നു. ഭാര്യയെ സംബന്ധിച്ചിടത്തോളം ഭർത്താവ് ധൈര്യശാലി തന്നെ. കാരണം, മൂപ്പര് മുഴുവൻ കണ്ണു തുറന്നിരുന്നു കണ്ടുവത്രെ. സാധാരണ സിനിമ തുടങ്ങുമ്പോൾ തീയറ്ററിലെ ഏതെങ്കിലും ലൈറ്റുകൾ അണയ്ക്കാതിരുന്നാൽ കാണികളിൽ ചിലർ ലൈറ്റണയ്ക്കാൻ വിളിച്ചു കൂവാറുണ്ട്. എന്നാൽ എസ്ര കണ്ടിരുന്നപ്പോൾ ലൈറ്റിടാൻ കൂകലുണ്ടായെന്നുമാണ് പുതുതലമുറ റിപ്പോർട്ട്.

 

വെളുത്ത സാരിയും അഴിച്ചിട്ട മുടിയുമുള്ള പതിവ് പ്രേതത്തിൽ നിന്നും വ്യത്യസ്തമാണ് എസ്രയിലെ പ്രേതമെന്നതാണ് അവർ കണ്ട മറ്റൊരു പ്രത്യേകത. സാധാരണ പുതുതലമുറയ്ക്കാണ് പേടി കുറവുള്ളതെന്നതിനാൽ പേടിക്കാൻ നല്ല കരുതലോടെയാണ് എസ്ര കാണാൻ തീയറ്ററിലേക്കു പോയത്. സംഗതി ശരിയാണ്. മലയാളി പ്രേതത്തിന് പകരം ജൂത പ്രേതമാണ്. രചയിതാവ് അത്യാവശ്യം ജൂത രീതികളൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ചെറിയ അറിവില്ലായ്മയും അവിടെയും ഇവിടെയുമൊക്കെ സംഭവിച്ചിട്ടുണ്ട്. കബ്ബാലയെന്നാൽ ജൂതദുർമന്ത്രവാദമെന്നൊക്കെയുള്ള പ്രസ്താവന. അതു പോകട്ടെ. പ്രേതം ജൂതമാണെങ്കിലും പശ്ചാത്തലം പഴയതു തന്നെ. പേടിപ്പിക്കാൻ ഏരിയൽ ദൃശ്യങ്ങളിലൂടെയാണ് തുടക്കത്തിലും മിക്ക പ്രധാന രംഗങ്ങളും കടന്നു പോകുന്നത്. അങ്ങനെ മലയാളത്തിൽ പേടിക്കാൻ തയ്യാറായി ഇരുന്ന് ഇടവേളയായിട്ടും പേടി പോയിട്ട് ഒന്ന് ഞെട്ടാൻ കൂടി കഴിഞ്ഞില്ല. അപ്പോഴും പ്രതീക്ഷ വിട്ടില്ല, രണ്ടാം പകുതിയിലായിരിക്കും. ഒന്നാം പകുതി അത്തരം ചില പ്രതീക്ഷകൾ ബാക്കി വയ്ക്കുന്നുണ്ട്. കാരണം പ്രേതത്തെ ഒരു ഗർഭവുമായി ബന്ധിപ്പിക്കുന്നതിനാൽ. ഒന്നാം പകുതിയിൽ രണ്ടു മാസമേ ഗർഭത്തിനായിട്ടുള്ളേ.

 

രണ്ടാം പകുതിയും കഴിയാറായി ക്ലൈമാക്‌സും അടുത്തെത്തി. എങ്കിൽ പിന്നെ ക്ലൈമാക്‌സായിരിക്കുമെന്നു കരുതി പേടിക്കാനായി ഇരുന്നു. ക്ലൈമാക്‌സാകട്ടെ സുഖപര്യവസായിയും പിന്നെ അൽപ്പം കോമഡിയും. അതു കണ്ടപ്പോൾ നായനാർ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരൻ ഒരിക്കൽ നിയമസഭയിൽ നടത്തിയ പ്രകടനമാണ് ഓർമ്മയിലെത്തിയത്. പ്രതിപക്ഷത്തായിരുന്ന ടി.എം ജേക്കബ് ചന്ദ്രശേഖരനെ നന്നായി ആക്രമിച്ചു. മറ്റംഗങ്ങളും ജേക്കബ്ബിനോടൊപ്പം കൂടി. ഒടുവിൽ ഗതികെട്ട് ചന്ദ്രശേഖരൻ ഭീഷണി മുഴക്കി. എനിക്ക്  ഈ പെരുമാറ്റത്തെ കടുത്ത ഭാഷയിൽ വിമർശിക്കേണ്ടി വരും. അത് അദ്ദേഹം ആവർത്തിച്ചു. ഒടുവിൽ ജേക്കബ്ബ് പറഞ്ഞു, 'അങ്ങ് കുറേ നേരമായി ഭീഷണി മുഴക്കുന്നുണ്ടല്ലോ, എന്തായാലും അങ്ങ് അതങ്ങു ചെയ്യൂ' എന്ന്. ഒടുവിൽ ഒന്നു രണ്ട് താക്കീതു കൂടി നൽകിയതിനു ശേഷം ചെയറിലുണ്ടായിരുന്ന വർക്കല രാധാകൃഷ്ണനെ നോക്കി ചന്ദ്രശേഖരൻ ആ പ്രസ്താവന നടത്തി, 'ബഹുമാനപ്പെട്ട സാർ, പ്രതിപക്ഷത്തിന്റെ ഈ സമീപനം കഷ്ടമാണ്'. അതു കേട്ട് സ്പീക്കർ വർക്കല രാധാകൃഷ്ണൻ ചിരിയടക്കാൻ വല്ലാതെ ബുദ്ധിമുട്ടിപ്പോയി. ചന്ദ്രശേഖരനെ സംബന്ധിച്ച് ആ വാക്ക് നല്ല കടുപ്പം കൂടിയതായിരുന്നു. അക്കാലത്ത് സിനിമയിലെങ്ങും അശ്ലീല വാക്കുകൾ പ്രയോഗിക്കില്ലായിരുന്നു. എന്നാൽ ഇന്നാണെങ്കിൽ മലയാളത്തിൽ നിലവിലുള്ള അശ്ലീല വാക്കുകളെല്ലാം സിനിമയിൽ ഉപയോഗിച്ചു കഴിഞ്ഞു. രാഷ്ട്രീയ നേതാക്കളും ഇടയ്ക്ക് അവയിൽ ചിലതൊക്കെ പ്രയോഗിക്കാറുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് വൈകാരികതയിലും അല്ലാതെയും തലമുറകൾ തമ്മിലുള്ള വ്യത്യാസമാണ്. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊക്കെ വിലയിരുത്തുന്നത് ശരിയുമല്ല.

 

ഇതൊക്കെയാണെങ്കിലും പുതു തലമുറയ്ക്ക് ഇത്രയും പേടിയുണ്ടാകുന്നത് നല്ലതല്ല. വിജ്ഞാനവിസ്‌ഫോടനയുഗമായ ഈ വർത്തമാനകാലത്ത് പഴയ തലമുറയേക്കാൾ ജ്ഞാനസാമീപ്യത്താൽ പുത്തൻ തലമുറയ്ക്ക് പേടി കുറയേണ്ടതാണ്. അതുപോലെ തന്നെ ഇത്തിരി ഭാവനയും കൂടിയാൽ നന്ന്. ഒന്നുമില്ലെങ്കിൽ ഒരു വാട്ട്‌സാപ്പ് പ്രേതത്തേയൊ മൊബൈൽ പ്രേതത്തേയോ ഒന്നുമില്ലെങ്കിൽ ഒരുഗ്രൻ കമ്പ്യൂട്ടർ പ്രേതത്തേയൊ സൃഷ്ടിച്ച് ഞങ്ങളെ ഒന്നു പേടിപ്പിക്കാവുന്നതായിരുന്നു. വീഞ്ഞ് പഴകിയിട്ടും വീര്യം കൂടുന്നില്ലെന്നാണ് എസ്ര ഓർമ്മിപ്പിക്കുന്നത്.

 

മൊത്തത്തിൽ എടുത്തിരിക്കുന്ന രീതിയൊക്കെ പഴയ വെള്ളസാരിപ്രേതത്തിന്റെ നിലവാരത്തിലല്ല. അത്യാവശ്യം വൃത്തിയായി ചെ്തിട്ടുണ്ട്. രാഹുൽ രാജിന്റെ സംഗീതം നന്നായി വന്നിട്ടുണ്ട്. അതുപോലെ പൃഥ്വിരാജിന്റെ നായികയായി വേഷമിട്ട പ്രിയ ആനന്ദ് വളരെ നന്നായി. അതുപോലെ ടോവിനോ, സുദേവ് നായർ, ബാബു ആന്റണി തുടങ്ങി കഥാപാത്രങ്ങളായി വേഷമിട്ടവരും അവരെ വേഷമിടുവിപ്പിച്ച ചമയക്കാരുമൊക്കെ ഗംഭീരമായിട്ടുണ്ട്.

Tags: