പറക്കാം, ‘എബി’യ്ക്കൊപ്പം

ചന്ദന
Mon, 27-02-2017 12:28:09 PM ;

 

പറക്കാന്‍ കൊതിച്ച എബിയുടെ കഥ. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ അതാണ്‌ എബി എന്ന സിനിമ. “പറക്കലിന്റെ സുഖം ഒരിക്കലറിഞ്ഞാല്‍ പിന്നെ കാല് നിലത്താണെങ്കിലും കണ്ണ്‍ ആകാശത്തായിരിക്കും” എന്ന ഡാവിഞ്ചിയുടെ വാക്യത്തോടെയാണ് സിനിമ തുടങ്ങുന്നത്. അത് എത്രത്തോളം ശരിയാണെന്ന് കാട്ടിത്തന്നുകൊണ്ടുതന്നെ അവസാനിക്കുകയും ചെയ്യുന്നു.

 

പറക്കണമെന്ന ആഗ്രഹം എല്ലാ മനുഷ്യരിലുമുണ്ട്. എന്നാല്‍, എബിയില്‍ അത് തീവ്രമായിരുന്നു. ഒരു സ്പെഷല്‍ ചൈല്‍ഡ് എന്ന്‍ ഡോക്ടര്‍മാര്‍ തന്നെ അവനെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍, അവന്റെ സ്വപ്നങ്ങളെ ചിറകണിയിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളില്‍ ആയിരുന്നില്ല അവന്റെ ജനനം. ഗ്രാമത്തില്‍, അതും ഒരു ദരിദ്ര കുടുംബത്തില്‍ ആയിരുന്നു അവന്‍ ജനിച്ചത്. ആദ്യപകുതിയ്ക്ക് ശേഷം തന്റെ പറക്കല്‍ സ്വപ്നങ്ങളുമായി നഗരത്തില്‍ എത്തിച്ചേരേണ്ടി വരുന്നു അവന്. അവിടെ അവന് കുറെ കൂട്ടുകാരെ കിട്ടുന്നുണ്ട്. ആ കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന, ചിരിയുണര്‍ത്തുന്ന അനുഭവങ്ങളാണ് നല്‍കുന്നത്.

 

പറക്കാനുള്ള മോഹവുമായി നടക്കുന്ന ഒരു എഞ്ചിനീയറെ കണ്ടുമുട്ടുന്നത് എബിയുടെ സ്വപ്നങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നു. അയാളുടെ സൗകര്യങ്ങള്‍ എബിയുടേതുമായി താരതമ്യം ചെയ്യുമ്പോഴാണ്, സാഹചര്യങ്ങള്‍ക്ക് ഒരാളെ വളര്‍ത്താനുള്ള കഴിവ് എത്രത്തോളമുണ്ടെന്ന് ബോദ്ധ്യപ്പെടുക. വളരെ ദേഷ്യക്കാരനായ എഞ്ചിനീയറോട് എബി പറയുന്നുണ്ട്, ദേഷ്യം വരുമ്പോള്‍ പത്ത് വരെ എണ്ണിയാല്‍ മതിയെന്ന്. ആരെന്ത് പറഞ്ഞാലും ദേഷ്യപ്പെടാതെ നടക്കുന്നത് ബുദ്ധിസ്ഥിരതയില്ലാത്തത് കൊണ്ടല്ല, മറിച്ച് ഉള്ളിലൊതുക്കുന്നത് കൊണ്ടാണെന്ന് വെളിവാക്കുന്ന ഈ ഒറ്റ സംഭാഷണവും സാഹചര്യങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍, സ്വഭാവത്തില്‍ ചെലുത്തുന്ന നിര്‍ണ്ണായക സ്വാധീനം കൂടുതല്‍ വ്യക്തമാക്കുന്നു.

 

പറക്കാന്‍ സമ്മതിക്കില്ലാ എന്ന് പറയുന്ന പോലീസുകാരനോട്, ഇടവകയിലെ വികാരി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, സാര്‍ എന്തിനാ ജീവിക്കുന്നതെന്ന്. നമ്മളില്‍ പലരും ഇത് ചോദിച്ചാല്‍ കിട്ടുന്ന മറുപടി വളരെ ലളിതമാണ്- കുടുംബത്തിന് വേണ്ടി. അതില്‍ കവിഞ്ഞൊരു മറുപടി ഭൂരിഭാഗം പേര്‍ക്കും ഉണ്ടാകില്ല. അതില്‍ കവിഞ്ഞ മറുപടി ആര്‍ക്കുണ്ടോ അവരാണ് ലോകത്തിന്റെ മുതല്‍ക്കൂട്ട്. വികാരി പോലീസുകാരനോട് പറയുന്നു, എബി ജീവിക്കുന്നത് പറക്കാന്‍ വേണ്ടിയാണെന്ന്.

 

എതിര്‍ക്കാനും കളിയാക്കാനും ആളുകളുണ്ടെങ്കിലും അവനെ ഇഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്. അവരെയൊക്കെ അവനും ഇഷ്ടമാണ്. എപ്പോള്‍ പറന്നാലും അമ്മ സമ്മാനിച്ച മാലാഖയുടെ ബാഡ്ജ് അവന്‍ സൂക്ഷിക്കുന്നു. സ്വപ്‌നങ്ങള്‍ നിറവേറി കഴിയുമ്പോള്‍ കൂടെ നില്‍ക്കുന്നവരെ മറന്നുകളയുന്ന മനുഷ്യസ്വഭാവത്തിന്റെ എതിര്‍രൂപമാണ്‌ എബി. പറക്കണമെന്ന ആഗ്രഹം കഴിഞ്ഞാല്‍ അവന്റെ പിന്നീടുള്ള ആഗ്രഹം അനുമോളെ കെട്ടണം എന്നതാണ്. എബിയും അനുമോളും പ്രണയിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. സിനിമ കാണുന്ന നമ്മള്‍ക്കും മനസിലാകും. എന്ന, ഒരു വാക്കില്‍ പോലും അവരത് പരസ്പരം പറയുന്നില്ല.

 

സംഭാഷണം വളരെ കുറവുള്ള എബിയുടെ റോള്‍ ഭാവങ്ങള്‍ കൊണ്ട് ഉഷാറാക്കാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. കുട്ടിക്കാലം അവതരിപ്പിച്ച മാസ്റ്റര്‍ വാസുദേവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. അനുമോളായി വേഷമിട്ടത് മറീനാ മൈക്കിളാണ്. അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. എബിയുടെ അച്ഛനായി അഭിനയിച്ച സുധീര്‍ കരമനയും അമ്മയായി എത്തിയ വിനീത കോശിയും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. സിനിമയിലെ കാസ്റ്റിംഗ് മൊത്തത്തില്‍ അഭിനന്ദനത്തിന് അര്‍ഹമാണ്. എല്ലാവരിലും സ്വഭാവികതയുണ്ട്.

 

സന്തോഷ്‌ എച്ചിക്കാനത്തിന്റെ രചനയില്‍ ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇടുക്കിയുടെ മനോഹാരിതയും പറക്കലിന്റെ ആവേശവും പ്രേക്ഷകരില്‍ എത്തിക്കാന്‍ ഛായാഗ്രാഹകന്‍ സുധീര്‍ സുരേന്ദ്രനും ചിത്രസംയോജകന്‍ സൂരജ് ഇ.എസിനും കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ എബി ബേബി ഒരു സ്പെഷല്‍ ബേബിയാണെന്നത് പോലെ ഈ ചിത്രവും ഒരു സ്പെഷല്‍ ചിത്രമാണ്. കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ചിത്രം.       

Tags: