പ്രിയ അങ്കമാലി, ഞങ്ങളൊന്നു കടന്നു പൊയ്‌ക്കോട്ടെ

മാധവി ഘോഷ് കെ.
Tue, 21-03-2017 11:40:16 AM ;

 

എറണാകുളത്തു നിന്നു 28 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന അങ്കമാലിക്കു പറയാൻ ഒരു രണ്ടര മണിക്കൂർ കഥയുണ്ടോ എന്ന കൗതുകത്തോടെ രണ്ടു ടിക്കറ്റെടുത്തു, അങ്കമാലിക്ക്, അല്ല അങ്കമാലി ഡയറീസിന്. എൺപത്തിയാറിലേറെ പുതുമുഖങ്ങൾ. മുഖ്യ കഥാപാത്രങ്ങളായി അണിനിരന്നവരിൽ ആകെ പരിചിതൻ തിരക്കഥാകൃത്ത് കൂടിയായ ചെമ്പൻ വിനോദ്. ഇദ്ദേഹത്തിന്റെ അഭിനയം നാം കണ്ടറിഞ്ഞതാണ്. എന്നാൽ തിരിശ്ശീലയ്ക്ക് പിന്നിൽ അത്ര കണ്ട് ശോഭിച്ചോ എന്നു ചോദിച്ചാൽ കുഴയും. എന്തെന്നാൽ ഈ ചിത്രം കണ്ടിറങ്ങിയ ശേഷം അങ്കമാലി എന്നു കേട്ടാൽ ഉണ്ടാകുന്ന ഞെട്ടലും ഞെരക്കവും തിരക്കഥയുടെ നല്ലതോ ചീത്തയോ അതെന്തായാലും തന്നെ, ഒരു തിരക്കഥാകൃത്തിന്റെ വിജയം അല്ലേ എന്നതാണ്. ആകാശവാണി എറണാകുളം നിലയം സ്ഥിരം ശ്രോതാവായിരുന്ന എനിക്ക് അങ്കമാലി എന്നാൽ സീമാസ് വെഡ്ഡിംഗ് സെന്റർ എന്ന ചിത്രം മായ്ച്ച് ഒരു ഛോട്ടാ മുംബൈയുടെ ഭീകരതയുളവാക്കുന്ന ചിത്രം പതിയിപ്പിച്ചിരിക്കുന്നു.

 

വിൻസെന്റ് പെപ്പെ എന്ന ചെറുപ്പക്കാരന്റെ മനസ്സിലൂടെയും ജീവിതത്തിലൂടെയും അങ്കമാലിയെ വരച്ചുകാട്ടുകയാണീ ചിത്രം. ലോക്കൽ ഗുണ്ടയും ഫുട്‌ബോൾ താരവും സർവ്വോപരി അങ്കമാലിയിലെ ആരും വിറയ്ക്കുന്ന ഒരു ഗുണ്ടാസംഘത്തിന്റെ നേതാവുമായ ബാബുജിയാണ് പെപ്പെയുടെ ദൈവം. ആ മഹാനുഭാവന്റെ പാത പിന്തുടർന്ന് ഇദ്ദേഹം ഒരു കുട്ടിസംഘവും ഉണ്ടാക്കിയെടുത്തു. ബാബുജി മറ്റൊരു സംഘത്തിന്റെ കുത്തേറ്റ് മരിക്കുന്നതിലൂടെ പെപ്പെയുടെ സംഘം പുതിയൊരു തലത്തിലേക്കു മാറുകയായി. ഇതിനിടയിൽ അല്ലറ ചില്ലറ പ്രേമവും ഇഷ്ടൻ കൈകാര്യം ചെയ്യുന്നുണ്ട്. പഠനം പൂർത്തിയാക്കാതെ പെപ്പെ കേബിൾ പണിയും പോർക്കു കച്ചവടവുമായി പച്ച പിടിക്കാൻ ശ്രമിക്കുന്നതു കാണാം. അങ്കമാലിക്കാർക്ക് സ്വജീവിതത്തിൽ പോർക്കിന്റെ സ്ഥാനം അതിശക്തമായി തന്നെ ചിത്രം ഉദ്‌ഘോഷിക്കുന്നുണ്ട്. ഒരു അങ്കമാലിക്കാരനായ തിരക്കഥാകൃത്തിന്റെ പല ചിന്താഭാരങ്ങളും ഉപമാ സമ്പ്രദായങ്ങളും പന്നിയിറച്ചിയും പന്നിയിറച്ചി ബിസിനസ്സ് രംഗങ്ങളിലൂടെയും കാഴ്ചക്കാരിൽ എത്തുന്നതിൽ നിന്നു തന്നെ നമുക്ക് ആ 'പോർക്ക്-അങ്കമാലി ബന്ധം' വായിച്ചെടുക്കാൻ കഴിയും .സിനിമ കണ്ടിറങ്ങിയപ്പോൾ സ്ഥിരതയില്ലാത്ത ഗുണ്ടകൾക്കിടയിലെ വൈരാഗ്യവും ഒരുകെട്ട് കാശിനു മുകളിൽ കെട്ടുറയ്ക്കുന്ന സൗഹൃദവും ഒക്കെയായി അങ്കമാലി ഗുണ്ടാസംഘങ്ങളുടെ പറുദീസയായി നമുക്കുള്ളിൽ തെളിയുന്നു.

 

പെപ്പെയായി ഒരു പുതുമുഖത്തിന്റെ വലിയ ജാള്യതകളില്ലാതെ ആന്റണി വർഗ്ഗീസ് അഭിനയിച്ചിരിക്കുന്നു. അപ്പാനി രവിയായി ശ്രദ്ധേയനായ ശരത് കുമാർ തികഞ്ഞ ഗുണ്ടയായി ജീവിക്കുകയാണ് ചിത്രത്തിൽ. മറ്റ് താരങ്ങളെല്ലാം തന്നെ അഭിനയമോ അമിതാഭിനയമോ തള്ളിക്കയറ്റാതെ തന്മയത്വത്തോടു കൂടി തങ്ങളുടേതായ ഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.  സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പാടവത്തിൽ സംഗതി എന്തു തന്നെയായാലും സ്മൂത്തായി പോകുന്നുണ്ട്. വ്യത്യസ്തം എന്നവകാശപ്പെടാവുന്നതെങ്കിലും ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം ചിത്രത്തിനൊരു മുതൽക്കൂട്ടാണെന്ന് ഉറപ്പിച്ച് പറയാൻ വയ്യ. എന്നാൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ പാട്ടുകളെല്ലാം ഉഷാർ. ചിത്രത്തിന്റെ മുഴുവൻ മൂഡുമുൾക്കൊണ്ട്, എന്നാൽ തന്നെയും ശ്രവ്യസുഖമുള്ള ഗാനങ്ങളാണ് ചിത്രത്തിൽ.

 

ഒരു ലോലഹൃദയ കാഴ്ചപ്പാടാകാം, അല്ലെങ്കിൽ അങ്കമാലിയെ മുൻ പരിചയം ഇല്ലാത്തതിനാലാകാം വായനക്കാർ സദയം ക്ഷമിക്കണം. ഇതിനോടകം നാട്ടുകാർ  നെഞ്ചിലേറ്റിയ ചിത്രം കണ്ടിറങ്ങിയപ്പോൾ കൊച്ചിയിൽ നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയിൽ കണ്ടു മാത്രം പരിചയമുള്ള പ്രിയ അങ്കമാലി, ഭയക്കുന്നു നിന്നെ. ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ പ്രതിപാദിച്ച ഹോട്ടലുകളും അവിടത്തെ സ്‌പെഷ്യൽ വിഭവങ്ങളും ഒക്കെ അനുഭവിക്കണമെന്നുണ്ട്. എന്നാൽ ഈ ചിത്രം പകർന്നു തന്ന അറിവ് വച്ച് ഏതു സമയത്തും മുതുകിൽ വീണേക്കാവുന്ന വെട്ട്, കുത്ത്, ചവിട്ട്, അടി, ഇടി, ബോംബ് എന്നീ ഐറ്റംസ് തടുക്കാൻ ത്രാണിയില്ലാത്തതിനാൽ എന്റെ രുചിമുകുളങ്ങൾ ക്ഷമിക്കുമെന്ന് പ്രത്യാശിക്കുന്നു. പ്രിയ അങ്കമാലി, ഞങ്ങളൊന്നു കടന്നു പൊയ്‌ക്കോട്ടെ.

 

Tags: