വര്‍ത്തമാന കാലത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി സൈറാ ബാനു

Glint Staff
Mon, 27-03-2017 01:58:50 PM ;

saira banu movie poster

 

സർഗ്ഗശേഷിയുടെ സ്പർശത്തെ അറിഞ്ഞുകൊണ്ടു ചെയ്യുന്ന എന്തും വിജയിക്കും. സർഗ്ഗാത്മകതയ്ക്ക് പ്രവഹിക്കാൻ അവസരം ഒരുക്കുന്നത്  തന്നെ കാരണം. ശക്തവും എന്നാൽ ലളിതവുമായ കഥയും ആ കഥയെ ചുമലിലേറ്റി പൊലിപ്പിക്കാൻ കഴിവുള്ള അഭിനേതാവിനെക്കൊണ്ടും വിജയിച്ച സിനിമയാണ് കെയര്‍ ഓഫ് സൈറാ ബാനു. മഞ്ജു വാര്യർ തിരിച്ചുവരവിൽ വൻ പ്രതീക്ഷകളാണ് ഉയർത്തിയിരുന്നത്. അത് സ്വാഭാവികമാണ്. കാരണം അവർ അവർ ഇടവേളയെടുക്കുന്നതിനു മുൻപ് മലയാളിയുടെ മനസ്സിൽ സൃഷ്ടിച്ചു പോയ വ്യാകരണം അത്ര തീവ്രമായിരുന്നു. എന്നാൽ തിരിച്ചു വരവിൽ എടുത്തു പറയത്തക്ക പ്രകടനം കാഴ്ചവയ്ക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഒരുപക്ഷേ അതിനനുസൃതമായ കഥാപാത്രത്തെ കിട്ടാഞ്ഞതുകൊണ്ടാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടാകാം. എങ്കിലും മഞ്ജു വാര്യർ പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നു പറയാൻ കഴിയില്ലായിരുന്നു. എന്നാൽ ഒരു സിനിമയെ നായികയിലൂടെ വിജയിപ്പിക്കുകയായിരുന്നു സൈറാ ബാനുവിൽ ആ കഥാപാത്രമായി മഞ്ജു.

 

ഒരു കൈകുഞ്ഞും കൗമാരം വിട്ട് യൗവനത്തിലേക്കുള്ള പടിവാതിൽക്കൽ നിൽക്കുമ്പോൾ അനാഥമാകുന്ന ഒരു യുവതിയും. രണ്ടു പേരുടെയും അനാഥത്വം പരസ്പരം പരാശ്രയമായി പുരോഗമിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി. ആ പ്രതിസന്ധിയാകട്ടെ പ്രസവിച്ചില്ലെങ്കിലും അമ്മയെന്നു വിളിയില്ലെങ്കിലും അമ്മയുടെ വേദന തന്നെയായി മാറുന്നു. നിരാലംബത്വം സമൂഹത്തിന്റെ കാഴ്ചപ്പാടിലാണെന്നും ഏത് വ്യക്തിക്കും തന്റെ മുന്നിലുണ്ടാകുന്ന പ്രതിസന്ധികളെ അവസരമാക്കി തരണം ചെയ്യാൻ കഴിവുണ്ടാകുമെന്നുമാണ് ഈ സിനിമ പറഞ്ഞു വയ്ക്കുന്നത്. സ്റ്റണ്ടില്ല, സെക്‌സില്ല, അടിപൊളിയില്ല, പിന്നെ വർത്തമാനകാല മസാലകളൊന്നുമില്ലാതെ. എന്നാൽ വർത്തമാന കാലത്തിന്റെ കൈയ്യൊപ്പു ചാർത്തുകയും ചെയ്യുന്നു. അതുപോലെ ക്ലൈമാക്‌സ് രംഗത്തിൽ നായകൻ സ്‌കോറു ചെയ്യുന്ന പതിവു രീതിയിൽ നിന്ന് വ്യത്യസ്തമായി പകയുടെ ആസ്വാദനം പ്രേക്ഷകരിലേക്ക് വിന്യസിപ്പിക്കാതെയുളള  മാറ്റം സിനിമയുടെ ജനുസ്സിനെ തന്നെ മാറ്റുന്നതായി.

 

സ്വന്തം ശക്തി തിരിച്ചറിഞ്ഞ് അതിലൂടെ മുന്നേറുമ്പോഴാണ് ദൈവത്തിന്റെ അദൃശ്യമായ കൈയ്യുടെ സാന്നിദ്ധ്യമറിയുന്നതെന്നുമുള്ള തലത്തിലേക്കും ഈ സിനിമയെ സംവിധായകൻ ആന്റണി സോണി പരിണമിപ്പിക്കുന്നു. സംവിധാനം അത്ര കേമമെന്ന് പറയുക നിവൃത്തിയില്ലെന്നു മാത്രമല്ല, ഒരു തുടക്കക്കാരന്റെ ചെറിയ കുലുക്കങ്ങൾ അങ്ങുമിങ്ങും കാണാനുമുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ അപ്രസക്തമാക്കുന്നതാണ് ഷാനിന്റെ കഥയും ഷാന്‍ ബിപിന്‍ ചന്ദ്രനൊപ്പം തയ്യാറാക്കിയ തിരക്കഥയും. മഞ്ജുവിനൊപ്പം മകനായി അഭിനയിച്ച ഷെയ്ന്‍ നിഗം തന്റെ ഭാഗം ഗംഭീരമാക്കുക തന്നെ ചെയ്തു. എന്നാൽ അമലാ പോൾ കൈകാര്യം ചെയ്ത കഥാപാത്രത്തെ മറ്റാരെയെങ്കിലും ഏൽപ്പിച്ചിരുന്നുവെങ്കിൽ അൽപ്പവും കൂടി നന്നാകുമായിരുന്നു എന്നുളള തോന്നലും ഉളവാക്കാതിരുന്നില്ല. അതുപോലെ പാട്ടുകളും സംഗീതവുമൊന്നും അത്ര ശ്രദ്ധേയമായില്ല.

 

നായികാ പ്രാധാന്യമുളള സിനിമകൾ മലയാളത്തിൽ വരുന്നില്ലേ എന്നുള്ള നിലവിളിക്കും നല്ലൊരു സാന്ത്വനമാണ് സൈറാ ബാനവിലൂടെ ആന്റണി സോണി നൽകിയിട്ടുള്ളത്. എടുത്തു പറയേണ്ട മറ്റൊരു ഘടകം കോസ്റ്റ്യൂം ഡിസൈനറുടേതാണ്. മലയാള സിനിമയിൽ വേണ്ടത്ര യുക്തിപൂർവ്വം പ്രയോഗിക്കാത്ത ഒന്നാണ് കഥാപാത്രങ്ങളുടെ വേഷവിധാനം. കഥാ സാഹചര്യങ്ങൾക്കും കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങൾക്കുമനുസരിച്ചും വസ്ത്രസംവിധാനത്തിനും നല്ല പങ്കുണ്ടെന്നും സൈറാബാനു ഓർമ്മിപ്പിക്കുന്നുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് രംഗത്ത് മഞ്ജുവിന്റെ വേഷത്തിലൂടെ അത് നന്നായി പ്രകടമാക്കുകയും ചെയ്യുന്നുണ്ട്.

Tags: