സഖാവ്, നിരാശപ്പെടുത്തുന്നില്ലെന്ന് മാത്രം

ഡി.എസ്.തമ്പുരാൻ
Mon, 24-04-2017 12:16:04 PM ;

 

വിറ്റാമിൻ ഗുളിക കഴിക്കുന്നത് അത്യാവശ്യത്തിന് നല്ലതു തന്നെ. അതിനു കുറവു വരുമ്പോൾ. പക്ഷേ സാധാരണഗതിയിൽ അത് പഴത്തിലൂടെയും പരിപ്പിലൂടെയും അവിയലിലൂടെയുമൊക്കെ ലഭിക്കുമ്പോഴാണ് വായക്കും ശരീരത്തിനും  നല്ലത്. ഇതൊക്കെ കഴിക്കുമ്പോൾ നമുക്കറിയാം പോഷകങ്ങൾ ഉളളിൽ ചെല്ലുമെന്ന്. എന്നുവെച്ച് ആരും തന്നെ പോഷകം നോക്കിയല്ല സാധാരണ ഭക്ഷണം കഴിക്കുന്നത്. രോഗികളുടെ കാര്യമല്ല. രുചിയ്ക്കനുസരിച്ച് ഭക്ഷണം കഴിക്കുന്നു. നല്ല രുചിയോടെ നല്ല ഭക്ഷണം കഴിക്കുമ്പോൾ അത് ആസ്വാദ്യവും ഒപ്പം ശരീരത്തിന്റെ പോഷകമേന്മ വർധിക്കുകയും ചെയ്യുന്നു. ഇപ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിലെ കുട്ടി സഖാക്കന്മാരുമൊക്കെ ഇത്തിരി പരുങ്ങലിലാണെന്ന സംഗതി ശരിയാണ്. വൈറ്റമിൻ മാത്രമല്ല ഇമ്മിണി ശക്തമായ ആന്റിബയോട്ടിക്‌സ് തന്നെ വേണ്ട അവസ്ഥയാണ്. (ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും ഡോക്ടർമാർ പറയുന്നുണ്ട്) പണ്ട് സഖാവെന്നൊക്കെ വച്ചാൽ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒന്നൊന്നര സഖാവായിരുന്നു. ആദർശങ്ങളുടെ ജീവൽരൂപങ്ങൾ. സഖാക്കളുടെ സാന്നിദ്ധ്യത്തിൽ എല്ലാവരും സുരക്ഷിതത്വം അറിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സഖാവെന്ന്‍ കേട്ടാൽ കേൾക്കുന്നവരിൽ അൽപ്പം പേടി കുടുങ്ങും.

 

സിദ്ധാർഥ ശിവ രചിച്ച് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രമായ സഖാവിന് ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു വിറ്റാമിൻ ഗുളികയുടെ അല്ലെങ്കിൽ വലിയ മോശമില്ലാത്ത ടോണിക്കിന്റെ അവസ്ഥയാണുള്ളത്. വൻ പ്രതീക്ഷയാണ് ആക്ഷൻ ഹീറോ ബിജുവിനു ശേഷം നിവിൻ പോളി ചിത്രമായ സഖാവുണർത്തിയത്. നിരാശപ്പെട്ടില്ലെന്നു മാത്രം ഒറ്റവാക്കിൽ പറയാം. അത്യാവശ്യം പുളിയും പിന്നെന്തോ രസം കൂടിയുള്ള വിറ്റാമിൻ സി ഗുളിക ചിലർക്ക് ഇഷ്ടമാണ്. അതുപോലെ. മോശമെന്ന് പറയാൻ പറ്റില്ല. റേറ്റിംഗിന്റെ ഭാഷയിൽ പറഞ്ഞാൽ അഞ്ചിൽ മൂന്നു കൊടുക്കാം.

 

കുട്ടിസഖാവായ കൃഷ്ണകുമാറായി എത്തുന്ന നിവൻ പോളി സുഹൃത്തുമായി അല്ലറ ചില്ലറ ഉടായിപ്പുകളും പിന്നെ സഖാവ് ചമഞ്ഞും കുറേ ചിരിക്കും അൽപ്പസ്വൽപ്പ സമകാലീന വിമർശനത്തിനുമൊക്കെ വഴിയൊരുക്കുന്നുണ്ട്. അതിൽ വർത്തമാനകാല സഖാക്കളുടെ ഒരു പ്രാതിനിധ്യസ്വഭാവം കുറെയൊക്കെ പകരുന്നുണ്ട്. അങ്ങനെയിരിക്കെയാണ് മറ്റൊരു സഖാവ്, സഖാവ് കൃഷ്ണന്‍  ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത്. അപ്പോൾ അദ്ദേഹത്തിന് ആവശ്യമായ രക്തം ഏർപ്പാടാക്കുന്നതിന്റെ ഭാഗമായി സഖാവ് കൃഷ്ണകുമാർ കൂട്ടാളിയുമായി ആശുപത്രിയിൽ എത്തുന്നു. അവിടെ നിന്നാണ് സഖാവ് കൃഷ്ണകുമാറിന്റെ രാഷ്ട്രീയ ജീവിതവും വീക്ഷണവും മാറിത്തുടങ്ങുന്നത്. പരിണാമ ദശയുടെ തുടക്കം. ചികിത്സയിൽ കിടക്കുന്ന സഖാവിനെ കാണിക്കുന്നില്ല. എന്നാൽ അദ്ദേഹത്തെ കാണാനെത്തുന്ന മന്ത്രിമാരിലൂടെയും പ്രമുഖരിലൂടെയുമൊക്കെ ചികിത്സയ്‌ക്കെത്തിയിരിക്കുന്ന സഖാവ് കൃഷ്ണന്റെ മാഹാത്മ്യം സഖാവ് കൃഷ്ണകുമാർ അറിയുന്നു. ഉള്ളിൽ കിടക്കുന്ന സഖാവിന്റെ കഥകൾ കേൾക്കുമ്പോൾ ആ കഥാപാത്രമായി സ്വയം മാറി ആ പഴയ സഖാവിനെയും ആ സഖാവിന്റെ രാഷ്ട്രീയത്തേയും അറിയുന്നു സഖാവ് കൃഷ്ണകുമാർ. സഖാവ് കൃഷ്ണൻ താടി വടിച്ച നിവിൻ പോളിയാണ്. അതിനാൽ സഖാവ് കൃഷ്ണന് സഖാവ് കൃഷ്ണകുമാറിലേക്ക് ആവേശിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

 

ഇടയ്ക്കിടെയുള്ള സഖാവ് പ്രയോഗം സിനിമയിൽ അരോചകാവസ്ഥയുണ്ടാക്കിയിട്ടുണ്ട്. അതുപോലെ പാട്ടുകളും ഛായാഗ്രഹണവുമെല്ലാം എടുത്തു പറയാൻ പറ്റില്ലെങ്കിലും കുറ്റം പറയാൻ പറ്റില്ലെന്ന്‍ മാത്രം. ഒരു ഡോക്ടറുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ശ്രീനിവാസനെ കാണുമ്പോൾ അറിയാതെ അറബിക്കഥയിലൂടെ കമ്മ്യൂണിസ്‌ററ് പ്രസ്ഥാനത്തിന്റെ ചിരിത്രവും വർത്തമാനവും പ്രതീക്ഷയും വരച്ചുകാട്ടിയത് ഓർത്തുപോകും. ഐശ്വര്യ രാജേഷ്, അപർണ്ണാ ഗോപിനാഥ്, ബിനു പാപ്പു എന്നിവരുടെ പ്രകടനവും മോശമായില്ല.