സി.ഐ.എയ്ക്ക് ധൈര്യപൂർവ്വം പോകാം

കൃഷ്ണൻ ഘോഷ് കെ.
Tue, 09-05-2017 10:51:44 AM ;

cia movie poster

 

സി.ഐ.എ - പേരുകേട്ടാൽ ആദ്യം സ്വാഭാവികമായും ഓർമ്മ വരിക യു.എസിന്റെ ചാരസംഘടനയുടേതാണ്. എന്നാൽ അടിയിൽ തന്നെ കോമ്രേഡ് ഇൻ അമേരിക്ക എന്നുള്ളതിനാൽ സംഗതി എന്താണെന്ന് പിടികിട്ടുകയും ചെയ്യും. ഈ പടത്തിന് കോമ്രേഡുമായി ബന്ധമുണ്ട്. അതാകട്ടെ കഥാപുരോഗതിയുമായി ബന്ധപ്പെട്ടു നിൽക്കുന്നതുമല്ല. അതേ ബന്ധം തന്നെ അമേരിക്കയുമായി ഈ സിനിമ പുലർത്തുന്നു. എന്തായാലും സന്തോഷത്തോടെ കണ്ടിറങ്ങാവുന്നതാണ് അമൽ നീരദിന്റെ സി.ഐ.എ. ധൈര്യപൂർവ്വം കുടുംബസമേതം ആസ്വദിക്കാൻ പറ്റുന്ന സിനിമ. അഞ്ചിൽ നാല് റേറ്റിംഗ് കണ്ണുമടച്ചുകൊണ്ടു കൊടുക്കാം.

 

അജി മാത്യു എന്ന അജിപാനായി എത്തുന്നു ദുല്‍ഖര്‍ സൽമാൻ. തുടക്കത്തിൽ കട്ട സഖാവ്. ഈ കട്ട സഖാവിന്റെ അച്ഛന്റെ വേഷം ചെയ്തിരിക്കുന്നത് സിദ്ദിഖാണ്.  സിദ്ധിഖിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമിതെന്നുള്ളതിൽ സംശയമില്ല. ആ കഥാപാത്രമാകട്ടെ ഉറച്ച കോൺഗ്രസ്സുകാരനും. അദ്ദേഹത്തിന്റെ അളിയന്റെ വീട്ടിൽ ഒഴിവുകാലം ചെലവഴിക്കാൻ പോയതിൽ നിന്നുണ്ടായ പരിണാമമാണ് അജിപാൻ കട്ട സഖാവായത്. കാരണം അളിയൻ കറകളഞ്ഞ സഖാവാണ്. മകൻ  സഖാവായതിന്റെ പേരിൽ കോൺഗ്രസ്സുകാരനായ അച്ഛന് പ്രത്യേകിച്ച് എതിർപ്പൊന്നുമില്ല. വളരെ സ്വതന്ത്രവും സൌഹാര്‍ദപരവുമായ അന്തരീക്ഷവുമാണ് അജിപാന്റെ കുടുംബത്തിന്റേത്. ഒരുപക്ഷേ ആ കുടുംബാന്തരീക്ഷമാകണം തത്വശാസ്ത്രത്തേക്കാൾ അജിപാനെ ഒരു ധൈര്യശാലിയും സാഹസികനുമാക്കിയത്. അത് വെളിവാക്കുന്ന വളരെ രസകരകവും സംഘർഷാത്മകവുമായ ഏറെ രംഗങ്ങൾ ഒന്നാം പകുതിയെ നന്നായി ആസ്വാദ്യമാക്കുന്നു.

 

കോളേജിലെ ഒരു റാഗിംഗ് രംഗത്തെ  പതിവ് ഹീറോ ശീലത്തിൽ നിന്നു വ്യത്യസ്തമായി അജിപാൻ കൈകാര്യം ചെയ്യുന്ന രംഗമുണ്ട്. ആ രംഗം കണ്ടാണ് നാടും നാടിന്റെ സംസ്‌കാരവുമൊക്കെ പരിചയപ്പെടാനായി അമേരിക്കയിൽ ജനിച്ചുവളർന്ന് നാട്ടിലെ കോളേജിലെത്തിയ സാറാ കറങ്ങിപ്പോകുന്നത്. സ്വാഭാവികമായും അജിപാനും സാറായും പ്രണയത്തിന്റ ചരടിൽ കോർക്കപ്പെടുന്നു. പുതുമുഖമായ കാർത്തിക മുരളിയാണ് സാറയെ അവതരിപ്പിക്കുന്നത്. കാർത്തികയ്ക്ക് ആ കഥാപാത്രത്തോട് അത്ര നീതി പുലർത്താൻ പറ്റിയില്ലെന്ന് പറയേണ്ടിവരും. എന്നാൽ അത് സിനിമയെ ബാധിക്കുന്ന തരത്തിലായിട്ടുമില്ല.

 

കഥ പതിവ് ട്രാക്കിലൂടെയൊക്കെത്തന്നെയാണ് നീങ്ങുന്നത്. സാറയുടെ അച്ഛൻ പ്രണയത്തെക്കുറിച്ചറിയുകയും രായ്ക്കുരാമാനം അവളെ അമേരിക്കയിലെത്തിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹവും നിശ്ചയിക്കുന്നു. പാസ്‌പോർട്ടും വിസയുമില്ലാത്ത കട്ട സഖാവിന്റെ മുന്നിൽ ഒറ്റ പോംവഴി മാത്രം. എങ്ങിനെയെങ്കിലും അമേരിക്കയിലെത്തുക. അതൊക്കെയാണ് കഥയ്ക്കുപരി സിനിമയുടെ ഗതിയിലൂടെ ഈ സിനിമയുടെ ആസ്വാദ്യതയെ വർധിപ്പിക്കുന്നത്. മെക്‌സിക്കോവിലൂടെയൊക്കെയുള്ള യാത്രയുടെ ദൃശ്യങ്ങളെ രണദിവെയുടെ ക്യാമറയും ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതവും ചേർത്ത് അതിഗംഭീരമാക്കിയിട്ടുണ്ട്.

 

അതുപോലെ തുടക്കത്തിൽ കാൾ മാർക്‌സും ലെനിനും ചെഗുവരെയുമായൊക്കെയായിട്ടുളള സഖാവിന്റെ നേരിട്ടുള്ള കണ്ടുമുട്ടലുമൊക്കെ ഈ സിനിമയുടെ പ്രത്യേകതയായി എടുത്തു പറയേണ്ടി വരും. അജിപാൻ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ മനോഹരമായി പകർത്തിയിട്ടുണ്ട്.

 

ഒട്ടും കല്ലുകടിയോ പ്രശ്‌നങ്ങളോ ഇല്ലാതെ കണ്ടിരിക്കാവുന്ന സി.ഐ.എയിൽ സംവിധായകൻ അമൽ നീരദ് ചില പരീക്ഷണങ്ങളും സധൈര്യം നടത്തുന്നുണ്ട്. ആ പരീക്ഷണങ്ങൾ നന്നായി വിജയിച്ചിട്ടുണ്ട്. അതുപോലെ തുടക്കം മുതൽ സിനിമയുടെ കളർ ടോണിൽ പുലർത്തിയ  ശ്രദ്ധയും ഔചിത്യവും ഈ സിനിമാനുഭവത്തിൽ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്.

Tags: