ദംഗൽ മറന്ന് ഗോദ കാണാം

ഡോ. മാധവി ഘോഷ് കെ.
Tue, 23-05-2017 05:36:51 PM ;

godha movie poster

 

ഗോദ, വനിതാ ഗുസ്തി, ഒരു മധ്യവയസ്കനായ ഗുസ്തിക്കാരൻ എന്നിവയൊക്കെ പോസ്റ്ററിൽ കണ്ട് "ഇതു ദംഗൽ തന്നെ" എന്ന മുൻവിധിയോടെ സിനിമ കാണാൻ പോയ ഒരു കാഴ്ചക്കാരിയാണ് ഞാൻ. മേൽപ്പറഞ്ഞ ചേരുവകൾ ഒക്കെ ഉണ്ടെങ്കിലും രണ്ടര മണിക്കൂർ 'ദംഗൽ' മറന്ന് കണ്ടാൽ ഒരു നല്ല അനുഭവമാണ് ഗോദ. അല്ലറ ചില്ലറ പ്രചോദനങ്ങൾ ഉൾക്കൊണ്ടും അല്ലെങ്കിൽ രണ്ടും ഒരേ ജനറേഷൻ എന്നതൊഴിച്ചാൽ രണ്ടും രണ്ടമ്മ പെറ്റതു തന്നെ!

 

ഗാട്ടാ ഗുസ്തി എന്ന വിനോദം പണ്ട്, വളരെ പണ്ടല്ല, എന്നാൽ ഒരു തലമുറ മുൻപേ ചെറുപ്പക്കാരിൽ വെറുമൊരു വിനോദം എന്നതിലുപരി വികാരമായി നിന്നിരുന്ന ഒന്നായിരുന്നു. ആ വികാരം സിരകളിൽ ഇന്നും ത്രസിക്കുന്ന ക്യാപ്റ്റൻ എന്ന കഥാപാത്രത്തിലൂടെ കാഴ്ചക്കാരിൽ ഒരു ചെറിയ അലയിളക്കം സൃഷ്ടിക്കാൻ സാധിച്ചതിലൂടെ തന്നെ ചിത്രത്തിന്റെ വിജയം കുറിക്കപ്പെട്ടു. ഗുസ്തിയെ പ്രണയിക്കുന്ന ക്യാപ്റ്റന്റെ തലമുറയും ആ പൈതൃകത്തെ മാനിക്കാതെ ദിശാബോധമില്ലാതെ 'കമ്പും കോലു'മായി നടക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും തമ്മിലുള്ള സ്പർധയിലൂടെ നർമ്മത്തിൽ പൊതിഞ്ഞ് തുടങ്ങുന്ന ചിത്രം അദിതി സിംഗ് എന്ന, ഗുസ്തിയെ ജീവിത സ്വപ്നമായി കാണുന്ന പഞ്ചാബി പെൺകുട്ടി കേരളത്തിലെത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെ കാഴ്ചക്കാരെ അലോസരപ്പെടുത്താതെ മന്നേറുന്നു. സ്ത്രീപക്ഷ ചിന്താഗതിയിൽ ഒരു നായികാ പ്രാധാന്യമുള്ള സിനിമയെന്നും നമുക്ക് വിളിക്കാവുന്ന ഗോദ, അദിതി സിംഗ് എന്ന വാമികാ ഗബ്ബി ഒട്ടും കെട്ടയയാതെ തന്നെ പിടിച്ചു നിർത്തുന്നു, മുന്നോട്ടു നയിക്കുന്നു.

കണ്ണാടിക്കാവ് എന്ന ഗുസ്തിക്ക് പേരുകേട്ട ഗ്രാമത്തിലെ ക്യാപ്റ്റൻ എന്ന വിളിപ്പേരുമായി രൺജി പണിക്കർ കസറി. കാണികളെ അത്ഭുതപ്പെടുത്തും വിധം ശരീരപ്രദർശനവുമായി  'മാസ്' എൻട്രി നടത്തി ഒരു ബോളിവുഡ് ഇഫക്ടിൽ അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ആഞ്ജനേയ ദാസ് ആയി ടോവിനോ തനിക്ക് നർമ്മവും കൈയ്യിലൊതുങ്ങുമെന്ന് തെളിയിച്ചു. അജു വർഗ്ഗീസ്, ഹരീഷ് പെരുമണ്ണ, ശ്രീജിത് രവി, ധർമ്മജൻ, ബിജുക്കുട്ടൻ എന്നിങ്ങനെ ഒരു പട തന്നെയുണ്ട് തീയറ്ററിൽ രണ്ടര മണിക്കൂർ ചിരിപ്പടക്കം പൊട്ടിക്കാൻ.

 

ബേസിൽ ജോസഫിന്റെ തിരക്കഥ ചിത്രത്തിനെ അത്രകണ്ട് മുറുക്കിക്കെട്ടിയില്ലെങ്കിലും രസകരമായ ചരടിൽ കുറേ നർമ്മമുഹൂർത്തങ്ങളെ കോർത്തിരിക്കുന്നു. വിഷ്ണു ശർമ്മയുടെ ഛായാഗ്രഹണം പ്രശംസനീയം. പുതുമകൾ അവകാശപ്പെടാൻ ഇല്ലെങ്കിലും തന്റേതായ ശൈലിയിൽ ഷാൻ റഹ്മാന്റെ ഗാനങ്ങൾ ഇമ്പമുള്ളതും അവസരങ്ങൾക്കൊത്തുള്ളതുമാക്കി. ബേസിൽ ജോസഫിന് സംവിധാനത്തിൽ കുറച്ചു കൂടി സാധ്യത ഉണ്ട്. എന്നാൽ അത് ചിത്രത്തിൽ പൂർണ്ണമായി ഉപയോഗിക്കാത്തത് ചില്ലറ കല്ലുകടികൾ പോലെ കിടക്കുന്നുണ്ട്. എത്ര തന്നെ മറന്നാലും അരങ്ങ് ഒന്നായതു കൊണ്ടോ എന്തോ ദംഗലുമായി താരതമ്യം വന്നു പോകും. ആ താരതമ്യക്കണ്ണിലൂടെ നോക്കുമ്പോൾ ചിത്രത്തിന്റെ ക്ലൈമാക്സിൽ ചില സാദൃശ്യങ്ങൾ കാണാം. അതിനാൽ തന്നെ മാർക്ക് വീഴുമ്പോൾ 'ഗോദ' അത്രകണ്ട് ശോഭിച്ചോ എന്നു സംശയിച്ചേക്കാം കാണികൾ.

 

സിനിമ എന്ന കലാരൂപത്തിന് സമൂഹത്തിൽ ഒരു പാട് സ്വാധീനമുണ്ട്. ആയതിനാൽ കഥാതന്തു ഉദാത്തമാക്കേണ്ടത് ആവശ്യമാണ്‌. അങ്ങനെയല്ലെങ്കിൽ കുറഞ്ഞ പക്ഷം അധ:പതനത്തിന്റെ ഒരു സ്വാധീനം ചെലുത്താതിരിക്കുകയെങ്കിലും വേണം. ഗോദ ആ ഒരു വകുപ്പിൽ പെടുത്താം. ജീവിതത്തിൽ നിന്ന് ഈ ചിത്രത്തിനായി നീക്കിവയ്ക്കുന്ന സമയം നഷ്ടമല്ല. 'ദംഗൽ' എന്ന കണ്ണാടി അഴിച്ചു വച്ച് ഗോദ കാണൂ, ചിരിക്കൂ. ചിരി ആരോഗ്യത്തിനു വളരെ നല്ലതാണ്.

Tags: