ടിയാന്‍ ഒരു 'കാഴ്ച'

അര്‍ജ്ജുന്‍ പ്രസാദ്
Wed, 19-07-2017 06:41:16 PM ;

tiyaan movie

 

സമകാലിക സാമൂഹിക രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ, മുരളീ ഗോപിയുടെ തിരക്കഥ എന്നിവയായിരുന്നു ടിയാന്‍ കാണാനുള്ള പ്രചോദനം. പൂര്‍ണ്ണമായും കേരളത്തിനു പുറത്തു ചിത്രീകരിച്ച സിനിമ ഛായാഗ്രഹണത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും തിരക്കഥയിലെ പോരായ്മകളും സംവിധാനത്തിന്റെ വീഴ്ചകളും വളരെ പ്രകടമായിരുന്നു. ജിയന്‍ കൃഷ്ണന്‍ സംവിധായകനെന്ന നിലയില്‍ ഇനിയും മുന്നേറാനുണ്ടെന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. ഭാരതത്തില്‍ ഇന്നു നിലനില്‍ക്കുന്ന ആള്‍ദൈവ ഭക്തിയും അതിനു പിന്നിലെ ഭൂമാഫിയകളിലേക്കും മറ്റ് ബിസിനസ്സ് താല്‍പ്പര്യങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന പ്രമേയം വളരെ കാലിക പ്രസക്തിയുള്ളതാണ്. പട്ടാഭിരാമന്‍ ഗിരിയായി വേഷമിട്ട ഇന്ദ്രജിത് സുകുമാരനും ആസ്യന്‍ മുഹമ്മദായി വേഷമിട്ട പൃഥ്വിരാജ് സുകുമാരനും അവരുടെ റോളുകള്‍ ഭംഗിയാക്കി. എന്നാല്‍ തിരക്കഥയിലെ ബലഹീനത അവരുടെ കഥാപാത്രങ്ങളിലും നിഴലിച്ചു നിന്നു.
 
ആദ്യഭാഗങ്ങളില്‍ മികച്ച രീതിയില്‍ മുന്നേറിയ സിനിമ രണ്ടാം ഭാഗത്തില്‍ വീണുടയുകയായിരുന്നു. രമാകാന്ത് മഹാശയ് എന്ന കഥാപാത്രമായി വന്ന മുരളിഗോപി നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. ശങ്കര്‍ഘട്ട് എന്ന ഗ്രാമത്തില്‍ മഹാശയ് ആശ്രമം കെട്ടിപ്പൊക്കുമ്പോള്‍ ഉണ്ടാകുന്ന കുടിയൊഴിപ്പിക്കലുകളും അതിനെ തുടര്‍ന്ന് നൂറ്റാണ്ടുകളായി കൈവശം വച്ച് ആരാധിക്കുകയും നിത്യേന ഉപാസിക്കുകയും ചെയ്യുന്ന ആരാധാനമൂര്‍ത്തിയെ വിട്ടൊഴിയാതെ ചെറുത്തു നില്‍ക്കുന്ന പട്ടാഭിരാമനിലും കൂടിയാണ് കഥ പുരോഗമിക്കുന്നത്. മകളുടെ വിയോഗത്തില്‍ പട്ടാഭിരാമഗിരിക്കും ഭാര്യയ്ക്കും നേരിടേണ്ടി വന്ന ആക്രമണങ്ങളിലേക്ക് മുജ്ജന്മ ബന്ധം കൊണ്ട് ഒരു കൈത്താങ്ങായി ശക്തി പകരാന്‍ എത്തുന്ന കഥാപാത്രമാണ് ആസ്യന്‍ മുഹമ്മദ്. എന്നാല്‍ മതസ്പര്‍ധയും സ്‌നേഹവും ഉയര്‍ത്തിക്കാണിക്കാന്‍ പല ശ്രമങ്ങളുണ്ടായെങ്കിലും അവയൊക്കെ പരാജയപ്പെടുന്നതാണ് കാണാന്‍ കഴിഞ്ഞത്.

മുരളീ ഗോപി ശബ്ദം പകര്‍ന്ന ഗാനങ്ങള്‍ വേറിട്ട അനുഭവമായിരുന്നു. പത്മപ്രിയ, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ ചിത്രത്തില്‍ വന്നുപോയെങ്കിലും അധികമൊന്നും അവര്‍ക്ക് ചെയ്യുവാനുണ്ടായില്ല. ബാംഗ്ലൂര്‍ ഡേയ്‌സ്, സാള്‍ട്ട് മാംഗോ ട്രീ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പാരിസ് ലക്ഷ്മി എലന്‍ റിച്ചാര്‍ഡ് പാട്ടാഭിരാമന്‍ ഗിരിക്കു കീഴില്‍ വേദം അഭ്യസിക്കുന്ന വിദ്യാര്‍ഥിനിയായാണ് വന്നിട്ടുള്ളത്. ഇന്ദ്രജിത്തിന്റെ മകളായ നക്ഷത്ര ഇന്ദ്രജിത് സിനിമയില്‍ ഇന്ദ്രജിത്തിന്റെ മകളുടെ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചെന്ന പ്രത്യേകതയുമുണ്ട്. അന്‍വര്‍ പോലുള്ള അമല്‍ നീരദ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ഷോട്ടുകള്‍ ടിയാനിലുമുണ്ട്.

ഉത്തരേന്ത്യയുടെ ദൃശ്യചാരുതയക്കൊപ്പം ഗംഗാ ആരതിയും പര്‍വ്വത ഭംഗിയും മനോഹരമായി ഒപ്പിയെടുക്കുന്നതില്‍ ഛായാഗ്രഹകന്‍ സതീഷ് കുറുപ്പ് വിജയിച്ചിട്ടുണ്ട്. പ്രമേയം , അഭിനേതാക്കള്‍,ഛായാഗ്രഹണം എല്ലാം ശക്തം. പക്ഷേ തിരക്കഥയും സംവിധാനവും മൂലം ഒരു സിനിമ ദുര്‍ബലമായിപ്പോകുന്നതിനെ ഇനിയുള്ളവര്‍ക്ക് മുന്‍സൂചിപ്പിക്കാവുന്ന നിലയിലായി ടിയാന്‍.

Tags: