ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

Glint staff
Thu, 19-10-2017 05:36:59 PM ;
Delhi

Rahul Gandhi,Ahmed patel

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം രൂപീക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ജെ.ഡിയു നേതാവും എം.എല്‍.എയുമായ ചോട്ടുഭായി വാസവയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ തുടങ്ങി വച്ചിട്ടുണ്ട്.ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ കൂടി ബി.ജെ.പിക്കെതിരായ വിശാല സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

 

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വാസവയുടെ നിര്‍ണായക വോട്ടിലാണ് അഹമ്മദ് പട്ടേല്‍ ഇത്തവണ രാജ്യസഭയിലേക്ക് വിജയിക്കുന്നത്.
തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ വാസവ അഹമ്മദ് പട്ടേലുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഗുജറാത്തിന്റെ ചുമതലയുള്ള അശോക് ഗെലോട്ട്, സംസ്ഥാന പി.സി.സി അധ്യക്ഷന്‍ ഭരത് സോളങ്കി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വാസവയുമായുള്ള സഖ്യം ഉറപ്പാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

 

എന്നാല്‍ ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരെ സഘ്യത്തില്‍ എത്തിക്കാന്‍ കഴിയുമോ എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ബി.ജെ.പി വിരുദ്ധ സഖ്യത്തിനു തന്നെയായിരിക്കും ജിഗ്‌നേഷ് മേവാനിയുടേയും ലക്ഷ്യമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

എന്തായാലും നംവബര്‍മസമാദ്യം ഗുജറാത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ വിശാലസഖ്യം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.

 

 

 

Tags: