ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിന് 'ദ വയറിന് വിലക്ക് '

Glint staff
Tue, 17-10-2017 03:31:12 PM ;
Ahmedabad

 jai shah

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്  ഷായ്‌ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയറി'ന് വിലക്ക്. അഹമ്മദബാദ് സിവില്‍ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

 

കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ  ജയ് ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാര്‍ത്തയുടെ പേരില്‍ തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ, ഡിബേറ്റോ ഒരു ഭാഷയിലും സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

 

ജയ് ഷാ ഡയറക്ടറായ ടെമ്പിള്‍ എന്റര്‍പ്രൈസ്സസ് എന്ന കമ്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷം കൊണ്ട് 16,000 മടങ്ങ് വര്‍ധിച്ചുവെന്ന് പറഞ്ഞ് ദ വയര്‍ വാര്‍ത്ത നല്‍കിയിരുന്നു.ആരോപണത്തെ തുടര്‍ന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച 'ദ വയറി'നെതിരെ നൂറ് കോടി രൂപയാവശ്യപ്പെട്ട് ജയ് ഷാ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.കേസ് ദിപാവലി അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിവെച്ചു.

 

എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് കോടതി ഉത്തരവിറക്കിയതെന്നും വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ മേല്‍കോടതിയെ സമീപിക്കുമെന്നും ദ വയര്‍ അധികൃതര്‍ പറഞ്ഞു. യാഥാര്‍ത്ഥ്യമല്ലാത്ത ഒരു വാര്‍ത്തയും ദ വയര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത്തരം നടപടികളിലൂടെയൊന്നും യാഥാര്‍ത്ഥ്യം വളച്ചൊടിക്കാനാവില്ലെന്നും വയര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

 

 

Tags: