സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

Glint staff
Thu, 26-10-2017 06:32:47 PM ;
Delhi

Sunanda Pushkar, sasi tharoor

ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം അന്വേഷിക്കുന്നതിന് പ്രത്യക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജി രാഷ്ട്രീയ താല്‍പര്യമാണെന്ന രൂക്ഷ വിമര്‍ശനത്തോടെയാണ് ഹൈക്കോടതി തള്ളിയത്.

 

സ്വാമി ഫയല്‍ ചെയ്തത് രാഷ്ട്രീയ താല്‍പര്യമുള്ള ഹര്‍ജിയാണെന്നും ഇതിനെ പൊതുതാല്‍പര്യ  ഹര്‍ജിയുടെ രൂപത്തില്‍ കാണാനാവില്ലെന്നും കോടതി പറഞ്ഞു. നിയമവ്യവഹാരങ്ങള്‍ രാഷ്ട്രീയക്കാരുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിനല്ലെന്ന് വ്യക്തമാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യരുതെന്നല്ല, എന്നാല്‍ അത് മറ്റൊരു രാഷ്ട്രീയക്കാരനു നേരേയാകുമ്പോള്‍ അതില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

 

സുനന്ദ പുഷ്‌കര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം, സംഘത്തിന്റെ പ്രവര്‍ത്തനം കോടതിയുടെ നിരീക്ഷണത്തിലാകണം,  അന്വേഷണ സംഘത്തിനു സി.ബി.ഐ നേതൃത്വം നല്‍കണം എന്നിവയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യങ്ങള്‍.

 

Tags: