ഓഖി: കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തി, 14 പേര്‍ മലയാളികള്‍

Glint staff
Tue, 05-12-2017 05:49:45 PM ;
Delhi

 ochki cyclone

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ 72 പേരെ കൂടി രക്ഷപ്പെടുത്തിയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഇതില്‍ പതിനാല് പേര്‍ മലയാളികളും ശേഷിക്കുന്നര്‍ തമിഴ്‌നാട് ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ആറ് ബോട്ടുകളില്‍ നിന്നുമാണ് ഇവരെ രക്ഷിച്ചത്.അതിനിടെ കേരളത്തില്‍ ഇന്ന് ഒരാള്‍ കൂടി മരിച്ചു.പുല്ലുവിള സ്വദേശി രതീഷാണ് മരിച്ചത്. ഇതോടെ ചുഴലിക്കാറ്റില്‍ പെട്ട് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി.

 

ഇന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ബിത്ര ദ്വീപില്‍ എത്തിച്ചു. ഇവരെ നാവികസേനയുടെ കപ്പലില്‍ നാട്ടിലെത്തിക്കും. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപമാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. 1540 പേരെയാണ് കേന്ദ്ര സേനകള്‍ ഇതുവരെ രക്ഷിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം അറിയിച്ചു. കേരളത്തില്‍ 250, തമിഴ്‌നാട്ടില്‍ 243, ലക്ഷദ്വീപില്‍ 1047 പേരെ വീതമാണ് നാവിക, വ്യോമ, തീരസംരക്ഷണ സേനകള്‍ രക്ഷിച്ചെടുത്തത്.

 

കോസ്റ്റ്ഗാര്‍ഡിന്റെ 10 കപ്പലുകള്‍, മൂന്ന് എയര്‍ക്രാഫ്റ്റുകള്‍, ഒരു ഹെലികോപ്റ്റര്‍, നാവികസേനയുടെ പത്ത് കപ്പലുകള്‍, രണ്ട് വിമാനങ്ങള്‍, രണ്ട് ഹെലികോപ്റ്ററുകള്‍, വ്യോമസേനയുടെ ഒരു വിമാനം, മൂന്ന് ഹെലികോപ്റ്ററുകള്‍ എന്നിവ രക്ഷാദൗത്യത്തിനായി രംഗത്തുണ്ട്. ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്കായി കേരള സര്‍ക്കാര്‍ നഷ്ടപരിഹാര പാക്കേജ് തയാറാക്കുകയാണ്. ഇത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.

 

 

Tags: