2ജി സ്‌പെക്ട്രം കേസ്: രാജയും കനിമൊഴിയും ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

Glint staff
Thu, 21-12-2017 11:30:14 AM ;
Delhi

2g spectrum,  A Raja, Kanimozhi

2ജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ഡി.എം.കെ നേതാക്കളായ എ രാജയും, കനിമൊഴിയും ഉള്‍പ്പെട്ട കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ആകെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

 

ഒറ്റവരി വിധി പ്രസ്താവമാണ് കോടതി നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് അന്വേഷിച്ച ഒരു കേസിലും സി.ബി.ഐ അന്വേഷിച്ച രണ്ടു കേസിലുമാണ് സി.ബി.ഐ പ്രത്യേക കോടതി വിധി പറഞ്ഞത്. വിധിപ്രഖ്യാപനം തയാറാക്കുന്നത് പൂര്‍ണമായിട്ടില്ലെന്നും മൂന്നാഴ്ച കൂടി ഇതിന് ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധിപ്രഖ്യാപന തീയതി അറിയിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റിയത്. തുടര്‍ന്ന് കേസ് പരിഗണിച്ചപ്പോഴാണ് കേസിലെ വിധി ഈ മാസം 21 ന് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.

 

ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടായ അഴിമതിക്കേസായിരുന്നു 2ജി സ്‌പെക്ട്രം.2007-08 കാലയളവില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക്  സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010 ല്‍ സി എ ജി വിനോദ് റായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ ടെലികോം വകുപ്പ് മന്ത്രിയായിരുന്ന രാജ അറസ്റ്റിലാവുകയും ചെയ്തു. സി ബി ഐ അന്വേഷണത്തില്‍ സര്‍ക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ്  കണ്ടെത്തിയിരുന്നത്.

 

 

Tags: