കുതിരയെ വാങ്ങിയതിന് ദലിത് യുവാവിനെ കൊലപ്പെടുത്തി

Glint staff
Sat, 31-03-2018 06:44:02 PM ;
Ahmedabad

pradeep-horse

ഗുജറാത്തിലെ ഭവ്‌നഗറില്‍ കുതിരയെ വാങ്ങിയതിന്റേയും കുതിരപ്പുറത്ത് കയറിയതിന്റെയും പേരില്‍ ദലിത് യുവാവിനെ വെട്ടിക്കൊന്നു.തിംബി ഗ്രാമത്തിലെ പ്രദീപ് റാത്തോഡ് (21) എന്ന യുവാവിനെയാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്ന പ്രദീപിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു.

 

എട്ട് മാസം മുമ്പാണ് പ്രതീപ് കുതിരയെ വാങ്ങിയത്, അന്നു മുതല്‍ സവര്‍ണജാതിക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി പിതാവ് കാലുഭായ് റാത്തോഡ്  ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞയാഴ്ച കുതിരയുടെ പേരില്‍ സവര്‍ണര്‍ തന്നെയും മകനേയും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കാലു പറയുന്നു. ദലിതര്‍ കുതിരപ്പുറത്ത് പോകാന്‍ പാടില്ലെന്നും കുതിരയെ വിറ്റില്ലെങ്കില്‍ പ്രദീപിനെ കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി.

 

സംഭവത്തിന് താട്ടുമുന്‍പ് പ്രദീപ് കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

 

 

Tags: