റഫാല്‍ യുദ്ധവിമാനക്കരാറില്‍ ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധലത്തിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണ് ശുപാര്‍ശ ചെയ്തതെന്നു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന് അക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ വേറെ നിവൃത്തിയില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ റിപ്പോര്‍ട്ട് നിഷേധിച്ച ഇന്ത്യ, റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ചു. ഒലോന്ദാണോ ഇതു പറഞ്ഞതെന്നു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു.2015 ഏപ്രില്‍ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒലോന്ദുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.
കുറച്ച് ദിവസങ്ങളായി റഫാല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ച് വരുന്നത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയുള്ള ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം.
ബി.ജെ.പിയാകട്ടെ പ്രതിരോധം തീര്‍ക്കുവാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി തിരക്കിട്ട കൂടിയാലോചനകള്‍ ഡല്‍ഹിയില്‍ നടക്കുകയാണ്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരമാന്റെ ഫ്രാന്‍സ് സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.