ബൂലന്ദ്ഷഹര്‍ കലാപത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് യു.പി പോലീസ് മേധാവി

Glint Staff
Wed, 05-12-2018 06:59:53 PM ;
Lucknow

Bulandshahr_Violence

ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായി ഉത്തര്‍പ്രദേശ് പോലീസ് മേധാവി. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു പോലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ സിങ്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലറുണ്ടാകുകയും അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 

'ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു? എന്തിന് ഏത് സാഹചര്യത്തില്‍?' പശുവിന്റെ ജഢത്തിന്റെ പഴക്കം എത്രയെന്ന് ഉടന്‍ നിര്‍ണയിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.

 

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ് ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.പ്രതിഷേധത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ബജ്‌റങ്ദള്‍ നേതാവായ യോഗേഷ് രാജ്, മഹാവില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉള്‍പ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും. പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘര്‍ഷം വന്‍ വര്‍ഗ്ഗീയ കലാപമായി മാറാതിരുന്നത് പോലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ്.

 

 

Tags: