താത്കാലിക സി.ബി.ഐ ഡയറക്ടറായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു

Glint Staff
Fri, 11-01-2019 01:13:55 PM ;
Delhi

 Nageshwar Rao

സി.ബി.ഐയുടെ താത്കാലിക മേധാവിയായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റു. ആലോക് വര്‍മയെ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ മാറ്റിയതിന് പിന്നാലെയാണ് താത്കാലിക ഡയറക്ടറായി റാവു ചുമതലയേറ്റത്. ഡയറക്ടര്‍ സ്ഥാനത്ത്പുതിയ ആള്‍ നിയമിതനാകുന്നിടം വരെ റാവു തുടരും.

 

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോക് വര്‍മയെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍. ആലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തിരുന്നു.

 

പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനെ പിന്നാലെയാണ് ആലോക് വര്‍മയെയും സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും അര്‍ദ്ധരാത്രി നീക്കത്തിലൂടെ പദവികളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. എന്നാല്‍ ഈ സര്‍ക്കാര്‍ നടപടിക്കെതിരെ ആലോക് വര്‍മ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ആലോകിന്റെ ഹര്‍ജി ശരിവച്ച കോടതി, അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.ഒരാഴ്ചയ്ക്കുള്ളില്‍ സെലക്ഷന്‍ കമ്മറ്റി ചേര്‍ന്ന് വര്‍മയുടെ നിയമനക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

 

Tags: