പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രി

Glint Staff
Tue, 19-03-2019 01:42:28 PM ;
Panaji

 Pramod_Sawant

മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി നിലവിലെ സ്പീക്കര്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. സഖ്യകക്ഷികളുടെ വിലപേശലിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. അവസാനം സഖ്യകക്ഷികളായ എം.ജി.പിയുടെ സുദിന്‍ ധവാലികര്‍, ജി.പി.എഫിന്റെ വിജയ് സര്‍ദേശായ് എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയാണ് ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തിയത്

 

ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ബി.ജെ.പി പെട്ടെന്ന് തന്നെ പുതിയ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. 40 അംഗ നിയമസഭയില്‍ പരീക്കറുടേത് ഉള്‍പ്പെടെ 4 ഒഴിവുകള്‍ കഴിഞ്ഞാല്‍ 36 അംഗങ്ങളാണളുള്ളത്. അതില്‍ കോണ്‍ഗ്രസിന് 14 എം.എല്‍.എമാരാണ് ഉള്ളത്. ബി.ജെ.പിക്ക് 12 ഉം. ചെറുപാര്‍ട്ടികളായ എം.ജി.പിക്കും ജി.പി.എഫിനും മൂന്ന് വീതം എം.എല്‍.എമാരുണ്ട്. ഇവരെ കൂട്ടുപിടിച്ചാണ് ഗോവയില്‍ ബി.ജെ.പി ഭരണം പിടിച്ചത്.

 

Tags: