മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം:കോണ്‍ഗ്രസ്, എന്‍സിപി ,ശിവസേന പാര്‍ട്ടികള്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറി

Glint Desk
Sat, 16-11-2019 05:45:15 PM ;

sonia gandhi-shivasena-ncp

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ ഇന്ന് മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് ഗവര്‍ണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ച അവസാന നിമിഷം റദ്ദാക്കി. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന പാര്‍ട്ടി പ്രതിനിധികളാണ് ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച തീരുമാനിച്ചിരിന്നത്.വൈകീട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണുമെന്നായിരുന്നു പ്രഖ്യാപനം.
                      കര്‍ഷക പ്രശ്‌നങ്ങളില്‍ ഗവര്‍ണറുടെ ശ്രദ്ധ ക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.എന്നാല്‍ നേരത്തെ ഇതേ ആവശ്യത്തില്‍ ഗവര്‍ണറെ കണ്ട പാര്‍ട്ടികള്‍ ഇപ്പോള്‍ പോവുന്നത് സഖ്യസാധ്യത അറിയിക്കാനും സാവകാശം തേടാനുമാണെന്നായിരുന്നു വാര്‍ത്തകള്‍. ഇതേ സമയം പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നല്‍കാന്‍ സോണിയാ ഗാന്ധിയും പവാറും നാളെ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തുണ്ട്. 

ഇന്നലെ സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണത്തില്‍ തുടരില്ലെന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍  പ്രതികരിച്ചു. മുഖ്യമന്ത്രിസ്ഥാനത്തിന്റെ പേരില്‍ എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്ന ശിവസേനയുടെ അന്തസ് സംരക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ മുഖ്യമന്ത്രി അവരുടേതായിരിക്കുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് നവാബ് മാലിക്കും പറഞ്ഞിരുന്നു.

 

Tags: