പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

Glint Desk
Wed, 22-01-2020 10:22:08 AM ;

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 133 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയധികം ഹര്‍ജികള്‍ വരുന്നത്. 
എന്നാല്‍ കേരള സര്‍ക്കാര്‍ നല്‍കിയത് സ്യൂട്ട് ഹര്‍ജി ആയതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാണ് സാധ്യത.

പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുസ്ലീം ലീഗാണ് ആദ്യം ഹര്‍ജി നല്‍കിയത്. കപില്‍ സിബലാണ് ലീഗിന് വേണ്ടി കോടതിയില്‍ ഹാജരാവുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയിലെത്തും. 

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

 

Tags: