ഡല്‍ഹി കലാപം ബി.ജെ.പി.യുടെ അജണ്ടയോ അതോ പ്രതിപക്ഷത്തിന്റെ നിസ്സംഗതയുടെ ഫലമോ?

Glint desk
Wed, 26-02-2020 05:45:15 PM ;

ഡല്‍ഹിയില്‍ ഇതുവരെ നടന്നതെല്ലാം ബി.ജെ.പിയുടെ അജണ്ട പ്രകാരമാണ്. കോടതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയങ്ങോട്ടും അതു തന്നെയാണ് സംഭവിക്കുക. ഒരു കലാപമുണ്ടായാല്‍ അതില്‍ നിന്ന് എങ്ങനെ നേട്ടം കൊയ്യാമെന്ന് അമിത്ഷായ്ക്കും മോദിക്കും നന്നായി അറിയാം. ഷഹീന്‍ബാഗില്‍ പ്രക്ഷോഭം കനത്തപ്പോള്‍ അതിനെ കാര്യമായി അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മുതിരാതിരുന്നത് സംഭവം കൊഴുക്കട്ടെ എന്ന് കരുതിയാണ്. അതു തന്നെ സംഭവിച്ചു. ഷഹീന്‍ ബാഗിനേക്കാള്‍ ശക്തമായ പ്രക്ഷോഭം ജാഫറാബാദില്‍ അരങ്ങേറി. സ്ത്രീകളാണ് പ്രക്ഷോഭത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഇത് നടക്കുന്നത് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകല്‍ മുമ്പ്. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ഇത്തരത്തില്‍ ഒരു പ്രക്ഷോഭം നടന്നത് ആസൂത്രിതമാണെന്ന് ബി.ജെ.പി പറയുന്നു. അതിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളുടെ കൈകളുണ്ടെന്നും അവര്‍ ആരോപിക്കുന്നു. പ്രഥമദൃഷ്ട്യാ ജാഫറാബാദില്‍ നടന്നത് ആസൂത്രിത പ്രക്ഷോഭം തന്നയാണ്. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യ തലസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയാല്‍ അതിന് അന്താരാഷ്ട്ര ശ്രദ്ധലഭിക്കുമെന്ന് സമരക്കാര്‍ കരുതിയിട്ടുണ്ടാകാം. അത് സ്വാഭാവികം തന്നെയാണ്. രാജ്യ തലസ്ഥാനത്ത് ഇത്തരത്തില്‍ ഒരു പ്രക്ഷോഭം അരങ്ങേറുമെന്ന് മുന്‍കൂട്ടി അറിയാന്‍ കേന്ദ്ര സര്‍ക്കാരിന് വലിയ പാടൊന്നുമില്ല. കേന്ദ്രം തന്നെ പോലീസിനെ ഭരിക്കുന്ന സംസ്ഥാനമാണ് ഡല്‍ഹിയെന്ന് കൂടി ഓര്‍ക്കണം. എന്നിട്ടും എന്തേ അത് തടയാന്‍ മുന്‍കരുതല്‍ എടുത്തില്ല? അതിനുത്തരം ഇതാണ് ബി.ജെ.പി കാത്തിരുന്നതും ഇതിന് വേണ്ടി തന്നെയാണ്. പോലീസിന്റെ മൗനാനുവാദത്തോടെയാണ് മിക്ക അക്രമങ്ങളും ഡല്‍ഹിയില്‍ അരങ്ങേറിയത്.

 

ബി.ജെ.പി നേതാവ് കപില്‍ മിശ്ര പറഞ്ഞത് ഇങ്ങനെയാണ്. ജാഫറബാദില്‍ നിന്നും ചാന്ദ്ബാഗില്‍ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാന്‍ പോലീസിന് മൂന്ന് ദിവസം തരാം. ട്രംപ് പോകുന്നത് വരെ കാക്കും. അത് കഴിഞ്ഞാല്‍ ഞങ്ങള്‍ ഇറങ്ങും. ഇതില്‍ നിന്ന് വ്യക്തമാണ് ബി.ജെ.പി എല്ലാം മുന്‍കൂട്ടി കണ്ടിരുന്നു എന്ന്. അവരുടെ തിരക്കഥയ്ക്കനുസരിച്ചാണ് ഇപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മാനം മാറിയിരിക്കുന്നു. ഹിന്ദു മുസ്ലീം അല്ലെങ്കില്‍ മുസ്ലീം കേന്ദ്രസര്‍ക്കാര്‍ പോരാട്ടമായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഒന്നാലോചിച്ച് നോക്കുക പ്രതിപക്ഷത്തുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയാണ് ഈ സമരം നടത്തുന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി. ഇത്തരത്തില്‍ ചേരി തിരിഞ്ഞ് അക്രമം നടക്കുമോ. ഒരിക്കലുമില്ല. അതൊരു രാഷ്ട്രീയ സമരമായിരുന്നേനെ. ഇതിന്റെ പ്രധാന ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ്സാണ്. സംഭവത്തില്‍ ശക്തമായ ഒരു പ്രസ്ഥാവന പോലും ഇറക്കാന്‍ ഇതുവരെ അവര്‍ക്കായിട്ടില്ല. അക്കാര്യത്തില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഒട്ടും പിന്നിലല്ല. എല്ലാവരും സ്വന്തം ലാഭത്തിന് വേണ്ടി നിലകൊള്ളുന്നു. ആരും ഒന്നിക്കാന്‍ തയ്യാറല്ല.  ഇതാണ് ബി.ജെ.പിക്ക് ആയുധവും അവസരവും നല്‍കുന്നത്.

മതത്തിന്റെ പേരില്‍ മനുഷ്യ ജീവിതങ്ങളാണ് തെരുവില്‍ പൊലിയുന്നത്. ഹിന്ദുവായാലും മുസ്ലീമായാലും ജീവന് ഒരൊറ്റ വിലയേ ഒള്ളൂ. അത് ആരും മനസ്സിലാക്കുന്നില്ല. കലാപം വൈകാതെ ഒടുങ്ങുമായിരിക്കാം. പക്ഷേ അതിന്റെ അവശേഷിപ്പുകള്‍ നീണ്ടുനില്‍ക്കും. തലമുറകളോളം.

Tags: