ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ

Glint Desk
Tue, 03-03-2020 11:00:10 AM ;

ഡല്‍ഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാാണിച്ച് കപില്‍ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. കപില്‍ മിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗമാണ് ഡല്‍ഹിയില്‍ കലാപത്തിന് കാരണമായതെന്നും അതിനാല്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. കേസെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

കപില്‍ മിശ്രയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അറസ്റ്റ് ചെയ്യുന്നതിന് പകരം ബി.ജെ.പി സര്‍ക്കാര്‍ മിശ്രയുടെ സുരക്ഷ കൂട്ടിയിരിക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. 

കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ കലാപം നടന്നത്. സി.എ.എയ്‌ക്കെതിരെ ഷഹീന്‍ബാഗ് അടക്കമുള്ള സ്ഥലങ്ങളിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്നായിരുന്നു പൗരത്വ പ്രതിഷേധ സമരങ്ങള്‍ക്കെതിരെ നടത്തിയ റാലിയില്‍ മിശ്രയുടെ ഭീഷണി. ഇതിന് ശേഷം മണിക്കൂറുകള്‍ക്കകം മൗജ്പൂരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സംഘര്‍ഷമുണ്ടായി. 

കപില്‍ മിശ്രയ്‌ക്കൊപ്പം ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 

Tags: