കുറച്ച് നാളുകളായി രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് തമിഴകം. എന്നാല്‍ ആ പ്രഖ്യാപനം ഇനിയും നീളുമെന്നുറപ്പായി. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ രജനി പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ പാര്‍ട്ടി പ്രഖ്യാപനം മുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപിച്ചില്ലെങ്കിലും തന്റെ ഭാവി പരിപാടിയെ പറ്റിയുള്ള വ്യക്തമായ സൂചന രജനി നല്കി.
തനിക്ക് മുഖ്യമന്ത്രിയാകാന്‍ താല്പര്യമില്ലെന്നും പാര്‍ട്ടി അധ്യക്ഷനാകാനാണ് താല്പര്യമെന്നും രജനി വ്യക്തമാക്കി. തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നത്. പുതിയൊരു മാറ്റം അനിവാര്യമാണ്. അതിന് യുവാക്കളെ രംഗത്തിറക്കും. യോഗ്യനായ ഒരു ചെറുപ്പക്കാരാനാകണം തമിഴ്നാട് മുഖ്യമന്ത്രിയെന്നും രജനി പറഞ്ഞു.
തമിഴ് പുതുവര്‍ഷ ദിനമായ ഏപ്രില്‍ 14ന് പാര്‍ട്ടി പ്രഖ്യാപനവും സെപ്തംബറില്‍ ആദ്യ പൊതുയോഗവും ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ആദ്യ പൊതുയോഗം തിരുച്ചിറപ്പള്ളിയിലോ മധുരയിലോ നടക്കാനാണ് സാധ്യത.