സി.എ.എ പ്രതിഷേധക്കാരുടെ പരസ്യബോര്‍ഡുകള്‍ വച്ച യു.പി. സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

Glint Desk
Thu, 12-03-2020 02:26:51 PM ;

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബോര്‍ഡുകള്‍ നീക്കണമെന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ചിത്രങ്ങള്‍ തൂക്കാന്‍ സര്‍ക്കാരിന് എന്താണ് അധികാരമെന്നും നടപടിക്ക് നിയമത്തിന്റെ പിന്തുണ ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. 

ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ആളുകളുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ബോര്‍ഡുകള്‍ നീക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ മാസം 5നാണ് ഉത്തര്‍പ്രദേശ് പോലീസ് ലഖ്‌നൗവിലെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബര്‍ 19ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും പിന്നാട് ജാമ്യത്തിലിറങ്ങുകയും ചെയ്തവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ലഖ്‌നൗവില്‍ പലയിടത്തും പ്രദര്‍ശിപ്പിച്ചിരുന്നത്.  

Tags: