പ്രവാസികളോട് എവിടെയാണോ അവിടെ തന്നെ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം

Glint desk
Mon, 13-04-2020 05:19:44 PM ;

വിദേശത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോള്‍ തിരിച്ചെത്തിക്കില്ല. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഈ അവസ്ഥയില്‍ മടക്കിക്കൊണ്ടുവരാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കമെന്ന് കോടതി പറഞ്ഞു. എം.കെ രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രത്തിനോട് നാലാഴ്ചയ്ക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മല്‍സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു. 6000ത്തോളം മല്‍സ്യത്തൊഴിലാളികളാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. 

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ 50,000ത്തോളം വിദ്യാര്‍ത്ഥികളുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും നിലവില്‍ അവിടെ തന്നെ തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. 

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോവാനുള്ള നടപടികള്‍ മാതൃരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദേശം യു.എ.ഇ മുന്നോട്ടുവച്ചിരുന്നു. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ വ്യക്തമാക്കിയിരുന്നു. 

Tags: